ADVERTISEMENT

കാസര്‍കോട് ജില്ലയിൽ കിന്നരി നീർകാക്കകളെ കാണാനില്ല!  2018ൽ കിന്നരി നീർകാക്കകളുടെ 180 ലധികം കൂടുകൾ ഉണ്ടായിരുന്നു. എന്നാൽ പുതിയ സർവേയിൽ ഒറ്റ കൂടു പോലും കണ്ടെത്താൻ കഴിഞ്ഞില്ല. കൂടാതെ ചെറിയ നീർ കാക്കകളുടെ എണ്ണത്തിലും 32 ശതമാനം കുറവ് കണ്ടെത്തി. തണ്ണീർത്തട ആവാസ വ്യവസ്ഥ ശുഭ സൂചകങ്ങളായ കൊറ്റില്ലങ്ങളുടെ എണ്ണത്തിൽ ജില്ലയിൽ കുറവില്ലെങ്കിലും നീർ കാക്കകൾ അപ്രത്യക്ഷമായത് പ്രകൃതി സ്നേഹികളെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. കൊക്കുകളും നീർപക്ഷികളും പ്രജനനത്തിനായി കൂടു കെട്ടുന്ന സ്ഥലത്തെയാണ് കൊറ്റില്ലങ്ങൾ എന്നു പറയുന്നത്. 

ജില്ലയിൽ പുതിയ സർവേയിൽ 23 സ്ഥലങ്ങളിലായി 663 കൂടുകളാണ് കണ്ടെത്തിയത്. ചെറിയ നീർ കാക്കകളുടെ 257 കൂടുകളും കുള കൊക്കുകളുടെ 341 കൂടുകളും പാതിര കൊക്കിന്റെ 65 കൂടുകളും കണ്ടെത്തി. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്തെ മരങ്ങളിലായിരുന്ന കിന്നരി നീർ കാക്കകളെ വ്യാപകമായി കണ്ടിരുന്നത്. എന്നാൽ ഇത്തവണ ഈ ഭാഗത്ത് നിന്നു ഒരു കൂടു പോലും കണ്ടെത്താൻ കഴിഞ്ഞില്ല.

കാലാവസ്ഥ മാറ്റങ്ങളും  ആവാസ വ്യവസ്ഥയിലെ മാറ്റങ്ങളും വ്യാപകമായി മരങ്ങൾ മുറിച്ചു മാറ്റുന്നതുമാണ് ഇവയുടെ കുറവിന് കാരണമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.  വിശദമായ പഠനം നടത്തിയാലേ കൂടുതൽ വിവരങ്ങൾ കണ്ടെത്താനാകുവെന്ന് ഗവേഷകർ പറയുന്നു. ഇത്തവണ ഏറ്റവും കൂടുതൽ കൂടുകൾ കണ്ടെത്തിയത് ഹൊസങ്കടിയിലാണ്.

ഇവിടെ നിന്നു 89 കൂടുകളാണ് കണ്ടെത്തിയത്. ബന്തിയോട് (82), ഉപ്പള (78), ഉളിയത്തടുക്ക (64), പൊയിനാച്ചി (55) എന്നിവിടങ്ങളിലും കൂടുതൽ കൂടുകൾ കണ്ടെത്തി. എന്നാൽ മാർപനടുക്ക, നെല്ലിക്കട്ട, കുണിയ എന്നിവിടങ്ങളിൽ കൂടുകളുടെ എണ്ണത്തിൽ വലിയ കുറവുകൾ കണ്ടെത്തി. ജില്ലയിൽ 2011 ലായിരുന്നു കൂടുതൽ കൊറ്റില്ലങ്ങൾ കണ്ടെത്തിയത്. 1400 ലധികം കൂടുകൾ അന്നത്തെ സർവേയിൽ കണ്ടെത്തിയിരുന്നു. 

സോഷ്യൽ ഫോറസ്ട്രി എസിഎഫ് അജിത്ത് കുമാറിന്റെ സഹായത്തോടെ മലബാർ അവെയർനസ് ആൻഡ് റസ്‍ക്യു സെന്റർ ഫോർ വൈൽഡ് ലൈഫ് (മാർക്) പ്രവർത്തകരായ മാക്സിം റോഡിഗ്രസ്, രാജു കിദൂർ എന്നിവരാണ് സർവേ നടത്തിയത്. "വനം വകുപ്പിനെ കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം കൂടി ഉണ്ടെങ്കിലേ കൊറ്റില്ലങ്ങളെ സംരക്ഷിക്കാൻ കഴിയൂ. പൊതു സ്ഥങ്ങളിലെ മരങ്ങളിലാണ് ഇവ കൂടു കെട്ടുന്നത്. മരം വ്യാപകമായി മുറിച്ചു മാറ്റുന്നത് നീർ പക്ഷികളുടെ പ്രജനനത്തെ ബാധിക്കുന്നു." - റോഷ്നാഥ് രമേശ് (വന്യ ജീവി ഗവേഷകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com