ADVERTISEMENT

ആള്‍ത്തിരക്കൊഴിഞ്ഞ മൂന്നാര്‍ ടൗണിൽ കാട്ടുകൊമ്പൻ പടയപ്പയും സംഘവും വീണ്ടും നടക്കാനിറങ്ങി. ലോക്ഡൗൺ  കാലത്തെ സ്ഥിരം കാഴ്ചകളിലൊന്നാണ് മൂന്നാറിലെ  നിരത്തിലിറങ്ങുന്ന കാട്ടാനകള്‍. നാട്ടുകാർ സ്നേഹത്തോടെ പടയപ്പയെന്നു വിളിക്കുന്ന ഉപദ്രവകാരിയല്ലാത്ത കാട്ടുകൊമ്പൻ, സാധാരണ ഒറ്റയ്ക്ക് നാട് കാണാൻ ഇറങ്ങുന്ന പടയപ്പ കൂട്ടുകാരുമൊത്താണ് ഈ തവണ മൂന്നാർ ടൗണിൽ എത്തിയത്. കഴിഞ്ഞ രാത്രി പടയപ്പയുള്‍പ്പെടെ മൂന്ന് കൊമ്പന്‍മാര്‍ മൂന്നാറിന്റെ നിരത്തുകളില്‍ ഏറെ സമയം ചിലവഴിച്ചു.

മൂന്നാര്‍ ടൗണ്‍, മാട്ടുപ്പെട്ടി റോഡ്, മറയൂര്‍ റോഡ് എന്നിവടങ്ങളിലെല്ലാം കറങ്ങിയാണ്  കാടുകയറിയതു.മുമ്പുണ്ടായിരുന്നതുപോലെ തിരക്കില്ലാത്തതും രാത്രികളിൽ മൂന്നാറിന്റെ വഴിയോരങ്ങള്‍ വിജനമായതോടെയുമാണ് ആനകള്‍ ടൗണിൽ ഇറങ്ങി തുടങ്ങിയത്. പടയപ്പ വലിയ നാശനഷ്ടങ്ങളൊന്നും സൃഷ്ടിക്കാതെയാണ് ടൗണിലെത്തി തിരികെ മടങ്ങുന്നത്. എന്നാൽ മറ്റാനകൾ അങ്ങനെയല്ല.

സാധാരണയായി ഒറ്റയാൻമാർ ഒറ്റയ്ക്കാണ് നടപ്പ്. എന്നാൽ കഴിഞ്ഞ ദിവസം മൂന്നാർ പഞ്ചായത്ത് ഓഫിസിനു മുന്നിലെത്തിയ ഗണേശൻ എന്ന കൊമ്പന് കൂട്ടായി മറ്റൊരു കൊമ്പനുമെത്തിയിരുന്നു. മൂന്നാറിൽ മുൻപ് കണ്ടിട്ടില്ലാത്ത കൊമ്പനായിരുന്നു ഗണേശന്റെ കൂട്ടാളി. ഇരുവരും ഒന്നിച്ച് ജനറൽ ആശുപത്രിവഴി മൂന്നാർ ടൗണിലാണ് ആദ്യമെത്തിയത്. അവിടെ ഒരു പച്ചക്കറിക്കട തകർത്ത് പച്ചക്കറി മുഴുവൻ അകത്താക്കിയ ശേഷം നല്ലതണ്ണി റോഡു വഴിയാണ് കാടുകയറിയത്.

കഴിഞ്ഞ വ്യാഴാഴ്ച അർധരാത്രി ആനയിറങ്കലിലെ എം.എം.രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള റേഷൻ കട തകർത്ത് 2 ചാക്ക് അരി തിന്ന അരികൊമ്പൻ എന്ന് അറിയപ്പെടുന്ന ഒറ്റയാൻ വെള്ളിയാഴ്ച രാത്രി ഒൻപതോടെ വീണ്ടും മേഖലയിലെത്തി നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരുന്നു. റേഷൻ‌ കടയുടെ സമീപം എത്തിയ അരികൊമ്പൻ നാട്ടുകാർ ബഹളം വച്ചതിനെത്തുടർന്ന് 50 മീറ്ററോളം പിന്നിലേക്കു മാറി തേയിലത്തോട്ടത്തിൽ നിലയുറപ്പിച്ചു. ആളുകൾ പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചും ശബ്ദം ഉണ്ടാക്കിയതോടെ കൊമ്പൻ വീണ്ടും കാടു കയറുകയായിരുന്നു.

