ADVERTISEMENT

ശ്രീലങ്കയിലെ തെക്ക് പടിഞ്ഞാറന്‍ വനമേഖലയില്‍ നിന്ന് പുതിയ പാമ്പിനത്തെ ഗവേഷക സംഘം തിരിച്ചറിഞ്ഞു. ഏതാണ്ട് 150 വര്‍ഷം നീണ്ട രഹസ്യത്തിന് ഈ കണ്ടെത്തലോടെ അന്ത്യമായതായി ശാസ്ത്രലോകം കണക്കാക്കുന്നത്. കൃത്യം 11 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പതിറ്റാണ്ടുകള്‍ നീണ്ട ഈ രഹസ്യത്തിന് അന്ത്യം കുറിക്കുന്ന സംഭവങ്ങള്‍ക്ക് തുടക്കമായത്. വനത്തിനകത്തെ പാതയില്‍ നിന്ന് വണ്ടി കയറി ചത്ത നിലയിലാണ് ഈ പാമ്പിന്‍റെ ശരീരം ലഭിക്കുന്നത്.

2009 ഈ പാമ്പിന്‍റെ ശരീരം ലഭിച്ചപ്പോള്‍ റോഡില്‍ വാഹനം കയറി ചത്തതെങ്കിലും ഭേദപ്പെട്ട നിലയിലാണ് കാണപ്പെട്ടത്. അതുകൊണ്ട് തന്നെ ഈ പാമ്പിനെ കുറിച്ച് കൂടുതല്‍ പഠനം നടത്താന്‍ സാധിച്ചു. ഹെര്‍പ്പറ്റോളജിസ്റ്റുകളായ മെന്‍ഡിസ് വിക്രമസിംഗെ, ദുലന്‍ രംഗ വിതലപരിതണ എന്നിവരാണ് ഈ പഠനം നടത്തിയത്. വലിയ കേടുപാടുകള്‍ കൂടാതെ തന്നെയാണ് ശരീരം ലഭിച്ചത് എന്നതിനാല്‍ പഠനം സുഗമമായിരുന്നു. ശ്രീലങ്കയില്‍ ഇതുവരെ തിരിച്ചറിയാത്ത ഒരു പാമ്പ് വര്‍ഗ്ഗമാണ് ഇതെന്ന നിഗമനത്തിലും ഗവേഷകരെത്തി. എന്നാല്‍ ഇത് സ്ഥാപിച്ചെടുക്കുക അത്ര എളുപ്പമല്ലായിരുന്നു.

ചിത്രശേഖരാ ബ്രിഡില്‍ സ്നേക്ക്

2017 ല്‍ പുതിയൊരു വഴി ഈ പാമ്പിനെ കുറിച്ചുള്ള പഠനത്തില്‍ തുറന്നു കിട്ടി. 2009 ല്‍ ലഭിച്ച അതേ പാമ്പിന്‍റെ വര്‍ഗ്ഗത്തിലെ മറ്റൊരു അംഗത്തെ ജീവനോടെ ലഭിച്ചു. ശ്രീലങ്കയിലെ കനേലിയ വനമേഖലയില്‍ നിന്നാണ് ഈ പാമ്പിനെ ലഭിച്ചത്. ഇതോടെ 2016 വരെ മരിച്ച പാമ്പിന്‍റെ ശരീരത്തില്‍ നിന്ന് ലഭിച്ച തെളിവുകളെല്ലാം ഒത്തു നോക്കാന്‍ തുടർന്നുള്ള മാസങ്ങളില്‍ ഗവേഷകര്‍ക്ക് കഴിഞ്ഞു. വൈകാതെ ഈ പാമ്പ് വര്‍ഗ്ഗം ശ്രീലങ്കയില്‍ ഇതുവരെ തിരിച്ചറിയപ്പെടാത്തതാണെന്ന് വ്യക്തമായി. പ്രശസ്ത സസ്തനി ഗവേഷകനായിരുന്ന ഡോ. ചിത്രശേഖരയുടെ സ്മരണാര്‍ത്ഥം ചിത്രശേഖരാ ബ്രിഡില്‍ സ്നേക്ക് എന്ന പേരും ഈ പാമ്പിന് നല്‍കി.

