ADVERTISEMENT

ലോക് ഡൗൺ ദിനങ്ങൾ ആഘോഷമാക്കി മൂന്നാറിന്റെ സ്വന്തം പടയപ്പ. ആളുകൾ ഒഴിഞ്ഞതോടെ മൂന്നാർ പട്ടണം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാട്ടാനകൾ കയ്യടക്കിയിരിക്കുകയാണ്. ഈ പ്രദേശത്തെ ഏറ്റവും തലയെടുപ്പുള്ള കാട്ടാനയായ പടയപ്പ ഇന്നലെ പുലർച്ചെ ടൗൺ മധ്യത്തിലൂടെ സവാരി നടത്തിയപ്പോൾ ടൗണിന് ഒരു കിലോമീറ്റർ ചുറ്റളവിൽ മൂന്നിടത്തായി ആനക്കൂട്ടങ്ങൾ മൂന്നാർ ടൗണിനെ വളഞ്ഞ സ്ഥിതിയായിരുന്നു. പട്ടണത്തിലൂടെ കറങ്ങുന്ന പടയപ്പയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ബുധനാഴ്ച പുലർച്ചെ 5ന് ആയിരുന്നു പടയപ്പയുടെ വരവ്. 

ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുധാ രമൺ ആണ് പടയപ്പയുടെ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്. ചിന്നംവിളിയുമായി നടയാർ റോഡ് വഴി മെയിൻ റോഡിലേക്കു നടന്നെത്തിയ കൊമ്പൻ ബസ്‌ സ്റ്റാൻഡിനു മുന്നിലൂടെ മുന്നോട്ടു നടന്ന് പഴച്ചന്തയുടെ മുന്നിൽ എത്തി അൽപനേരം നിലയുറപ്പിച്ചെങ്കിലും ചന്തയിലേക്ക് കയറിയില്ല. ഇവിടെ നിന്ന് ജിഎച്ച് റോഡ് വഴി എത്തി പാലത്തിന്റെ അടി ഭാഗത്ത് ഉണ്ടായിരുന്ന വാഴകൾ തിന്ന ശേഷം നല്ലതണ്ണി റോഡ് വഴി ആണ് കാടുകയറിയത്.

പെരിയവരൈ റോഡിൽ ഡിവൈഎസ്പി ഓഫിസിനു സമീപം 3 ആനകൾ അടങ്ങിയ കൂട്ടം ഈ സമയം റോഡിൽ തമ്പടിച്ചിരുന്നു. 2 ദിവസമായി ഈ സംഘം ഈ ഭാഗത്തു തന്നെ ഉണ്ടായിരുന്നു. 2 ദിവസം മുൻപ് ഹൈറേഞ്ച് ക്ലബ്ബിൽ എത്തിയ ആനക്കൂട്ടം ദേവികുളം റോഡിൽ സിഗ്നൽ പോയിന്റ് വഴി ജനവാസ മേഖലയായ മൂന്നാർ കോളനിക്കു സമീപം എത്തി. ഇരുട്ടാകുന്നതോടെ കൂട്ടമായി ഇര തേടി ഇറങ്ങുന്ന കാട്ടുപന്നികൾ കൂടിയായതോടെ ടൗൺ വന്യമൃഗങ്ങളുടെ വിഹാരമേഖലയായി.

English Summary: Elephant Padayappa walks down empty street in Munnar during coronavirus lockdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com