ADVERTISEMENT

മദ്യലഹരിയിൽ കരടിയെ പാർപ്പിച്ചിരുന്ന മതിൽക്കെട്ടുക്കൾ ചാടിക്കടന്നെത്തിയ മനുഷ്യൻ കരടിയെ മുക്കിക്കൊല്ലാൻ ശ്രമിച്ചു. പോളണ്ടിലെ വാർസോ മൃഗശാലയിലാണ് അപൂർവ സംഭവം നടന്നത്. മൃഗശാലയിലുണ്ടായിരുന്നവർ പകർത്തിയ ഈ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

ലോക്ഡൗണിനു ശേഷം അടുത്തിടെയാണ് മൃഗശാല വീണ്ടും തുറന്നത്. പിന്നാലെയാണ് നടുക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. മദ്യലഹരിയിൽ മൃഗശാലയിലെത്തിയ ഇയാൾ കരടിയെ പാർപ്പിച്ചിരിക്കുന്ന മതിൽക്കെട്ടിനുള്ളിലേക്ക് അനധികൃതമായി കയറുകയായിരുന്നു.സബീന എന്ന കരടിയെ പാർപ്പിച്ചിരിക്കുന്ന സ്ഥലത്തേക്കാണ് ഇയാൾ കടന്നു ചെന്നത്. ഇയാളെ കണ്ട് കരടി അടുത്തേക്കെത്തിയപ്പോൾ സമീപത്തുള്ള വെള്ളമൊഴുകുന്ന കനാലിലേക്ക് എടുത്തുചാടി. ആകാംക്ഷയോടെ ഇയാളെ പിന്തുടർന്ന കരടിയും വെള്ളത്തിലേക്ക് എടുത്തു ചാടി. 

ഇവിടെവച്ചാണ് ഇയാൾ മൽപിടുത്തത്തിനിടയിൽ കരടിയെ മുക്കിക്കൊല്ലാൻ ശ്രമിച്ചത്. സംഭവമറിഞ്ഞെത്തിയ അഗ്നിശമനസേന ഉദ്യോഗസ്ഥരാണ് ഇയാളെ രക്ഷിച്ചത്. ഇയാളുടെ പിടിയിൽ നിന്നും കുതറി മാറിയതിനാൽ സബീനയ്ക്കും കാര്യമായ പരിക്കുകളില്ലെന്ന് മ‍ൃഗശാല അധികൃതർ വ്യക്തമാക്കി. നേരിയ പരിക്കുകളോടെ ആക്രമിച്ച ആളെയും ആശുപത്രിയിലാക്കി.

ഇയാൾക്കെതിരെ മൃഗശാലയിൽ അതിക്രമിച്ചു കടന്നതിനും മൃഗത്തെ ആക്രമിച്ചതിനും വന്യജീവി സംരക്ഷണപ്രകാരം കേസെടുത്തു.  സബീനയെ പാർപ്പിച്ചിരുന്നടെത്ത് കയറിയിത് ഇയാളുടെ ഭാഗ്യമാണെന്നും മറ്റു ചെറിയ കരടികളുടെ കൈയിൽ പെട്ടാൽ ഇതിങ്ങിനെ ആവില്ലായിരുന്നുവെന്നും മ‍ൃഗശാലയുടെ പ്രതിനിധി കാർഷ്വേസ്ക്ക വ്യക്തമാക്കി.

അപ്രതീക്ഷിതമായ സംഭവത്തിൽ കരടി വല്ലാതെ ഭയന്നെന്നും കരടിയുടെ സംരക്ഷകരെത്തി ആശ്വസിപ്പിക്കുന്നതുവരെ ഒരേ സ്ഥലത്ത് തുടർന്നെന്നും അധികൃതർ പറഞ്ഞു. കാണികളെ ഏറെ ഇഷ്ടപ്പെടുന്ന അവരുടെ വരവ് ആസ്വദിക്കുന്ന സബീന കാണികളിൽ നിന്ന് ഇത്തരമൊരു ആക്രമണം പ്രതീക്ഷിച്ചിരുന്നില്ല. സുരക്ഷയെ കരുതി  സബീനയേയും പ്രായമുള്ള മറ്റൊരു കരടിയേയും മറ്റൊരു സ്ഥലത്തേക്ക് മാറ്റാനൊരുങ്ങുകയാണ് ഇപ്പോൾ അധികൃതർ.

English Summary: Man Enters Bear Enclosure At Zoo, Tries To Drown Animal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com