sections
MORE

അലാസ്കന്‍ ദ്വീപിൽ ചെന്നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കി; അവശേഷിക്കുന്നത് 5 എണ്ണം മാത്രം, കാരണം?

Wolves
SHARE

അലാസ്കയിലെ പ്രിന്‍സ് വെയ്ൽല്‍സ് ദ്വീപിലാണ് ഒരു ശൈത്യകാലം കൊണ്ട് ചെന്നായ്ക്കള്‍ ഏതാണ്ട് പൂര്‍ണമായും തുടച്ചുമാറ്റപ്പെട്ടത്. അതും സ്വാഭാവികമായ കാരണങ്ങള്‍ കൊണ്ടോ പകര്‍ച്ച വ്യാധികൊണ്ടോ അല്ല മറിച്ച് നിയമപരമായ വേട്ട മൂലമാണ് ഇത് സംഭവിച്ചത്. ഈ ദ്വീപിലെ 170 ചെന്നായ്ക്കളില്‍ 165 എണ്ണത്തിനെയാണ് 2019-2020 ശൈത്യകാലത്ത് വേട്ടക്കാര്‍ കൊന്നൊടുക്കിയത്. ടോംഗാസ് എന്ന് പേരുള്ള ദേശീയ സംരക്ഷിത വനമേഖലയിലാണ് ഇത് സംഭവിച്ചതെന്നതാണ് മറ്റൊരു ആശങ്കപ്പെടുത്തുന്ന കാര്യം.

ട്രോഫി ഹണ്ട്

വന്യജീവികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത് തടയാന്‍ വര്‍ഷത്തിലൊരിക്കന്‍ നടത്തുന്ന ഒന്നാണ് ട്രോഫി ഹണ്ട്. യുഎസിലും, കാനഡിലും പല യൂറോപ്യന്‍ രാജ്യങ്ങളിലും, ആഫ്രിക്കയില ചില രാജ്യങ്ങളിലുമെല്ലാം ഇത് വ്യാപകമാണ്. മുന്‍കൂര്‍ ലൈസന്‍സ് നല്‍കിയ ശേഷമാണ് വേട്ടക്കാരെ വേട്ടയാടാന്‍ അനുവദിക്കുക. ഇങ്ങനെ ലൈസന്‍സിനായി വലിയ തുകയാണ് സർക്കാറിലേക്ക് അടക്കേണ്ടി വരിക. എന്നാല്‍ പലപ്പോഴും ഈ ട്രോഫി ഹണ്ട് നിയമത്തിന്‍റ പരിധിയില്‍ നില്‍ക്കാറില്ലെന്നതാണ് വസ്തുത.

യുഎസിന്‍റെ നിയന്ത്രണത്തിലുള്ള അലാസ്കയില്‍ സംഭവിച്ചതും മറ്റൊന്നല്ല. എണ്ണം നിയന്ത്രിക്കുന്നതിനായി ചെന്നായ്ക്കളെ വേട്ടയാടാന്‍ നല്‍കിയ അനുമതിയാണ് ഒരു ദ്വീപിലെ ചെന്നായ് വംശത്തെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന അവസ്ഥയിലേക്കെത്തിച്ചത്. ആനിമല്‍ ട്രാപ്പിങ് എന്നറിയപ്പെടുന്ന ട്രോഫി ഹണ്ടിങ് രീതിയാണ് പ്രിന്‍സ് ഓഫ് വെയ്ല്‍സ് ദ്വീപില്‍ വേട്ടക്കാര്‍ അവലംബിച്ചത്. മൃഗങ്ങളെ കെണിയില്‍ കുടുക്കി പിടികൂടിയ ശേഷം അവയെ കൊല്ലുന്നതാണ് ഈ രീതി.

