ADVERTISEMENT

തൃശൂർ/കൊച്ചി ∙ കടുവകൾക്കു മൂക്കൊലിപ്പോ ചുമയോ ശ്വാസതടസ്സമോ ഉണ്ടെങ്കിൽ  നിരീക്ഷ‍ിക്കണമെന്നു കടുവാ സങ്കേതങ്ങൾക്കു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദേശം. യുഎസിലെ മൃഗശാലയിൽ പെൺകടുവയ്ക്കു കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. നേരിട്ടു നിരീക്ഷിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെങ്കിൽ ക്യാമറാ ട്രാപ്പുകൾ ഉപയോഗിക്കാം.

ദേശീയോദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ, കടുവാ സങ്കേതങ്ങൾ എന്നിവിടങ്ങളിൽ ദൗത്യസേനയും ദ്രുതകർമസേനയും രൂപീകരിക്കണം. സന്ദർശനനിയന്ത്രണം കർശനമായി ഉറപ്പാക്കണം. വന്യജീവികൾക്ക് അടിയന്തര ചികിത്സാ സംവിധാനം ഏർപ്പാടാക്കണം; രോഗം ഭേദമായ ശേഷം വനത്തിൽ വിടണം. രോഗം ബാധിച്ച മൃഗങ്ങളുടെ മാപ്പിങ് നടത്തണം.

കടുവകളുമായി നേരിട്ടിടപഴകുന്ന ജീവനക്കാർ രോഗബാധിതരല്ലെന്ന് ഉറപ്പാക്കണം. കടുവകൾ ചത്താൽ പോസ്റ്റ്മോർട്ടം ചെയ്യുമ്പോൾ വയസ്, ലിംഗം, സ്ഥലം എന്നിവ രേഖപ്പെടുത്തണം. ഇവയുടെ സ്രവസാംപിളുകൾ ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ ശേഖരിച്ചു കോവിഡ് പരിശോധനയ്ക്ക് അയയ്ക്കണമെന്നും നിർദേശിച്ചു. 

സംസ്ഥാനത്ത് ജാഗ്രത

മുൻകരുതലെന്ന നിലയിൽ സംസ്ഥാനത്തെ വളർത്തുമൃഗങ്ങളിലെ രോഗബാധ നിരീക്ഷിക്കാനും വൈറസ് വ്യാപനം തടയാനുമുള്ള മാർഗനിർദേശം സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമൽ ഡിസീസസ് പുറത്തിറക്കി. 

∙ സംസ്ഥാനത്തെ കോവിഡ് ബാധിതർ/ നിരീക്ഷണത്തിലുള്ളവർ എന്നിവരുടെ വീടുകളിലെ വളർത്തുമൃഗങ്ങളെ നിരീക്ഷിക്കണം. അസാധാരണ രോഗലക്ഷണങ്ങളും മരണവും റിപ്പോർട്ട് ചെയ്യണം.

∙ മൃഗങ്ങളിലെ ശ്വാസകോശ, ഉദര രോഗങ്ങൾ നിരീക്ഷിക്കണം. സംശയാസ്പദ സാഹചര്യങ്ങളിൽ സാംപിളുകൾ തുടർ പരിശോധനയ്ക്ക് അയയ്ക്കണം. 

∙ നിരീക്ഷണത്തിലുള്ളവർ വളർത്തുമൃഗങ്ങളെ കൈകാര്യം ചെയ്യരുത്. ഒഴിവാക്കാനാകാത്ത ഘട്ടത്തിൽ ഗ്ലൗസ്, മാസ്ക് തുടങ്ങിയവ ധരിക്കണം.

∙ പൊതുജനങ്ങൾ മൃഗങ്ങളോട് അമിത അടുപ്പം പുലർത്തുന്നത് തൽക്കാലം ഒഴിവാക്കുക. വളർത്തുമൃഗങ്ങളെ വീട‍ിനുള്ളിൽ പ്രവേശിപ്പിക്കരുത്.

∙ വളർത്തുമൃഗങ്ങളുടെ കൂട്ടിൽ ഇടയ്ക്കിടെ അണുനാശിനി ഉപയോഗിക്കണം.

പരിശോധനാ സ്ഥാപനങ്ങൾ

∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ്, ഭോപ്പാൽ

∙ നാഷനൽ റിസർച് സെന്റർ ഫോർ ഇക്വൈൻസ്, ഹിസാർ, ഹരിയാന

∙ സെന്റർ ഫോർ ആനിമൽ ഡിസീസ് റിസർച് ആൻഡ് ഡയഗ്നോസ്റ്റിക്സ്, ഇന്ത്യൻ വെറ്ററിനറി റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, ഇസാത്ത് നഗർ, യുപി

സാംപിൾ അയയ്ക്കേണ്ട വിധം

∙ അയയ്ക്കേണ്ട സാംപിളുകൾ – ഓറൽ, നേസൽ, റെക്ടൽ സ്വാബ്, രക്തം. ഇവ വൈറൽ ട്രാൻസ്പോർട്ട് മീഡിയത്തിൽ കോൾഡ് ചെയിൻ സുരക്ഷയോടെ അയയ്ക്കണം.

∙ സാംപിൾ ശേഖരിക്കുന്നവർ വ്യക്തി സുരക്ഷാ കവചം ഉപയോഗിക്കണം.

∙ അടിയന്തര സാഹചര്യങ്ങളിൽ സംസ്ഥാനത്തെ കോവിഡ് പരിശോധനാ കേന്ദ്രങ്ങളിൽ മൃഗങ്ങളുടെ സാംപിൾ പരിശോധനയ്ക്ക് അയയ്ക്കാം

English summary: COVID 19 transmission to animals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com