ADVERTISEMENT

മുംബൈയിൽ ലോക്ഡൗൺ കാലത്ത് അടയിരുന്ന പ്രാവിനു വിരിഞ്ഞത് കോഴിക്കുഞ്ഞുങ്ങൾ!. പ്രാവിനോ അയൽവാസികൾക്കോ പോലും അറിയാത്ത ‘രഹസ്യത്തിന്റെ ഭാരം’ പേറുന്നത് മധ്യവയസ്സു പിന്നിട്ട മലയാളി ദമ്പതികൾ. ഇനി അൽപം ഫ്ലാഷ് ബാക്ക്. പശ്ചിമ നഗരപ്രാന്തത്തിലെ ഏഴാം നിലയിലെ ഫ്ലാറ്റിൽ മലയാളികുടുംബം കോഴികളെ വളർത്തുന്നത് അയൽവാസികൾക്കു പോലും അറിയില്ല. കോഴികൾ കൂവുന്ന ശബ്ദം കേട്ട് അലാറമായിരിക്കും എന്ന് തെറ്റിദ്ധരിച്ച് തിരക്കിയവരുമുണ്ട്.

കോഴികൾക്ക് കൊത്തിച്ചികയാനുള്ള മണ്ണും ചവറും വരെ സജ്ജീകരിച്ചാണ് ബാൽക്കണിയിലെ കോഴിവളർത്തൽ.  പച്ചക്കറിക്കൃഷിയോടൊന്നും എതിർപ്പില്ലെങ്കിലും ഫ്ളാറ്റിനകത്തെ കോഴി വളർത്തൽ ഹൗസിങ് സൊസൈറ്റിയോ അയൽവാസികളോ സമ്മതിക്കില്ലെന്ന് ഉറപ്പായതിനാലാണ് ഇത് രഹസ്യമായി സൂക്ഷിക്കുന്നത്. ദമ്പതികളിൽ ഒരാൾ അധ്യാപിക ആയതിനാൽ ചിക്കൻ കറി വച്ച് സ്‌കൂളിലെ സഹപ്രവർത്തകർക്ക് ഇടയ്ക്കിടെ കൊണ്ടുപോകാറുള്ളതിനാൽ അവർക്ക് കഥയറിയാം. ഇങ്ങനെ ഇരിക്കുമ്പോഴാണ് ലോക്ഡൗൺ വന്നത്. മക്കൾ വിദേശത്തായതിനാൽ മധ്യവയസ്സു കഴിഞ്ഞ ദമ്പതികൾ തനിച്ചാണ് വീട്ടിൽ.

കൂട്ടിന് പൂവനും പിടയുമായി 2 കോഴികൾ ശേഷിക്കുന്നുണ്ട്. ബാൽക്കണിയിൽ ചെടിച്ചട്ടികളിൽ പ്രാവുകൾ വന്നിരിക്കുന്നത് പതിവാണ്. വെള്ളവും തീറ്റയും വച്ചുകൊടുക്കുന്നതിനാൽ അവ ഇണക്കം കാട്ടി അവിടെ തന്നെ ചേക്കേറും. പ്രാവുകൾ മുട്ടയിടാറുണ്ടെങ്കിലും അത് കാക്കകൾ കൊത്തിക്കൊണ്ടുപോകുന്നതിനാലാവാം പിന്നീട് കാണാറില്ല. ഇതിനിടയിലാണ് വീട്ടുകാരന് ഒരു കുസൃതി തോന്നിയത്. 2 കോഴിമുട്ടകൾ വീതം ഇവയുടെ കൂട്ടിൽ വച്ചുകൊടുത്തു. പ്രാവുകൾ വന്ന് കഥയറിയാതെ അടയിരിക്കാനും തുടങ്ങി. പ്രാവുകളുടെ സ്വകാര്യതയിൽ വീട്ടുകാർ ഇടപെടാറുമില്ല.

എന്നാൽ, കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ കോഴിക്കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ടാണ് വീട്ടുകാർ ഉണർന്നത്. 4 കുഞ്ഞുങ്ങളെയും കൂടോടെ ഒരു കുട്ടയിലാക്കി. ഇപ്പോൾ ഒരു  അമ്മ പ്രാവും അതിന്റെ ജോഡിയും കുട്ടയിലെത്തുന്നുണ്ട്. അമ്മ പ്രാവ് കൂടുതൽ സമയം കുട്ടയിൽ തന്നെ. വീട്ടുകാർ, തീറ്റയും വെള്ളവും വച്ചുകൊടുക്കും. എന്തെങ്കിലും അനക്കം കേട്ടാൽ കുഞ്ഞുങ്ങൾ ഓടി അമ്മ പ്രാവിന്റെ ചാരത്തണയും. കുഞ്ഞുങ്ങൾ അമ്മ പ്രാവിന്റെ കൊക്കിലും ചിറകിലും കൊത്തിനോക്കുന്നതൊക്കെ കൗതുകക്കാഴ്ചയാണെന്ന് ദമ്പതികൾ പറയുന്നു. കോഴിക്കുഞ്ഞുങ്ങളും അമ്മ പ്രാവും സഹവസിക്കുന്ന വിഡിയോ സ്‌കൂളിലെ അധ്യാപകരുടെ വാട്‌സാപ് ഗ്രൂപ്പിൽ ഇട്ടത് സഹപ്രവർത്തകർക്ക് വിസ്മയമായി. ഒട്ടേറെ പേർ കമന്റും ചെയ്തു.

അമ്മ പ്രാവിനെ ഹസ്ബൻഡ് ഡിവോഴ്‌സ് ചെയ്യുമെന്നായിരുന്നു ഒരു കമന്റ്. ഇത്രയൊക്കെയായെങ്കിലും അയൽവാസികളിൽ  നിന്ന് ഈ രഹസ്യം മറച്ചുപിടിക്കുകയാണ് ദമ്പതികൾ.  ലോക്ഡൗൺ തീരുന്നതിനു മുൻപ് തന്നെ അമ്മ പ്രാവ് കൂടൊഴിഞ്ഞേക്കാം. അല്ലെങ്കിൽ ഈ കുഞ്ഞുങ്ങൾക്ക് ഒരിക്കലും തന്നെപോലെ പറക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ് ആ അമ്മമനസ്സ് നൊന്തേക്കാം. എന്തുതന്നെയായാലും പറക്കമുറ്റാത്ത കുഞ്ഞുങ്ങൾ ഈ സ്‌നേഹത്തണലിൽ വളരും. തങ്ങളുടെ ജൻമ രഹസ്യമറിയാതെ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com