ADVERTISEMENT

ലോകമെങ്ങും കോവിഡ് ഭീതി നിറഞ്ഞതോടെ മൃഗശാലകളും അക്വേറിയങ്ങളുമൊക്കെ താൽക്കാലികമായി അടച്ചു. ഇതോടെ ജീവികളും അവിടുത്തെ ജീവനക്കാരും മാത്രമായി. തിരക്കുകൾ ഒഴിഞ്ഞതോടെ ജീവികൾക്ക് അവിടെയുള്ള മറ്റ് ജീവികളുമായി പരിചയപ്പെടാൻ അവസരമൊരുക്കുകയാണ് ജീവനക്കാർ.

 

ജീവികളുടെ ഇത്തരം കൂടിക്കാഴ്ചയുടെ മനോഹരമായ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളുടെ പങ്കുവയ്ക്കുന്നുമുണ്ട്. ലോക്ക് ഡൗൺ ദിവസങ്ങളുടെ വിരസതയകറ്റാൻ സഹായിക്കുന്നവയാണ് ഇത്തരം ദൃശ്യങ്ങൾ. ചിക്കാഗോയിലെ ഷെഡ് അക്വേറിയത്തിലൂടെ ചുറ്റി സഞ്ചരിക്കുന്ന പെൻഗ്വിനുകളുടെ ദൃശ്യങ്ങൾ അടുത്തിടെ മാധ്യമശ്രദ്ധ നേടിയിരുന്നു. ടെക്സാസിലെ അക്വേറിയത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. അക്വേറിയത്തിലെ ഡോൾഫിനുകളെ സന്ദർശിക്കാനെത്തിയ സ്ലോത്തിന്റെ ചിത്രങ്ങളാണ് ഇവർ പുറത്തുവിട്ടത്.

 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അക്വേറിയത്തിലെ ജീവനക്കാർ ചീകോ എന്ന സ്ലോത്തുമായി ഡോൾഫിനുകളുടെ അടുത്തെത്തിയത്. സ്ലോത്തിനെ കണ്ട ഡോൾഫിനുകൾ അതിനെ ആകാംക്ഷയോടെ നോക്കുന്ന ചിത്രങ്ങളാണ് ജീവനക്കാർ പുറത്തുവിട്ടത്. പൊതുവെ ആകാംക്ഷ കൂടുതലുള്ള ജീവികളാണ് ഡോൾഫിനുകൾ. അതു കൊണ്ട് തന്നെ ഏറെ കൗതുകത്തോടെയാണ് സ്ലോത്തിനെ കണ്ടപ്പോൾ പ്രതികരിച്ചതെന്നും ജീവനക്കാർ വ്യക്തമാക്കി.

 

അക്വേറിയത്തിലെ ലൈക്കോ എന്നും സ്കൂണർ എന്നും പേരുള്ള  ഡോൾഫിനുകളാണ് ചീകോ എന്ന സ്ലോത്തുമായി കൂടിക്കാഴ്ച നടത്തിയത്. ഡോൾഫിനുകളെ പാർപ്പിച്ചിരുന്ന ചില്ലു ജാലകത്തിനു പുറത്താണ് ചീകോയുമായി ജീവനക്കാരെത്തിയത്. ഡോൾഫിനുകൾ പുതിയ സുഹൃത്തിനെ കാണാൻ ഏറെ ഇഷ്ടത്തോടെയാണ് എത്തിയതെങ്കിലും മൂന്ന് വയസ്സുകാരൻ ചീകോ ഉറങ്ങാനാണ് താൽപര്യം പ്രകടിപ്പിച്ചത്.

 

ടെക്സാസ് സ്റ്റേറ്റ് അക്വേറിയം അവിടെയുള്ള ജീവികളുടെ മാനസിക ഉല്ലാസത്തിനായി മിക്കവാറും ഇത്തരം കൂടിക്കാഴ്ചകൾക്ക് അവസരം ഒരുക്കാറുണ്ടെന്നും പ്രതിനിധികൾ വ്യക്തമാക്കി. സേന എന്നു പേരുള്ള മറ്റൊരു സ്ലോത്തും അക്വേറിയത്തിലുണ്ട്. എന്നാൽ ഡോൾഫിനുകളുമായി കൂടിക്കാഴ്ച നിശ്ചയിച്ച ദിവസം പോകാൻ കൂട്ടാക്കാതെ ഉറങ്ങാനാണ് താൽപര്യം കാട്ടിയത്.അതാണ് ചീകോ മാത്രമായി ഡോൾഫിനുകളെ കാണാനെത്തിയത്. 

 

അക്വേറിയത്തിലുള്ള മിക്കവാറും ജീവികളെയും ഡോൾഫിനുകളെ കാണിക്കാറുണ്ട്. മുൻ വർഷങ്ങളിൽ ചീങ്കണ്ണികളുടെ കുഞ്ഞുങ്ങളെയും ആഫ്രിക്കൻ കാട്ടുപൂച്ചയെക്കും ചുവന്ന വാലുള്ള പെരുമ്പാമ്പിനെയുമൊക്കെ ഡോൾഫിനുകളെ കാണിച്ചിരുന്നു. ഓരോ ജീവികളെയും ഏറെ കൗതുകത്തോടെയാണ് വീക്ഷിച്ചതെന്നും അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com