sections
MORE

പൂച്ചയ്ക്ക് കോവിഡ്-19 പകര്‍ന്നെന്ന് ബെല്‍ജിയം; നിങ്ങളുടെ ഓമന മൃഗങ്ങളെ പേടിക്കണോ?

cat-covid2
Representative Image
SHARE

മൃഗങ്ങൾക്കും കോവിഡ് പകർന്നു തുടങ്ങിയോ? ഇത് മനുഷ്യരിൽ നിന്നാണോ? മൃഗങ്ങള്‍ക്ക് ഹാനികരമായ കൊറോണാവൈറസുകള്‍ മനുഷ്യരിലേക്ക് പകരുമോ? എന്നൊക്കെയുള്ള ആശങ്കയിലാണ് ലോകം. എന്നാൽ മൃഗങ്ങൾക്കും കോവിഡ് പകർന്നിരിക്കുന്നുവെന്നാണ് റിപ്പോർട്ട്.

കേസ് 1: ബെല്‍ജിയത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, ഒരു പൂച്ചയ്ക്ക് അതിന്റെ ഉടമയില്‍നിന്ന് കൊവിഡ്-19 പകര്‍ന്നു കിട്ടിയെന്നു പറയുന്നു. പുച്ചയ്ക്ക് വയറിളക്കവും ശ്വാസതടസവും നേരിടുകയായിരുന്നു. തുടര്‍ന്ന് പരിശോധനയിൽ ഗവേഷകര്‍ അതിന്റെ വിസര്‍ജ്യത്തിൽ കൊറോണാ വൈറസ് കണ്ടെത്തി. എന്തായാലും, പിന്നീട് പൂച്ചയും അതിന്റെ ഉടമയും രോഗമുക്തരാകുകയാണ് എന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍, ഇതില്‍ ഭയക്കേണ്ട കാര്യമേയില്ല എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അതിന് പല കാരണങ്ങള്‍ ഉണ്ട്.

കേസ് 2: കോവിഡ് ബാധിതര്‍ക്കൊപ്പം കഴിഞ്ഞിരുന്ന 17 പട്ടികളെയും, 8 പൂച്ചകളെയും ടെസ്റ്റു ചെയ്തതില്‍ 2 പട്ടികള്‍ക്ക് കോവിഡ്-19 പകര്‍ന്നു കിട്ടിയതായും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍, ഈ പട്ടികള്‍ക്ക് രോഗത്തിന്റെ യാതൊരു ലക്ഷണവുമില്ലായിരുന്നുവെന്ന് പിന്നീടു നടത്തിയ വിശദമായ ടെസ്റ്റുകളില്‍ തെളിയുകയായിരുന്നു.

വളര്‍ത്തു മൃഗങ്ങള്‍ ഭീഷണിയാകുമോ?

കൊറോണാവൈറസുകള്‍ ഒരു പ്രത്യേക കുടുംബത്തില്‍ പെട്ടവയാണ്. ഇവയ്ക്ക് മനുഷ്യരെക്കൂടാതെ മറ്റു സസ്തിനികളായ കന്നുകാലികള്‍, പൂച്ചകള്‍, പന്നികള്‍, പട്ടികള്‍, ഒട്ടകങ്ങള്‍, ചില പക്ഷികള്‍ തുടങ്ങിയവയെയും ബാധിക്കാനുള്ള കഴിവുണ്ട്. എന്നാല്‍, മൃഗങ്ങള്‍ക്ക് ഹാനികരമായ കൊറോണാവൈറസുകള്‍ മനുഷ്യരെ ബാധിക്കാനുള്ള സാധ്യത വളരെ വിരളമാണ് എന്ന് ശാസ്ത്രജ്ഞര്‍ അടിവരയിട്ടു പറയുന്നു. 

കോവിഡ്-19 പകര്‍ന്നത് മൃഗത്തില്‍ നിന്നല്ലെ?

അതെ. നേരത്തെ വന്ന മറ്റു കൊറോണാവൈറസ് രോഗങ്ങളായ സാര്‍സ്, മേര്‍സ് തുടങ്ങിയ രോഗങ്ങളെപ്പോലെ തന്നെ, കോവിഡ്-19തും സൂനോട്ടിക്ക് (zoonotic) ആണ്. എന്നു പറഞ്ഞാല്‍, മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കു പകര്‍ന്നുകിട്ടിയതാണ്. എന്നാല്‍, കൃത്യമായി ഏതു മൃഗമാണ് ഇതു പകര്‍ന്നുതന്നതെന്ന് അറിയില്ല.

ചില കൊറോണാവൈറസുകള്‍ പട്ടികളെയും പൂച്ചകളെയും ബാധിക്കും. എന്നാല്‍, ഇവ മനുഷ്യരെ ബാധിക്കുകയില്ല. അമേരിക്കയുടെ സെന്റേഴ്‌സ് ഫോര്‍ ഡിസിസ് കണ്ട്രോള്‍ (സിഡിസി) പറയുന്നത്, ഇതുവരെ മനുഷ്യരോട് സഹവാസം നടത്തുന്ന മൃഗങ്ങളോ, ഓമന മൃഗങ്ങളോ കോവിഡ്-19 പകര്‍ത്തുന്നതായി യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നാണ്. കോവിഡ്-19 മൃഗങ്ങളെ ബാധിക്കുമോ, ബാധിച്ചാല്‍ എന്തു സംഭവിക്കും എന്നതിനെക്കുറിച്ചറിയാന്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും സിഡിസി പറയുന്നു. അമേരിക്കന്‍ വെറ്റെറിനറി മെഡിക്കല്‍ അസോസിയേഷന്‍ അഥവാ എവിഎംഎ പറയുന്നതും ഇതുവരെയുള്ള ഒരു തെളിവുവച്ചും വളര്‍ത്തുമൃഗങ്ങള്‍ കോവിഡ്-19, മറ്റു മൃഗങ്ങള്‍ക്കോ, മനുഷ്യര്‍ക്കോ പകര്‍ത്തുമെന്ന് കരുതാനാവില്ല എന്നാണ്.

