ADVERTISEMENT

കോവിഡ് 19 എന്ന മഹാമാരി ലോകത്തിന്റെ ഓരോ മുക്കിലും മൂലയിലും എത്തിക്കഴിഞ്ഞു. അമേരിക്കയിൽ ആകട്ടെ രോഗ ബാധിതരുടെ എണ്ണം നാൾക്കുനാൾ പതിന്മടങ്ങായി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ പ്രതിസന്ധിഘട്ടത്തിൽ ഡെൻവർ നഗരത്തിലെ ഒരു പറ്റം മെഡിക്കൽ സംഘത്തിന് ആശ്വാസമായി ഒരു കൂട്ടുകാരൻ ഉണ്ട്. വിൻ എന്ന നായ.

ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയാണ് വിൻ. ഡെൻവറിലെ റോസ് മെഡിക്കൽ സെന്റർ എന്ന ആശുപത്രിയുടെ അടിയന്തര വിഭാഗത്തിലുള്ള മെഡിക്കൽ സംഘത്തിന് വേണ്ടിയാണ് ഈ ഒരു വയസ്സുകാരൻ നായ പ്രവർത്തിക്കുന്നത്. നിരന്തരമുള്ള പ്രയാസകരമായ ജോലികൾക്കിടെ ചെറിയ ഇടവേളകൾ എടുക്കാൻ എത്തുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും തന്റെ സാമീപ്യം കൊണ്ട് ആശ്വാസം പകരുകയാണ് വിന്നിന്റെ ജോലി. അൽപ്പം സംഗീതത്തിന്റെ കൂടി അകമ്പടിയോടെ വിൻ സ്നേഹം പ്രകടിപ്പിക്കുമ്പോൾ അത് കോവിഡ് രോഗികളെ ചികിത്സിക്കുന്ന മെഡിക്കൽ സംഘത്തിന്റെ മാനസിക പിരിമുറുക്കത്തിന് ഏറെ ആശ്വാസം നൽകുന്നു.

ജോലിക്കിടയിൽ എത്തുന്ന ഡോക്ടർമാർക്ക് സമീപം ഇരുന്ന് അവർക്ക് ആശ്വാസം പകരുന്നതിന് പ്രത്യേക പരിശീലനം ആണ് വിന്നിന് നൽകിയിട്ടുള്ളത്. അതേ ആശുപത്രിയിലെ ഡോക്ടറായ സൂസൻ റയാനാണ് വിന്നിന്റെ പരിശീലക. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽ ദീർഘനേരം ജോലി ചെയ്യേണ്ടി വരുന്ന മെഡിക്കൽ സംഘങ്ങൾക്ക് വിരസത ഒഴിവാക്കി പോസിറ്റീവ് എനർജി നൽകാൻ നായയുടെ സാന്നിധ്യത്തിന് സാധിക്കുന്നുണ്ട് എന്നാണ് ഡോക്ടർ സൂസന്റെ അഭിപ്രായം.

എന്നാൽ വിന്നിന് ഒപ്പം സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും പ്രത്യേക നിർദേശങ്ങളും നൽകിയിട്ടുണ്ട്. അണുബാധയോ രോഗം പകരാനുള്ള സാധ്യതയോ ഒഴിവാക്കുന്നതിനു വേണ്ടി കൈകൾ പൂർണമായി ശുചിയാക്കിയ ശേഷം മാത്രമേ നായയുടെ സമീപത്തേക്ക് പോകാൻ അനുവാദമുള്ളൂ. കുട്ടികളും മുതിർന്നവരും അടക്കമുള്ള വികലാംഗരായ വ്യക്തികൾക്കു സഹായിയായി പ്രവർത്തിക്കാൻ നായകൾക്ക് പരിശീലനം നൽകുന്ന കനൈൻ കമ്പാനിയൻസ് ഫോർ ഇൻഡിപെൻഡൻസ് എന്ന സംഘടനയിൽ നിന്നും പരിശീലനം നേടി വരുന്നതിനിടെയാണ് ആശുപത്രിയിലേക്ക് മെഡിക്കൽ സംഘത്തിന് സഹായത്തിനായി സേവനം ചെയ്യാൻ വിന്നിനെനെ തിരഞ്ഞെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com