പാമ്പിന്‍റെ ബാഹ്യരൂപവും, അവയുടെ ആഹാര രീതിയും ജനിതക ഘടനനയും എല്ലാം താരതമ്യപ്പെടുത്തിയും നിരീക്ഷിച്ചുമാണ് ചിത്രശേഖരാ ബ്രിഡില്‍ സ്നേക്ക് പുതിയൊരു ജീവിവര്‍ഗ്ഗമാണെന്ന നിഗമനത്തില്‍ ഗവേഷകര്‍ എത്തിയത്. പൂര്‍ണമായും പക്ഷികളുടെ മുട്ടയെ ആശ്രയിച്ച് മാത്രമാണ് ഈ പാമ്പുകളുടെ ആഹാരശീലമെന്ന് പഠനത്തില്‍ വ്യക്തമായി. ഡ്രൈകലാമസ് ചിത്രശേഖരൈ എന്നതാണ് ഈ പാമ്പിന് നല്‍കിയിരിക്കുന്ന ശാസ്ത്രീയ നാമം.

രണ്ട് പാമ്പുകളില്‍ നടത്തിയ പഠനത്തിലൂടെ തന്നെ ഇത് പ്രത്യേക ജീവവര്‍ഗ്ഗമാണെന്ന് തിരിച്ചറിഞ്ഞു. എങ്കിലും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സമാന ഇനത്തില്‍ പെട്ട അഞ്ച് പാമ്പുകളെ കൂടി ഇവര്‍ കണ്ടെത്തി. ശ്രീലങ്കയിലെ വനമേഖലയുടെ വ്യാപകമായ നാശവും ജൈവവ്യവസ്ഥയുടെ തകര്‍ച്ചയും വാഹന ഗതാഗതത്തിലെ വര്‍ദ്ധനവും എല്ലാം ഈ പാമ്പുകളുടെ നിലനില്‍പ്പിനെ സാരമായി ബാധിക്കുന്നുണ്ട് എന്ന് ഗവേഷകര്‍ വിലയിരുത്തുന്നു.

ഡ്രൈയോകലാമസ് എന്ന വിഭാഗത്തില്‍ പെട്ടവയാണ് ഈ ചിത്രശേഖരാ പാമ്പുകള്‍. പഠനം പൂര്‍ത്തിയാകും വരെ ഡ്രൈയോകലാമസിലെ പ്രത്യേക ഉപവിഭാഗമായി ഇവയെ കണക്കാക്കാനുള്ള സവിശേഷതകളുണ്ടോ എന്നതായിരുന്നു പ്രധാന സംശയം. ഈ സംശയം ദൂരീകരിച്ചത് ജീവനുള്ള പാമ്പിനെ ലഭിച്ചതോടെയാണ്. ഡ്രൈകാലാമസ് ഇനത്തില്‍ പെട്ട മറ്റ് രണ്ട് പാമ്പിനങ്ങളാണ് ചിത്രശേഖരയെ കൂടാതെ ശ്രീലങ്കയില്‍ ഉള്ളത്.

കഥയെ 150 വര്‍ഷം പുറകോട്ട് കൊണ്ടുപോയ ട്വിസ്റ്റ്

ചിത്രശേഖരാ പാമ്പുകളെക്കുറിച്ചും, ഇവയുടെ ശ്രീലങ്കയിലെ ഉത്ഭവത്തെക്കുറിച്ചുമെല്ലാം നടത്തി വിശദമായ അന്വേഷണമാണ് മറ്റൊരു ശ്രദ്ധേയമായ വസ്തുതയിലേയ്ക്ക് ഗവേഷകരെ എത്തിച്ചത്. ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ വില്യം ഫെര്‍ഗൂസണ്‍ 1877 ല്‍ തന്നെ ഈ പാമ്പിനെ കണ്ടെത്തിയിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് ഈ ഗവേഷക സംഘം എത്തിയത്. ഫെര്‍ഗൂസണ്‍ ഒടോണ്‍ടോമസ് നിംഫ എന്ന പേരില്‍ രേഖപ്പെടുത്തിയിരിയ്ക്കുന്ന പാമ്പ് ചിത്രശേഖര ആയിരുന്നുവെന്നാണ് തെളിവുകളെല്ലാം ചൂണ്ടിക്കാട്ടുന്നത്. ഫെര്‍ഗൂസണിന്‍റെ പഠനത്തില്‍ രേഖപ്പെടുത്തിയ വിവരണങ്ങലില്‍ നിന്നാണ് ഈ നിരീക്ഷണം ഗവേഷകര്‍ നടത്തിയത്. എന്നാല്‍ ഫെര്‍ഗൂസണ്‍ ശേഖരിച്ച പാമ്പിന്‍റെ ശരീരം എപ്പോഴോ നഷ്ടപ്പെട്ട് പോയതിനാല്‍ പരീക്ഷണത്തിലൂടെ ഇക്കാര്യം ഉറപ്പിക്കാന്‍ കഴിയില്ലെന്ന് മാത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com