ADVERTISEMENT

72 കാരിയായ ഇന്ത്യൻ  ആനയ്ക്ക് വാഷിങ്ടണിൽ ദയാവധം. സ്മിത്ത് ഡോണിയൻ നാഷണൽ സൂ പാർക്കിലെ ഏഷ്യൻ ആനകളുടെ വിഭാഗത്തിൽ പാർപ്പിച്ചിരുന്ന അംബിക എന്ന ആനയ്ക്കാണ് ദയാവധം നൽകിയത്. ആനയുടെ ആരോഗ്യനില മോശമായതിനെ തുടർന്നാണ് ദയാവധം നൽകാൻ തീരുമാനമായത്.

1948 ഇന്ത്യയിൽ ജനിച്ച അംബിക വടക്കൻ അമേരിക്കയിലുള്ള ഏഷ്യൻ ആനകളിൽ തന്നെ ഏറ്റവും പ്രായം ചെന്നതായിരുന്നു. എട്ടാം വയസ്സിൽ കൂർഗ് വനത്തിൽ നിന്നാണ് ആനയെ പിടികൂടിയത്. ഇന്ത്യയിലെ കുട്ടികളുടെ ഉപഹാരം എന്ന നിലയിലാണ് ആനയെ വാഷിങ്ടണിലെ പാർക്കിന് കൈമാറിയത്. പ്രായാധിക്യം മൂലം വലത്തെ മുൻ കാലിന് ബലക്ഷയം ഉണ്ടായതിനാൽ ആനക്ക് നിവർന്നു നിൽക്കാൻ  പ്രയാസമായിരുന്നു. കൂട്ടത്തിലുള്ള മറ്റ് ആനകളുമായി ഇടപഴകുന്നതിൽ നിന്നും ഏറെ ദിവസങ്ങളായി അംബിക വിട്ടുനിൽക്കുകയായിരുന്നു. 

അംബികയുടെ ചലനവും രക്തചംക്രമണവും അടക്കം നിരവധി ഘടകങ്ങൾ വെറ്റിനറി വിദഗ്ധർ പരിശോധിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ അധികകാലം ആന ജീവിക്കാൻ സാധ്യതയില്ല എന്നാണ് ഡോക്ടർമാർ വിധിയെഴുതിയത്. മരുന്നുകളോടു പ്രതികരിക്കാതെ വന്ന അവസ്ഥയിലാണ് ദയാവധം നൽകാൻ തീരുമാനമായത്.  ശാന്തി, ബോസീ എന്നീ ആനകൾക്ക് ഒപ്പമായിരുന്നു അംബിക സഹവസിച്ചിരുന്നത്. ഇവർക്കിടയിൽ ശക്തമായ ബന്ധം നിലനിന്നിരുന്നു എന്ന് തിരിച്ചറിഞ്ഞതിനാൽ മൂവർക്കും ഒരുമിച്ചു ചെലവഴിക്കാൻ സമയം നൽകിയ ശേഷമാണ് ദയാവധം നടപ്പാക്കിയത്. 

ആനകളുടെ പെരുമാറ്റത്തെ പറ്റിയും ആരോഗ്യത്തെ പറ്റിയുള്ള വിവിധ പഠനങ്ങൾക്ക് ഏറ്റവുമധികം ഉപയോഗിച്ചിരുന്ന ആനകളിൽ ഒന്നായിരുന്നു അംബിക. പഠനാവശ്യത്തിനായി അംബികയുടെ രക്തസാമ്പിളുകൾ സ്ഥിരമായി ശേഖരിച്ചിരുന്നു. ഇതിനെല്ലാം പുറമേ ആനകളുടെ ഗർഭപാത്രത്തിൽ ഉണ്ടാകുന്ന ഫൈബ്രോയ്ഡുകൾക്കെതിരെയുള്ള വാക്സിനേഷൻ ആദ്യം പരീക്ഷിച്ചതും അംബികയിലായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com