ADVERTISEMENT

ഒറാങ് ഉട്ടാനുകളുമായി കളിക്കുന്ന നീർനായകളുടെ ചിത്രങ്ങൾ കൗതുകമാകുന്നു. ബെൽജിയത്തിലെ ഡൊമെയ്ൻ ഡു ക്യാമ്പ്രാണിലുള്ള പൈറി ഡെയ്‌സ മൃഗശാലയിൽ നിന്നുള്ളതാണ് മനോഹരമായ ചിത്രങ്ങൾ. ഈ മൃഗശാലയിൽ ഇവയെ ഒന്നിച്ചാണ് പാർപ്പിച്ചിരിക്കുന്നത്. മൃഗശാലയിലെ ഇവയുടെ ജീവിതം കൂടുതൽ മനോഹരമാക്കാനും  കൂട്ടിലടച്ച പ്രതീതി തോന്നാതിരിക്കാനുമാണ് പ്രത്യേക രീതിയിൽ ഇവയെ പാർപ്പിച്ചിരിക്കുന്നതെന്നു മൃഗശാല അധികൃതർ വ്യക്തമാക്കി. ഇങ്ങനെ മൃഗങ്ങളെ ഒന്നിച്ചു പാർപ്പിക്കുമ്പോൾ അവ മറ്റു ജീവികളുമായി ചങ്ങാത്തം കൂടുകയും  കളിക്കുകയും മാനസികമായും ശാരീരികമായും എപ്പോഴും തിരക്കുകളിലേർപ്പെടുകയും ചെയ്യുമെന്ന് മൃഗശാലയുടെ വക്താവ് മാത്യു ജോഡ്ഫ്രെയ്‌ വ്യക്തമാക്കി. വെറുതെ ഒരു സ്ഥലത്തു മടിപിടിച്ചിരിക്കാൻ ഇവയ്ക്കു കഴിയാറില്ല. എപ്പോഴും ഇവിടെയുള്ള ഒറാങ് ഉട്ടാൻ കുടുംബം നീർനായ്കളുമായി തിരക്കിലായിരിക്കും.

പരീക്ഷണത്തിൻ്റെ  ഭാഗമായാണ് ഇവയെ മൃഗശാല അധികൃതർ ഒന്നിച്ചു പാർപ്പിച്ചത്. ചെറിയ കാൽപാദങ്ങൾ ഉള്ള ഏഷ്യൻ നീർനായകളാണ് ഒറാങ് ഉട്ടാനുകളുടെ ചങ്ങാതിക്കൂട്ടം. ഒറാങ് ഉട്ടാൻ കുടുംബത്തെ പാർപ്പിച്ചിരിക്കുന്നതിനു സമീപത്തുകൂടി ഒഴുകുന്ന നദിയിലാണ് നീർനായകളുടെ താമസം. 24 വയസ്സ് പ്രായമുള്ള യുജിയാൻ എന്ന ഒറാങ് ഉട്ടാനും 15 വയസ്സ് പ്രായമുള്ള മാരി എന്ന പെൺ ഒറാങ് ഉട്ടാനും ഇവരുടെ മകനായ 3 വയസുകാരൻ ബെറാനിയുമാണ് ഇവിടെയുള്ളത് . 

otter-fun
Image: © Pascale Jones/Pairi Daiza

ഒറാങ് ഉട്ടാനുമായുള്ള ചങ്ങാത്തം നീർനായ്ക്കളും ഏറെ ഇഷ്ടപെടുന്നുണ്ടന്ന് അധികൃതർ പറഞ്ഞു . മൂന്ന് വയസുകാരൻ ബെറാനിയും യൂജിയാനും അയൽവാസികളായ നീർനായ്ക്കളും തമ്മിൽ ഇപ്പോൾ ശക്തമായ ആത്മബന്ധം തന്നെ രൂപപ്പെട്ടിട്ടുണ്ട്. ഇത് ഇവയുടെ ഓരോ ദിവസത്തെയും കൂടുതൽ രസകരമാക്കുന്നു. ഇവയെ പരീക്ഷണ അടിസ്ഥാനത്തിൽ ഒന്നിച്ചു പാർപ്പിച്ചത് വിജയകരമാണന്നും മൃഗശാല അധികൃതർ വ്യക്തമാക്കി.

2017 ലാണ് ഈ ഒറാങ് ഉട്ടാൻ കുടുംബം മൃഗശാലയിലെത്തുന്നത്. അതിന് മുൻപ് ജെബ്ബ എന്ന ആൺ ഒറാങ് ഉട്ടാനും സിന്റെ എന്ന പെൺ ഒറാങ് ഉട്ടാനുമാണ് മൃഗശാലയിലുണ്ടായിരുന്ന.97 ശതമാനം ഡി ൻ എ യും മനുഷ്യരുമായി സാമ്യമുള്ളവയാണ് ഒറാങ് ഉട്ടാനുകൾ. അതുകൊണ്ട് തന്നെ ഇവയെ എപ്പോഴും എന്തെങ്കിലും കാര്യങ്ങൾ ചെയ്യ്തുകൊണ്ടിരിക്കാൻ പ്രേരിപ്പിക്കാറുണ്ട്. മൃഗശാല ജീവനക്കാരും ഇവയ്ക്കൊപ്പം മനസികനിലവാരം ഉയർത്തുന്ന കളികളിലും മറ്റും ഏർപ്പെടാറുണ്ട്. 

otter-orangutan-fun
Image: © Pascale Jones/Pairi Daiza

വംശനാശഭീക്ഷണി നേരിടുന്ന ജീവികളുടെ ഗണത്തിലാണ് ഒറാങ് ഉട്ടാനുകളും. സുമാത്രയിലും ബോർണിയോയിലും വ്യാപകമായ തോതിൽ പാം ഓയിൽ കൃഷിക്കായി വനം വെട്ടിനശിപ്പിച്ചതാണ് ഇവയ്ക്കു വിനയായത്. ബെൽജിയം മൃഗശാല അധികൃതർ ബോർണിയോയിൽ വനം വച്ചുപിടിപ്പിക്കുന്നതിനായി ഫണ്ട് സമാഹരിക്കുന്നുണ്ടെന്നും മൃഗശാല പ്രതിനിധികൾ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com