ADVERTISEMENT

ലോക്ഡൗൺ ദിനങ്ങൾ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്  നാട്ടുകാര്‍ പടയപ്പടെന്നു വിളിക്കുന്ന കാട്ടുകൊമ്പന്‍. ആളൊഴിഞ്ഞ മൂന്നാറിന്റെ തെരുവുകള്‍ കീഴടക്കി പടയപ്പ വിലസുകയാണ്. പടക്കമെറിഞ്ഞ് കാട്ടിലേക്കയയ്ക്കാന്‍ ശ്രമിച്ചിട്ടും നാടുവിടാന്‍ പടയപ്പ തയാറല്ല.

കഴിഞ്ഞ രണ്ടാഴ്ചയായി മൂന്നാര്‍ ടൗണിലും സമീപപ്രദേശങ്ങളിലും കറങ്ങുന്ന കാട്ടുകൊമ്പന്‍ മൂന്നാറിന്റെ നഗരവീഥിയും കൈയടക്കി. ആളുകള്‍ ബഹളമുണ്ടാക്കിയിട്ടും പടയപ്പ അരെയും കണ്ടഭാവം നടിച്ചില്ല. അല്ലേങ്കിലും കാടിറങ്ങുന്ന കൊമ്പന്‍ പടയപ്പയാണെങ്കില്‍ ജനങ്ങള്‍ക്ക് ഭയമില്ല.  പടയപ്പയുടെ ശാന്തസ്വഭാവം തന്നെയാണ് അതിനു കാരണം. നല്ലതണ്ണി  മലയിറങ്ങി നാട്ടിലെത്തിയ പടയപ്പ എം.ജി റോഡിലേക്ക് പ്രവേശിക്കുവാന്‍ തുടങ്ങിയെങ്കിലും പ്രദേശത്തെ വീടുകളിലുള്ളവര്‍ പുറത്തിറങ്ങിയതോടെ ആ വഴിയിലൂടെയുള്ള നടത്തം വേണ്ടെന്നു വച്ചു.

മൂന്നാര്‍ ടൗണിലെത്തിയതോടെ വനംവകുപ്പ് പടക്കമെറിഞ്ഞ് കാടുകയറ്റാന്‍ ശ്രമിച്ചു. എന്നാല്‍  ശാന്തനായി പ്രധാന പാതയിലൂടെ സഞ്ചരിച്ചെത്തിയത് പഞ്ചായത്തിന്റെയും  വനംവകുപ്പിന്റെയും  ഓഫീസില്‍. പടക്കം പൊട്ടിച്ചും, പുലിയുടെ ശബ്ദം  കേൾപ്പിച്ചും പടയപ്പയെ തുരത്താനുള്ള  ശ്രമവും പരാജയപ്പെട്ടു. നാടിന്റെ തിരക്കൊഴിഞ്ഞ് നാട്ടുകാര്‍  വീട്ടിലിരിക്കുമ്പോള്‍ പടയപ്പയുള്‍പ്പടെയുള്ള  വന്യജീവികള്‍ നാട്ടിലിറങ്ങി ലോക്ക്ഡൗണ്‍ ദിവസങ്ങള്‍ ആസ്വദിക്കുകയാണ്.

ജനപ്രിയനായ പടയപ്പ

Padayappa

ഏകദേശം 45–50 നും ഇടയിൽ പ്രായമുണ്ട് പടയപ്പയ്ക്ക്. മൂന്നാർ–മറയൂർ റൂട്ടിലെ തലയാർ മുതൽ മാട്ടുപ്പെട്ടി വരെയുള്ള പ്രദേശമാണ് കക്ഷിയുടെ ആവാസ മേഖല. ഇതു വരെ ആരെയും ഉപദ്രവിച്ചിട്ടില്ലെന്ന പ്രത്യേകതയും പടയപ്പയ്ക്കുണ്ട്. മൂന്നാർ മേഖലയിൽ ഇടയ്ക്കിടെ നാട് ചുറ്റാൻ ഇറങ്ങുന്ന ഇവന്റെ തലയെടുപ്പും ഗാംഭീര്യവുമാണ് മറ്റു കാട്ടാനകളിൽ നിന്നു വേറിട്ട് നിർത്തുന്നത്. പ്രദേശവാസികളുടേയും ആന പ്രേമികളുടെയും ഇഷ്ടക്കാരനായ പടയപ്പ പക്ഷേ ഇടയ്ക്കൊക്കെ ഇവരെ ആശങ്കയിലാഴ്ത്തി മുങ്ങും. ചിലപ്പോൾ 6 മാസം വരെ നീണ്ടു നിൽക്കും, ആ ഒളിച്ചോട്ടം. പിന്നെ ഒന്നും അറിയാത്തവനെ പോലെ തിരിച്ചെത്തുകയാണ് പതിവ്. കഴിഞ്ഞ 6 മാസത്തിലധികമായി മൂന്നാർ മേഖലയിൽ നിറ സാന്നിധ്യം ആയ ഇവന് അടുത്തയിടെ മദപ്പാട് ശ്രദ്ധയിൽ പെട്ടിരുന്നു. പടയപ്പ വാർധക്യ സഹജമായ അവശതകൾ നേരിടാൻ തുടങ്ങിയതായി ഇവനെ സ്ഥിരമായി നിരീക്ഷിക്കുന്നവർ പറയുന്നു.സമൂഹ മാധ്യമങ്ങളിലും ഏറെ ജനപ്രിയനാണ് പടയപ്പ.

English Summary: Padayappa roams streets of Munnar during lockdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com