ADVERTISEMENT

ആമകൾ അടക്കമുള്ള ജീവികളെ ആക്രമിക്കുന്നതിനാൽ പല്ലികളെ തുരത്താൻ ജനങ്ങളുടെ സഹായം ആവശ്യപ്പെട്ടിരിക്കുകയാണ് ജോർജിയയിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ. പല്ലികൾ എങ്ങനെ വലിയ ആമകളെ ആക്രമിക്കും എന്നല്ലേ. അവ സാധാരണ പല്ലികളല്ല, കറുപ്പും വെളുപ്പും ഇടകലർന്ന നിറത്തിൽ നാലടിയോളം നീളമുള്ള ടെഗു പല്ലികളാണ് ജോർജിയയിലെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് തലവേദനയായിരിക്കുന്നത്.

കണ്ണിൽ കാണുന്ന എന്തിനേയും ഭക്ഷിക്കുന്ന പ്രകൃതക്കാരാണ് ഈ ഉരഗങ്ങൾ. കാടകളുടെയും ഗോഫർ ആമകളുടെയും മുട്ടകളാണ് ഇവയുടെ ഇഷ്ട ഭക്ഷണം. ഗോഫർ ആമകളാകട്ടെ ജോർജിയയിൽ പ്രത്യേക സംരക്ഷണം നൽകിവരുന്ന ഇനവുമാണ്. പ്രാദേശിക ജീവികളുടെ നിലനിൽപിനു തന്നെ പല്ലികൾ ഭീഷണിയാകുന്നതിനാലാണ് ഇവയെ തുരത്താൻ ജനങ്ങളുടെ കൂടി സഹായത്തോടെ ശ്രമങ്ങൾ നടത്താൻ അധികൃതർ തീരുമാനിച്ചിരിക്കുന്നത്.

അർജൻറീന, ബ്രസീൽ പരഗ്വേ, ഉറുഗ്വേ എന്നിവിടങ്ങളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി തെക്കൻ ഫ്ലോറിഡയിലെ പല ഇടങ്ങളിലും ഇവയുടെ സാന്നിധ്യം കൂടുതലായി കണ്ടുവരുന്നുണ്ട്. കണ്ണിൽക്കാണുന്ന കോഴിമുട്ടകളും പച്ചക്കറികളും ഫലവർഗങ്ങളും വളർത്തുമൃഗങ്ങൾക്കുള്ള തീറ്റയും ജീവികളെയുമെല്ലാം ഇവ ഭക്ഷണമാക്കുന്നതായി ജോർജിയ ഡിപ്പാർട്ട്മെന്റ് ഓഫ് നാച്വറൽ റിസോഴ്സസ് വ്യക്തമാക്കി.

നാലര കിലോഗ്രാം വരെ തൂക്കം വയ്ക്കുന്ന ടെഗു പല്ലികൾ 20 വർഷം വരെ ജീവിക്കുന്നവയാണ്. സാൽവറ്റർ മെരിയാനെയ് എന്നാണ് ഇവയുടെ ശാസ്ത്രീയനാമം. വളരെ വേഗത്തിൽ സഞ്ചരിക്കുന്ന ഈ പല്ലികൾ പകൽ സമയത്താണ് കൂടുതലായും ഇരതേടുന്നത്. ഇവയെ വളർത്തു മൃഗങ്ങളായി വീടുകളിൽ വളർത്തുന്നവരുമുണ്ട്. എന്നാൽ അവയെപുറത്തേക്ക് തുറന്നു വിടുന്നതിന് നിയമം അനുവദിക്കുന്നില്ല. ഉടമസ്ഥരുടെ പക്കൽ നിന്നും രക്ഷപ്പെട്ടോ അല്ലെങ്കിൽ നിയമം ലംഘിച്ച് തുറന്നു വിട്ടതോ ആയ ടെഗു പല്ലികളാണ് ഫ്ലോറിഡയിൽ കൂടുതലായുള്ളത്. അവിടെ നിന്നുമാകാം ഇവ ഇപ്പോൾ ജോർജിയയിൽ എത്തിയതെന്നാണ് അധികൃതർ കരുതുന്നത്. ഇവയെ കണ്ടുകിട്ടുന്നവർ ഉടൻതന്നെ അധികൃതരെ വിവരം അറിയിക്കണമെന്നാണ് അറിയിപ്പ്. പല്ലികളെ കുടുക്കുന്നതിനായി കൂടുതൽ കെണികൾ സ്ഥാപിക്കാൻ ജനങ്ങളുടെ കൂടി സഹകരണം കൂടിയേ തീരൂ എന്ന നിലപാടിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ.

English Summary: Georgia Wildlife Officials Ask Public For Help Eradicating Invasive 4-Foot Lizards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com