2 ദിവസം മുൻപു വരെ ചിന്നക്കനാൽ 80 ഏക്കർ ഭാഗത്തു നിലയുറപ്പിച്ച ഒറ്റയാൻ വലിയ ജലാശയം നീന്തിക്കടന്നാണ് ആനയിറങ്കൽ ഭാഗത്ത് എത്തിയത്. റേഷൻ കടയിലെ അരിയും സമീപത്തെ അങ്കണവാടിയിൽ സൂക്ഷിച്ചിട്ടുള്ള ശർക്കരയുമാണു കൊമ്പനെ ഇവിടേക്ക് ആകർഷിക്കുന്നതെന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വ്യാഴാഴ്ച അർധരാത്രി ഇവിടെ എത്തിയ അരികൊമ്പൻ ആദ്യം അങ്കണവാടിയുടെ മേൽക്കൂര പൊളിക്കാനാണു ശ്രമിച്ചത്. ഇതു പരാജയപ്പെട്ടതോടെയാണു റേഷൻ കടയുടെ കരിങ്കൽ ഭിത്തി പൊളിച്ച് അരി എടുത്തുകൊണ്ടുപോയത്. 

ആരു തളയ്ക്കും ഒറ്റയാൻമാരെ?

ജനവാസ മേഖലയിൽ ഇറങ്ങി ഭീതി വിതയ്ക്കുന്ന ഒറ്റയാൻമാരെ വനത്തിലേക്കു തുരത്താനുള്ള ശ്രമങ്ങൾ എല്ലാം പരാജയപ്പെടുന്നതിനാൽ വനം വകുപ്പും ജില്ലാ ഭരണകൂടവും നിസ്സഹായാവസ്ഥയിലാണ്.  അരികൊമ്പൻ, മുറിവാലൻ കൊമ്പൻ, ചക്കക്കൊമ്പൻ എന്നീ ഒറ്റയാൻമാരാണു മേഖലയിലെ സ്വൈരജീവിതം ഇല്ലാതാക്കുന്നത്. ദേവികുളം റേഞ്ചിനു കീഴിൽ കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടയിൽ 40 പേരുടെ ജീവനാണു കാട്ടാന ആക്രമണങ്ങളിൽ പൊലിഞ്ഞത്. ഫെബ്രുവരി 24ന് അപ്പർ സൂര്യനെല്ലിയിൽ ഭിന്നശേഷിക്കാരനായ തങ്കരാജി (71) നെ മുറിവാലൻ കൊമ്പൻ ചവിട്ടിക്കൊലപ്പെടുത്തിയതാണ് അവസാനത്തെ സംഭവം. 

കഴി‍ഞ്ഞ വർഷം 2 പേരും 2018 ൽ 4 പേരും കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. ചിന്നക്കനാൽ പഞ്ചായത്തിലെ അപ്പർ സൂര്യനെല്ലി, നാഗമല, ചെമ്പകത്തൊഴുക്കുടി, ബിഎൽ റാം, 301 കോളനി, വെലക്ക്, സിമന്റ് പാലം, ഇൗട്ടിത്തേരി, പെരിയകനാൽ മേഖലകളിലാണു കാട്ടാനശല്യം രൂക്ഷമാകുന്നത്. ശാന്തൻപാറ പഞ്ചായത്തിലെ ആനയിറങ്കൽ, ചൂണ്ടൽ, മൂലത്തുറ, മുള്ളൻതണ്ട്, ശങ്കരപാണ്ഡ്യമെട്ട്, കോരമ്പാറ ഭാഗങ്ങളിലും പതിവായി കാട്ടാന ജനവാസ മേഖലകളിൽ ഇറങ്ങാറുണ്ട്. രാജകുമാരി പഞ്ചായത്തിലെ മഞ്ഞക്കുഴിയിലും ബി ഡിവിഷനിലും കാട്ടാന ഭീഷണിയുണ്ട്.

അരി കൊമ്പനൊരു വമ്പൻ

ദേവികുളം റേഞ്ചിനു കീഴിൽ നാട്ടിലെത്തി നാശം വിതയ്ക്കുന്ന കാട്ടാനകളിൽ പ്രധാനിയാണ് അരി കൊമ്പൻ. വീടുകളും കടകളും കുത്തിപ്പൊളിച്ച് അരിയെടുത്തു തിന്നുന്നതു കൊണ്ടാണ് അക്രമകാരിയായ ഒറ്റയാന് അരികൊമ്പൻ എന്ന പേരു വന്നത്.  അരികൊമ്പനെ മയക്കുവെടി വച്ചു പിടികൂടാൻ 2018 ഒക്ടോബറിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിരുന്നു. എന്നാൽ 2 വർഷത്തോളം ആയിട്ടും കൊമ്പനെ തളയ്ക്കാൻ കഴിഞ്ഞിട്ടില്ല.

English Summary: Wild elephants roam in and around Kerala's Munnar during lockdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com