ADVERTISEMENT

തെക്കൻ കാലിഫോർണിയയിൽ ആളിപ്പടരുന്ന കാട്ടുതീ അണയ്ക്കാനെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് നേരിടേണ്ടിവന്നത് അപ്രതീക്ഷിതമായ മറ്റൊരു അപകടഭീഷണിയാണ്. കൊമ്പുകുലുക്കിയെത്തുന്ന ഒരു കൂറ്റൻ കാളയെയാണ് അവിടെ നേരിടേണ്ടി വന്നത്. ആക്രമിക്കാൻ പാഞ്ഞടുക്കുന്ന കാളയെ കണ്ട് ഭയന്നോടുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെയും ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

കഴിഞ്ഞ ആഴ്ച അവസാനത്തോടെ തെക്കൻ കലിഫോർണിയയിൽ പടർന്നുപിടിച്ച തീ 18000 ഏക്കറുകളോളം വരുന്ന സ്ഥലത്താണ് നാശനഷ്ടം വിതച്ചത്. ഇരുപതോളം കെട്ടിടങ്ങൾ അഗ്നിക്കിരയാവുകയും ചെയ്തു. സംഭവത്തെ തുടർന്ന് പ്രദേശത്തെ  ജനങ്ങളെയും അവിടെ നിന്നും ഒഴിപ്പിച്ചിരുന്നു. ഉദ്യോഗസ്ഥർ തീയണയ്ക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി കാളയുടെ ആക്രമണം നേരിട്ടത്.  പ്രദേശത്തു ജീവിക്കുന്ന ഫെർഡിനൻഡ് എന്നു പേരുള്ള കാളയാണ് ഉദ്യോഗസ്ഥരെ കണ്ടതോടെ ആക്രമിക്കാനെത്തിയത്.

കുറ്റിക്കാടിനുള്ളിൽ നിൽക്കുകയായിരുന്ന കാള  ഉദ്യോഗസ്ഥർ സമീപത്തെ റോഡിലൂടെ പോകുന്നത് കണ്ടു  പുറത്തേക്കിറങ്ങി വന്നു പിന്തുടരുകയായിരുന്നു. കൂറ്റൻ കൊമ്പു കുലുക്കിക്കൊണ്ട് കാള ഏറെ ദൂരം റോഡിലൂടെ ഉദ്യോഗസ്ഥരെ ഭയപ്പെടുത്തിയോടിക്കുന്നതായി ദൃശ്യത്തിൽ കാണാം. ആക്രമണത്തിൽ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടില്ലെന്ന് ഫയർഫോഴ്സ് ഡിപ്പാർട്ട്മെൻറ് അറിയിച്ചു.

വെഞ്ചുറ കൗണ്ടി ഫയർ ഡിപ്പാർട്ട്മെൻറ് ആണ് കാളയുടെ ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. രണ്ടു ദിവസം കൊണ്ട് 30000 ആളുകളാണ് ദൃശ്യം കണ്ടത്. ഉദ്യോഗസ്ഥരെ കണ്ടതോടെ തീയിൽ നിന്നും അവർക്ക് തന്നെയും രക്ഷിക്കാനാവും എന്നോർത്ത് കാള പിന്തുടരാൻ ശ്രമിച്ചതായിരിക്കാമെന്നാണ് ചിലരുടെ വാദം. എന്നാൽ  കാള അതേ പ്രദേശത്തുള്ളതാണെന്നും അവിടുത്തെ ജനങ്ങൾക്ക് മുൻപും അതിന്റെ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ടെന്നും മറ്റുചിലർ പ്രതികരിച്ചിട്ടുണ്ട്.

English Summary: Firefighters Battling Wildfire Chased By Bull In Hair-Raising Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com