കോവിഡ് ബാധിതര്‍ വളര്‍ത്തുമൃഗങ്ങളുടെ അടുത്തു പോകേണ്ട

ഇതൊക്കെയാണെങ്കിലും, സിഡിസിയും എവിഎംഎയും പറയുന്നത് കോവിഡ് ബാധിതരായ മനുഷ്യര്‍ മൃഗങ്ങളുമായി അടുത്തിടപഴകരുത് എന്നാണ്. രോഗബാധിതര്‍ അവയെ തൊടരുത്. അവയെ ഓമനിക്കാനും ശ്രമിക്കണ്ട. എന്നാല്‍, രോഗബാധിതരല്ലാത്തവര്‍ക്ക് വളര്‍ത്തു മൃഗങ്ങളോട് സാധാരണ പോലെ പെരുമാറാം. വൃത്തി ഉറപ്പാക്കാനായി എപ്പോഴും ചെയ്യുന്നതു പോലെ കയ്യും മറ്റും കഴുകുകയും ചെയ്യാം. പൂച്ചയ്ക്ക് ഉടമയില്‍ നിന്ന് കോവിഡ്-19 പകര്‍ന്നു കിട്ടിയെന്നു വാര്‍ത്ത വന്നതിനെ തുടര്‍ന്ന് ബെല്‍ജിയം സർക്കാർ ഓമന മൃഗങ്ങളെക്കൊണ്ട് സ്വന്തം മുഖത്തു നക്കിക്കുന്ന ശീലമുണ്ടെങ്കിൽ അതു നിറുത്തണമെന്ന് രാജ്യത്തെ പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇത് രോഗം മൃഗത്തിനു പകര്‍ന്നു കിട്ടാതിരിക്കാനുള്ള മുന്‍കരുതലാണ്.

അപ്പോള്‍ ഓമന മൃഗങ്ങള്‍ രോഗം പരത്തില്ലേ?

അത്തരത്തിലുള്ള യാതൊരു തെളിവും ഇപ്പോള്‍ ലഭ്യമല്ല എന്നതു കൂടാതെ, വൈറസിന്റെ ജനിതകമായ ഉരുത്തിരിയല്‍ ചരിത്രവും അങ്ങനെയുള്ള ഒരു സാധ്യതയിലേക്കും വിരല്‍ചൂണ്ടുന്നില്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ലോകാരോഗ്യ സംഘടനയും ഇതില്‍ തങ്ങളുടെ നിലപാട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ ലഭിച്ചിരിക്കുന്ന വിവരമനുസരിച്ച് വളര്‍ത്തുമൃഗങ്ങളെ കൊറോണാവൈറസ് ബാധിക്കാനുള്ള സാധ്യതയില്ലെന്നാണ് അവര്‍ പറയുന്നത്. എന്തായാലും, മൃഗങ്ങളുമായി ഇടപെട്ടശേഷം കൈകഴുകുന്നത് നന്നായിരിക്കുമെന്നും അവര്‍ പറയുന്നു. ഇത് മറ്റു ബാക്ടീരിയകള്‍ പകര്‍ന്നു കിട്ടുന്നതില്‍ നിന്നും നിങ്ങളെ സംരക്ഷിക്കും.

പകര്‍ന്നത് മനുഷ്യനില്‍ നിന്ന് 

ബെല്‍ജിയത്തില്‍ നടന്നത് മനുഷ്യന്‍ മൃഗത്തിന് രോഗം പകര്‍ന്നു നല്‍കിയതാണ്. തിരിച്ചല്ല. അതും വളരെ വിരളമായി സംഭവമാണ്. വളര്‍ത്തുമൃഗത്തില്‍ നിന്ന് രോഗം മനുഷ്യര്‍ക്കു പകര്‍ന്നു കിട്ടിയ ഒരു കേസുപോലും ഇതുവരെ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. സമൂഹത്തിന് വളര്‍ത്തുമൃഗങ്ങളിലൂടെ രോഗം പകര്‍ന്നുകിട്ടാനുള്ള യാതൊരു സാധ്യതയും താന്‍ കാണുന്നില്ലെന്ന് ബെല്‍ജിയത്തിലെ ആരോഗ്യ ഉദ്യോഗസ്ഥനായ ഡോക്ടര്‍ ഇമ്മാനുവല്‍ ആന്‍ഡ്രെ പറയുന്നു. തങ്ങളുടെ രാജ്യത്തു നടന്നത് വളരെ വിരളമായ ഒരു സംഭവമാണെന്ന് വൈറോളജിസ്റ്റ് ആയ സ്റ്റിവന്‍ വാന്‍ ഗുച്റ്റ് പറയുന്നു.

ഒരാള്‍ക്കു കോവിഡ്-19 പകര്‍ന്നു കിട്ടിയാല്‍, തന്റെ വളര്‍ത്തുമൃഗങ്ങളുടെ സംരക്ഷണം മൃഗങ്ങളുടെ സംരക്ഷണം മറ്റാരെയെങ്കിലും ഏല്‍പ്പിക്കുന്നത് നന്നായിരിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
FROM ONMANORAMA