ADVERTISEMENT

അമ്മയെ പിരിഞ്ഞ പുള്ളിമാൻ കുഞ്ഞിന് അമ്മയുടെ കരുതലേകി വനം വകുപ്പിലെ  വാച്ചർമാര്‍. ഉമ്മുകുല്‍സുവെന്നാണ് പുളളിമാന്‍കുഞ്ഞിന്റെ പേര്. പാലക്കാട് വാളയാറില്‍ നിന്നാണ് ഈ വാർത്ത. വനംവകുപ്പിന്റെ വാളയാര്‍ മാന്‍പാര്‍ക്കിലെ വനിതാ വാച്ചര്‍മാരായ കരോലിയും റൂബിയും ചേര്‍ന്നൊരുക്കുന്ന കരുതലിന്റെ ലോകത്തിലാണ് ഇപ്പോൾ ഉമ്മുകുല്‍സുവെന്ന മാന്‍കുഞ്ഞിന്റെ ജീവിതം.

പൊന്നുപോലെ നോക്കുന്ന ഈ അമ്മമാരുടെ സ്നേഹലാളനകളില്‍ മാനും മനുഷ്യനുമെന്ന വേര്‍തിരിവ് ഇല്ലാതാവുന്നു. വട്ടപ്പാറയിലെ കുറ്റിക്കാടിനുള്ളില്‍ ആടുമേയ്ച്ചിരുന്ന നാട്ടുകാര്‍ക്ക് രണ്ടുമാസം മുമ്പാണ് പിച്ചവച്ചുതുടങ്ങിയ മാന്‍കുട്ടിയെ കിട്ടിയത്. ആട്ടിന്‍പറ്റത്തിനൊപ്പം കൂടിയ മാന്‍കുഞ്ഞിനെക്കുറിച്ച് നാട്ടുകാര്‍ അറിയിച്ചതിനു പിന്നാലെ വനംവകുപ്പ് ഏറ്റെടുത്തു. 

അങ്ങനെ വനംവകുപ്പിലെ താല്‍ക്കാലിക വാച്ചര്‍മാരായ അമ്മമാരുടെ സ്നേഹലാളനം കൂട്ടിനെത്തി. പാലുംപഴവുമൊക്കെ കൊടുത്ത് അവര്‍ മാന്‍കുഞ്ഞിനെ വളര്‍ത്തിയെടുത്തു. ഉമ്മുകുല്‍സുവെന്നു പേരുമിട്ടു. ഇപ്പോള്‍ കരോലിന്‍ എവിടെ പോയാലും ഉമ്മുക്കുല്‍സു ഒപ്പമുണ്ടാകും.ഇപ്പോൾ വാളയാർ മാൻ പാർക്കിൽ പുള്ളിമാൻ വിഭാഗത്തിലുള്ള ഏക മാൻ രണ്ടര മാസം പ്രായമുള്ള ഉമ്മുക്കുൽസുവാണ്. 

ഇതോടൊപ്പം 30 മ്ലാവുകളും 4 കൂരമാനുകളും ഇവിടെ സംരക്ഷിക്കപ്പെടുന്നുണ്ട്. കൂടാതെ പാലക്കാട് ഡിവിഷനിൽ അപടകത്തിൽപെടുന്ന വന്യമൃഗങ്ങൾക്കു പരിചരണവും സംരക്ഷണവും നൽകുന്ന കേന്ദ്രങ്ങളിലൊന്നായി വാളയാർ മാൻ പാർക്ക് മാറി.കുറച്ചുനാള്‍ കൂടി ഉമ്മുകുല്‍സുവിന് ഇവരുടെ പരിചരണമുണ്ടാകും. പിന്നീട് ഓര്‍മയില്‍ ഒരിടത്തുമില്ലാത്ത സ്വന്തം ലോകമായ വനത്തിലേക്ക് അവളെ വിട്ടയ്ക്കാനാണ് തീരുമാനം.

English Summary: Stranded deer fawn rescued by forest department

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com