വൂള്‍ഫ് മാനേജ്മെന്‍റ് പ്രോഗ്രാം 

യുഎസ് ഫോറസ്റ്റ് സര്‍വീസ് തന്നെ നടപ്പിലാക്കുന്ന വൂള്‍ഫ് മാനേജ്മെന്‍റ് പ്രോഗ്രാമിന്‍റ ഭാഗമായി ചെന്നായ്ക്കളുടെ എണ്ണം നിയന്ത്രിക്കാനാണ് അധികൃതര്‍ വേട്ടയ്ക്കുള്ള അനുമതി നല്‍കിയത്. ചെന്നായ്ക്കളുടെ എണ്ണം വർധിച്ചത് പ്രദേശത്തെ മാനുകളുടെ നിലനില്‍പ്പിനു പോലും ഭീഷണിയായ അവസ്ഥയിലേക്കെത്തിയതോടെയാണ് ഇത്തരം ഒരു അനുമതി നല്‍കിയതെന്നാണ് അധികൃതരുട വിശദീകരണം. എന്നാല്‍ ഇത്തരം അനുമതികള്‍ നല്‍കുമ്പോള്‍ ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങള്‍ക്ക് വേണ്ടത്ത പ്രാധാന്യം നല്‍കാത്തതാണ് ഒരു മേഖലയില്‍ തന്നെയുള്ള ചെന്നായ്ക്കള്‍ കൂട്ടത്തോടെ വേട്ടയാടപ്പെടാന്‍ കാരണമായതും.

ഒരു ജീവിയുടെ അംഗസംഖ്യ നിയന്ത്രിക്കാനുള്ള ശ്രമത്തിനൊപ്പം അവയുടെ നിലനില്‍പ്പ് കൂടി ഉറപ്പു വരുത്തണമെന്ന ബോധമില്ലാതെ പോയതാണ് ഈ പ്രതിസന്ധിയിലേക്കു വഴിവച്ചതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ വിമര്‍ശിക്കുന്നു. പ്രിന്‍സ് ഓഫ് വെയ്ല്‍സ് ഒരു ദ്വീപ് ആയതിനാല്‍ ഈ മേഖലയിലെ ചെന്നായ്ക്കളെ കെണിയില്‍ കുടുക്കാന്‍ എളുപ്പമാണ് എന്നതാണ് വേട്ടക്കാരെ കൂട്ടത്തോടെ ഇവിടേക്കെത്തിച്ചതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ദ്വീപുകളില്‍ നിന്ന് പിടികൂടേണ്ട ചെന്നായ്ക്കളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് ചെയ്യേണ്ടിയിരുന്നതെന്നതാണ് ഇവരുടെ വാദം.

ചെന്നായ്ക്കളുടെ ഭാവി

2018 ലെ സെന്‍സസ് അനുസരിച്ചാണ് ഈ മേഖലയില്‍ ഉള്ളത് 170 ചെന്നായ്ക്കളാണെന്ന് കണക്കാക്കുന്നത്. അപ്പോള്‍ ദ്വീപില്‍ ഇനി അവശേഷിക്കുന്നത് വെറും അഞ്ച് ചെന്നായ്ക്കള്‍ മാത്രമാണ്. ഈ സ്ഥിതി ചെന്നായ്ക്കളുടെ നിലനില്‍പ്പിനെ തന്നെ ബാധിച്ചേക്കാമെന്നാണ് ഇപ്പോഴത്തെ ഭയം. കാരണം ഇവയുടെ വേട്ട ഒഴിവാക്കിയാലും കാലാവസ്ഥാ വ്യതിയാനവും, ജൈവ വ്യവസ്ഥയുടെ നാശവും മലിനീകരണവുമുള്‍പ്പടെ മറ്റ് പ്രതിസന്ധികളും ഇവ നേരിടുന്നുണ്ട്. അതുകൊണ്ട് തന്ന കഴിഞ്ഞ വര്‍ഷം വരെ ചെന്നായ്ക്കളുടെ എണ്ണം കുറയ്ക്കാനായി ശ്രമിച്ച അധികൃതര്‍ക്ക് ഇനി വരുന്ന വര്‍ഷങ്ങളില്‍ അവയുടെ നിലനില്‍പ്പ് ഉറപ്പു വരുത്തുന്നതിനായി വിയര്‍പ്പൊഴുക്കേണ്ടി വരും.

English Summary: Trappers See Almost All Of The Wolves On This Alaskan Island Killed In One Winter

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA