sections
MORE

കാത്തിരുന്നത് 10 വർഷം, ലോക്ഡൗണ്‍ തുണയായി; ഒടുവില്‍ നാണം കുണുങ്ങികളായ ഭീമൻ പാണ്ടകള്‍ ഇണചേര്‍ന്നു

Pandas Kept Together For 10 Years Have Finally Mated During The Coronavirus Lockdown
SHARE

ലോകത്തെ ഏറ്റവും നാണം കുണുങ്ങികളായ ജീവികളിലൊന്നാണ് പാണ്ടകള്‍. പോരാത്തതിന് ഭൂലോക മടിയൻമാരും. ഇതിനുദാഹരണമാണ് ഒരു കൂട്ടില്‍ 10 വര്‍ഷം ഒരുമിച്ച് കഴിഞ്ഞിട്ടും ഇണ ചേരാത്ത ഈ ഭീമന്‍ പാണ്ടകള്‍. പക്ഷേ 10 വര്‍ഷം കൊണ്ട് സാധിക്കാത്തത് ഈ ലോക്ഡൌണ്‍ കാലത്ത് നടന്നു. സമ്പൂര്‍ണ ലോക്ഡൌണ്‍ പ്രഖ്യാപിച്ച സമയത്ത് ആളുകളുടെ ശല്യമില്ലാതായതോടെയാണ് ഹോങ്കോങ്ങിലെ ഈ രണ്ട് പാണ്ടകള്‍ ഇണചേർന്നത്. ലോകത്തിന് കൂടുതല്‍ പാണ്ടകള്‍ വേണമെങ്കില്‍ അവയ്ക്ക് കൂടുതല്‍ സ്വകാര്യത കൊടുക്കൂ എന്ന സന്ദേശത്തോടെയാണ് ഇപ്പോള്‍ ഈ ഭീമന്‍ പാണ്ടകളുടെ ഇണചേരല്‍ വാര്‍ത്ത ലോകം പങ്കുവയ്ക്കുന്നത്.

കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി യിങ് യിങ് എന്ന പെണ്‍ പാണ്ടയും, ലീ ലീ എന്ന ആണ്‍ പാണ്ടയും ഒരേ കൂട്ടിലാണ് പാർക്കുന്നത്. എന്നാല്‍ എതിര്‍ ലിംഗത്തില്‍ പെട്ട ഒരു സുഹൃത്ത് അരികിലുണ്ടായിട്ടും സ്വാഭാവികമായി സംഭവിക്കേണ്ട ഇണചേരൽ ഇവയ്ക്കിടയില്‍ സംഭവിച്ചില്ല. ഇതിനായി നിരവധി അവസരങ്ങൾ മൃഗശാലാ അധികൃതര്‍ നല്‍കിയിട്ടും ഇവ ഇണ ചേരലില്‍ താർപര്യം പ്രകടിപ്പിച്ചില്ല. ഇതോടെ ഇവയില്‍ നിന്ന് കുട്ടിയെ കിട്ടിയിട്ട് പാണ്ട വംശത്തിന് പുതിയൊരംഗത്തെ കിട്ടില്ലെന്ന് മൃഗശാല അധികൃതര്‍ ഏതാണ്ട് ഉറപ്പിച്ചതാണ്.

പക്ഷേ ഈ മാര്‍ച്ച് മാസത്തിലാരംഭിച്ച ബ്രീഡിങ് സീസണില്‍ കാര്യങ്ങള്‍ മാറി മറിഞ്ഞു.ഒരു മാസത്തോളം തുടര്‍ച്ചയായി സ്വകാര്യത കിട്ടിയതോടെ ഈ പാണ്ടകള്‍ അടുത്തിടപഴകാന്‍ തുടങ്ങി. കൂടുതല്‍ സമയവും കൂടിനോട് ചേര്‍ന്നുള്ള കുളത്തിലാണ് ഇവ സമയം ചിലവഴിച്ചത്. ഇതിനിടെ യിങ് യിങ്ങിന് ആകര്‍ഷണം തോന്നുന്നതിനായുള്ള ഗന്ധങ്ങളും ലീ ലീ ശരീരത്തില്‍ നിന്ന് ഉൽപാദിപ്പിക്കാന്‍ തുടങ്ങി. ഒടുവില്‍ ഏപ്രില്‍ 4 മുതല്‍ ഇവ പരസ്പരം കൂടുതല്‍ അടുപ്പം കാണിക്കാൻ തുടങ്ങി. തുടര്‍ന്ന് ഏപ്രില്‍ 6 ന് തിങ്കളാഴ്ച രാവിലെ 9 മണിയോടെ അനിവാര്യമായത് സംഭവിച്ചുവെന്ന് മൃഗശാല അധികൃതര്‍ വ്യക്തമാക്കി.

ഇരു പാണ്ടകളും സ്വാഭാവികമായി ഇണചേര്‍ന്ന സന്തോഷകരമായ കാര്യം ട്വിറ്ററിലൂടെയാണ് മൃഗശാല അധികൃതര്‍ പങ്കുവച്ചത്. ഇരുവരുടെയും പ്രണയ ദൃശ്യങ്ങളും മൃഗശാല അധികൃതര്‍ പുറത്തുവിട്ടു. ഇണചേരല്‍ വിജയകരമായതോടെ ഇനി കാത്തിരിക്കുന്നത് യിങ് യിങ് ഗർഭിണിയാണെന്ന വാര്‍ത്ത കേള്‍ക്കാനാണെന്നും മൃഗശാല അധികൃതര്‍ പറയുന്നു. അങ്ങനെ സംഭവിച്ചാല്‍ ഇരുവര്‍ക്കും സ്വന്തം വര്‍ഗത്തെ ഭൂമിയില്‍ നിലനിര്‍ത്താനുള്ള അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹോങ്കോങ്ങ് മൃഗശാലാ അധികൃതർ ട്വിറ്ററില്‍ കുറിച്ചു.

മനുഷ്യരുടെ സംരക്ഷണയില്‍ വളരുന്ന പാണ്ടകളില്‍ പലപ്പോഴും കൃത്രിമ ബീജസങ്കലനത്തിലൂടെയാണ് ഗര്‍ഭധാരണം നടക്കാറുള്ളതെന്ന് വിദഗ്ധര്‍ പറയുന്നു. ഇതിനു കാരണം ഇണചേരാനുള്ള പാണ്ടകളുടെ മടി തന്നെയാണ്. ഇത് മടിയാണോ മനുഷ്യരുടെ അമിത സാമീപ്യവും ഇടപെടലും മൂലമാണോ എന്ന് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് ബെയ്ജിങ് മൃഗശാലയില്‍ നിന്നു പുറത്തു വരുന്ന ഈ വാര്‍ത്ത. ഏതായാലും ഹോങ്കോങ്ങ് മൃഗശാലയിലെ ഈ പെണ്‍ പാണ്ട ഗര്‍ഭിണിയാണോ അല്ലയോ എന്നുള്ളത് ജൂണ്‍ മാസത്തോടെ വ്യക്തമാകുമെന്നാണ് കരുതുന്നത്. 

English Summary: Pandas Kept Together For 10 Years Have Finally Mated During The Coronavirus Lockdown

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA