ADVERTISEMENT

ജനങ്ങളെ ഭീതിപ്പെടുത്തിയ അലിഗേറ്റർ ആമ പിടിയിലായി. സ്വതവേ ആമകൾ അപകടകാരികളല്ലെങ്കിലും അലിഗേറ്റർ സ്നാപ്പിങ് ആമകളുടെ കാര്യം അങ്ങനെയല്ല. പിടിക്കപ്പെടും എന്നു തോന്നിയാൽ ശത്രുക്കളെ ശക്തിയുള്ള താടിയെല്ലും പരുപരുത്ത മോണയും കൊണ്ട്  കടിച്ച് ആഴത്തിൽ മുറിവേൽപ്പിക്കാൻ വിരുതന്മാരാണ്. വടക്കൻ വെർജീനിയയിലെ അലക്സാണ്ട്രിയ എന്ന പ്രദേശത്ത് അലിഗേറ്റർ സ്നാപ്പിങ് ആമയെ കണ്ടതോടെ ജനങ്ങൾ പരിഭ്രാന്തിയിലായി.

അലക്സാണ്ട്രിയയിലെ ജനവാസ കേന്ദ്രത്തിലെ പ്രധാന റോഡിലാണ് ആമയെ ആദ്യം കണ്ടത്. ഫെയർഫാക്സ് പ്രവിശ്യയിൽ കണ്ടെത്തിയതിനാൽ ലോർഡ് ഫെയർഫാക്സ് എന്ന പേരാണ് ആമയ്ക്ക് നൽകിയിരിക്കുന്നത്. ആമ അപകടകാരിയാണെന്ന് തിരിച്ചറിഞ്ഞതോടെ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. എന്നാൽ വനപ്രദേശങ്ങളിൽ ജീവിക്കുന്ന ഈ ഇനത്തിൽപ്പെട്ട ആമകളിലൊന്ന് എങ്ങനെ ജനവാസ മേഖലയിൽ എത്തിപ്പെട്ടു എന്നതിനെക്കുറിച്ച് വ്യക്തതയില്ല.

മൃഗസംരക്ഷണ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആദ്യം ആമയെ ഫെയർഫാക്സിൽ തന്നെയുള്ള  മൃഗസംരക്ഷണ കേന്ദ്രത്തിലാക്കി. അതിനുശേഷം ഡിപ്പാർട്ട്മെന്റ് ഓഫ് ഗെയിം ആൻഡ് ഫിഷറീസിനു കൈമാറുകയും ചെയ്തു. നിലവിൽ 29 കിലോഗ്രാം ഭാരമുള്ള ആമ ശൈശവാവസ്ഥയിലുള്ളതാണെന്ന്  ഫിഷറീസ് ഉദ്യോഗസ്ഥർ പറയുന്നു. പ്രായമേറുന്തോറും 90 കിലോഗ്രാം വരെ അലിഗേറ്റർ ആമകൾക്കു ഭാരമുണ്ടാകും. നോഫോകിലുള്ള വെർജീനിയ മൃഗശാലയിലാണ് നിലവിൽ ലോർഡ് ഫെയർഫാക്സിനെ പാർപ്പിച്ചിരിക്കുന്നത്.

ശുദ്ധജലത്തില്‍ ജീവിക്കുന്ന ഏറ്റവും വലിയ ആമകളാണ് അലിഗേറ്റര്‍ സ്നാപ്പിംഗ് ആമകള്‍. തെക്കേ അമേരിക്കയിലും വടക്കേ അമേരിക്കയിലും  ഇവയെ കണ്ടുവരാറുണ്ട്. പക്ഷികളുടെ കൊക്കിനു സമാനമായ ആകൃതിയിലുള്ള വായയാണ് ഇവയുടെ മറ്റൊരു പ്രത്യേകത. ഈ ഇനത്തിൽപ്പെട്ട ആമകളെ കൈകാര്യം ചെയ്യുന്നവരുടെ വിരലുകള്‍ പലപ്പോഴും ഇവയുടെ കടിയേറ്റ് അറ്റുപോകുന്ന സംഭവങ്ങൾ ഉണ്ടാകാറുണ്ട്.വംശനാശം നേരിടുന്ന ജീവികളുടെ പട്ടികയിൽ അലിഗേറ്റർ സ്നാപ്പിങ് ആമകളും ഇടം നേടിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com