ADVERTISEMENT

ദേഷ്യം വന്നാൽ പിന്നെ പലർക്കും കണ്ണുകാണാറില്ലെന്ന് പറയാറുണ്ട്. അതുതന്നയാകാം ഇവിടെ ഒരു മുതലയ്ക്കും സംഭവിച്ചത്. കലികയറിയ മുതല ഒരു വീടിന്റെ പിൻവശം തകർത്തു തരിപ്പണമാക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.യുഎസിലെ സൗത്ത് കാരലൈനയിലാണ് സംഭവം നടന്നത്.

ഹിൽട്ടൺ നഗരത്തിലെ കായലിനോട് ചേർന്നുള്ള പ്രദേശത്തു വസിക്കുന്ന ബിഗ് ജോർജ് എന്നറിയപ്പെടുന്ന മുതലയാണ് വീടിന്റെ പിൻവശത്തെത്തി നാശനഷ്ടങ്ങൾ വരുത്തിയത്. ബിഗ് ജോർജിനെ കാണാറുണ്ടെങ്കിലും വീടിനരികിലേക്കെത്തിയത് ആദ്യമായിട്ടാണെന്ന് വീട്ടുടമയായ ഫെർണാഡോ ലോസാഡ വ്യക്തമാക്കി. ഇവരുടെ വീടിനു മുൻവശത്തതും പിൻവശത്തുമെല്ലാം വെള്ളക്കെട്ടുള്ള പ്രദേശങ്ങളുണ്ട്. ഇതിലെയാകാം മുതല മതിൽക്കെട്ടിനകത്ത് പ്രവേശിച്ചതെന്നാണ് നിഗമനം.

ഗൃഹനാഥനായ ഫെർണാഡോ ജോലിക്കു പോയപ്പോഴായിരുന്നു മുതലയുടെ രംഗപ്രവേശം. വീടിന്റെ പിന്നിൽ മുതലയെ കണ്ട ഫെർണാഡോയുടെ അമ്മയാണ് ഫോൺവിളിച്ച് കാര്യമറിയിച്ചത്. ഫെർണാഡോ ഉടൻതന്നെ സുരക്ഷാജീവനക്കാരുമായി വീട്ടിലെത്തി. പിടികൂടാൻ ശ്രമിച്ചപ്പോൾ കലിയിളകിയ മുതല അവിടെയുണ്ടായിരുന്ന സാധനങ്ങളെല്ലാം തകർത്തെറിഞ്ഞിരുന്നു. താഴെ കിടന്നുരുണ്ടും വാലിട്ടടിച്ചുമെല്ലാം മുതല രോഷം പ്രകടിപ്പിച്ചു. 

മുതലയുടെ വാലുകൊണ്ടുള്ള ശക്തമായ പ്രഹരമേറ്റ് ജനാലകളുടെ ചില്ലും തകർന്നിരുന്നു.ഏറെ പരിശ്രമത്തിനു ശേഷം കുടുക്കിട്ട് പിടികൂടിയ മുതലയെ നാല് സുരക്ഷാജീവനക്കാർ ചേർന്ന് അതിന്റെ വാസസ്ഥാനത്തുകൊണ്ടുപോയി തിരികെ വിട്ടു. അക്രമാസക്തനായ മുതലയുടെ ദൃശ്യങ്ങൾ ഫെർണാഡോ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

English Summary: Angry Alligator Trashes Family's Backyard. Watch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com