ADVERTISEMENT

മാസങ്ങൾ നീണ്ട ലോക്ഡൗണിന് ശേഷവും കൊറോണ ഭീതി ലോകത്തെ വിട്ടൊഴിയുന്നില്ല. ഈ സാഹചര്യത്തിൽ രോഗബാധിതരെ വേഗത്തിൽ കണ്ടെത്താനുള്ള എല്ലാ മാർഗങ്ങളും പരീക്ഷിക്കുകയാണ് ശാസ്ത്രജ്ഞർ. നിമിഷനേരം കൊണ്ട് ഫലം അറിയുന്ന പരിശോധനാ സംവിധാനങ്ങൾ കണ്ടെത്തിക്കഴിഞ്ഞു എങ്കിലും രോഗവ്യാപനം തടയാൻ മറ്റു സാധ്യതകളും പരീക്ഷിച്ചു കൊണ്ടിരിക്കുന്നു. അതിന്റെ ഭാഗമായി നായകളെ ഉപയോഗിച്ച് കോവിഡ് ബാധിതരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഒരു കൂട്ടം ഗവേഷകർ.

പെൻസിൽവാനിയ സർവകലാശാലയിലെ സ്കൂൾ ഓഫ് വെറ്ററിനറി മെഡിസിനിലെ ഗവേഷകരാണ് രോഗികളെ മണത്തു കണ്ടുപിടിക്കാൻ നായകളെ ഉപയോഗിക്കുന്നതിന്റെ സാധ്യതകൾ പരീക്ഷിക്കുന്നത്. രോഗബാധിതരായവരെയും പരിശോധനാഫലങ്ങൾ നെഗറ്റീവായവരെയും വേർതിരിച്ചറിയാൻ നായകളെ പരിശീലിപ്പിക്കുന്നതിനാണ് ശ്രമം. എട്ടു നായകളെ ആണ് ആദ്യഘട്ടത്തിൽ പരീക്ഷണത്തിനായി ഉപയോഗിക്കുന്നത്. കോവിഡ് രോഗികളുടെ ഉമിനീരിന്റെയും മൂത്രത്തിന്റെയും ഗന്ധം മൂന്നാഴ്ച നീണ്ട പരിശീലനത്തിലൂടെ അവയ്ക്ക് പരിചിതമാക്കുകയാണ് ആദ്യം ചെയ്യുന്നത്. അതിനുശേഷം രോഗബാധയില്ലാത്തവരുടെ ഗന്ധം അവയ്ക്ക് തിരിച്ചറിയാൻ ആകുന്നുണ്ടോ എന്ന് പരിശോധിക്കും.

നായകൾക്ക് കോവിഡ് രോഗികളെ തിരിച്ചറിയാൻ സാധിച്ചാൽ അത് സുപ്രധാനമായ വഴിത്തിരിവായിരിക്കുമെന്ന് പെൻസിൽവാനിയയിലെ വർക്കിങ് ഡോഗ് സെന്ററിന്റെ ഡയറക്ടറായ സിന്തിയ ഓട്ടോ പ്രസ്താവനയിൽ  പറയുന്നു. രോഗത്തിൻ്റെ സമൂഹ വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങൾക്ക് ഇത് ഏറെ ഗുണകരമാകുമെന്നാണ് പ്രതീക്ഷ.

നായകളെ ഉപയോഗിച്ച് രോഗികളെ കണ്ടെത്തുന്നതിനുള്ള സാധ്യത പൂർണമായും തള്ളിക്കളയാനാവില്ല. കാരണം മനുഷ്യന്റെ മൂക്കിൽ ആറ് ദശലക്ഷം ഗന്ധ ഗ്രാഹികളാണുള്ള തെങ്കിൽ നായകൾക്ക് 300 ദശലക്ഷം ഗന്ധഗ്രാഹികളാണുള്ളത്. മനുഷ്യശരീരത്തിൽ ക്യാൻസർ, ബാക്ടീരിയ മൂലം ഉണ്ടാകുന്ന അണുബാധ എന്നിങ്ങനെയുള്ള രോഗങ്ങൾ ഉണ്ടാകുന്നതിന് മൂല കാരണമായ  അസ്ഥിരമായ ജൈവ സംയുക്തങ്ങൾ കുറഞ്ഞ സാന്ദ്രതയിൽ പോലും മണത്ത് കണ്ടുപിടിക്കാൻ നായകൾക്ക് കഴിയുമെന്ന് മുൻപ് തന്നെ കണ്ടെത്തിയിരുന്നു. മനുഷ്യന്റെ ഉമിനീര്, രക്തം. ശ്വാസം,  മൂത്രം എന്നിവയിൽ പോലും ഇത്തരം അസ്ഥിരമായ ജൈവ സംയുക്തങ്ങളുടെ സാന്നിധ്യം ഉണ്ടാകും.

മലേറിയ ബാധിച്ച വ്യക്തി ധരിച്ച സോക്സിന്റെ ഗന്ധത്തിൽ നിന്ന് പോലും രോഗബാധയുള്ള ആളെ തിരിച്ചറിയാൻ നായകൾക്ക് സാധിക്കും എന്ന് മുൻപ് കണ്ടെത്തിയിട്ടുണ്ട്. ഇത് കണക്കിലെടുത്ത് രോഗലക്ഷണങ്ങൾ പ്രകടമാക്കാത്ത കോവിഡ് ബാധിതരെയും നായകളെ ഉപയോഗിച്ച് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.

രോഗബാധിതരെയും അല്ലാത്തവരെയും വേർതിരിച്ചറിയാൻ ജൂലൈ മാസത്തോടെ നായകളെ ഉപയോഗിക്കാൻ സാധിക്കും എന്നാണ് ഗവേഷകരുടെ കണക്കുകൂട്ടൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com