ADVERTISEMENT

മനുഷ്യനെ പോലെ തന്നെ എല്ലാ ജീവികൾക്കും തൻറെ മക്കൾ ഏറെ പ്രിയപ്പെട്ടതാണ്. ഏതാപത്തിലും സ്വന്തം ജീവൻ പണയപ്പെടുത്തി വരെ കുഞ്ഞുങ്ങളെ രക്ഷിക്കാൻ മാതാപിതാക്കൾ തയാറാകും. അത്തരത്തിൽ ഇലക്ട്രിക് ലൈനിൽ കുടുങ്ങിപ്പോയ തന്റെ കുഞ്ഞിനെ രക്ഷിക്കാൻ ഒരു അമ്മക്കുരങ്ങ് നടത്തിയ സാഹസത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

രാജസ്ഥാനിൽ നിന്നുള്ളതാണ് ഹൃദയസ്പർശിയായ ദൃശ്യം. ഒരു ബഹുനില കെട്ടിടത്തിനു മുകളിലിരിക്കുമ്പോൾ എങ്ങനെയോ ഇലക്ട്രിക് ലൈനിൽ കുടുങ്ങി പോയതാണ് ഒരു കുട്ടി കുരങ്ങ്.  തിരികെ കെട്ടിടത്തിനു മുകളിലേക്കെത്താൻ കുഞ്ഞിന് കഴിഞ്ഞില്ല. നിലം പതിച്ചാൽ കുഞ്ഞ് ചത്തു പോകും എന്നുറപ്പായതിനാലാവണം നിസ്സഹായതയോടെ പരക്കം പായുന്ന അമ്മക്കുരങ്ങിനെ ദൃശ്യങ്ങളിൽ കാണാം. 

കുട്ടിക്കുരങ്ങ് അപകടത്തിൽ പെട്ടതു കണ്ട് മറ്റു കുരങ്ങുകളും അവിടെയെത്തി. വീഴാൻ പോകുമ്പോൾ ഒരു കമ്പിയിൽ നിന്നും മറ്റൊരു കമ്പിയിലേക്കു പിടിച്ച് തൂങ്ങിയാടുകയായിരുന്നു കുട്ടിക്കുരങ്ങ് ആ സമയമത്രയും. ഒടുവിൽ നിലതെറ്റി കുഞ്ഞു താഴേക്ക് പതിക്കും എന്ന അവസ്ഥ എത്തിയപ്പോൾ ഏതുവിധേനയും കുഞ്ഞിനെ രക്ഷിക്കാൻ അമ്മക്കുരങ്ങ് ഇലക്ട്രിക് ലൈനിലേക്ക്  എടുത്തുചാടി. എന്നാൽ ആദ്യ ശ്രമം ഫലം കണ്ടില്ലെന്നു മാത്രമല്ല കുഞ്ഞിനെ വീണ്ടും അപകടത്തിലാക്കുകയും ചെയ്തു. 

ഇതു മനസ്സിലാക്കി അമ്മക്കുരങ്ങ് പെട്ടെന്നു തന്നെ തിരികെ കെട്ടിടത്തിന് മുകളിലേക്ക് മടങ്ങി. ഇനിയും കാത്തുനിന്നാൽ അപകടമാണെന്ന് മനസ്സിലാക്കിയാവണം അമ്മക്കുരങ്ങ് ഒരു ശ്രമം കൂടി നടത്തി നോക്കി. ഇത്തവണ കൃത്യമായി കുഞ്ഞിന്റെ അരികിലേക്കു തന്നെയെത്തിയ അമ്മക്കുരങ്ങ് വേഗം അതിനെ ചേർത്തുപിടിച്ച് സാഹസികമായി തിരികെ കെട്ടിടത്തിലേക്ക് ചാടി രക്ഷപെട്ടു. കുട്ടി കുരങ്ങ് ഇലക്ട്രിക് ലൈനിൽ കുരുങ്ങിയത് കണ്ട് ആരെങ്കിലും വൈദ്യുതി പ്രവാഹം നിർത്തിവെച്ചതിനാലാവണം വൈദ്യുതാഘാതമേൽക്കാതെ കുഞ്ഞ് രക്ഷപ്പെട്ടത്.

English Summary: Monkey risks life to rescue her baby stranded on power lines

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com