10 അടി നീളം, 90 കിലോ ഭാരം, ശ്വസിക്കുന്നത് അന്തരീക്ഷ വായു ; ആമസോൺ നദിയിലെ ചെകുത്താൻ മത്സ്യം

Arapaima, The Amazon ‘River Monster’ That Has Survived For 23 Million Years
SHARE

മത്സ്യങ്ങളെ വെള്ളത്തിൽ നിന്നും പിടിച്ച് കരയിൽ ഇട്ടാൽ എന്ത് സംഭവിക്കും. ചോദിക്കാനുണ്ടോ? ചുരുങ്ങിയ സമയം കൊണ്ട് തന്നെ അവയുടെ ജീവൻ നഷ്ടമാകും. എന്നാൽ വെള്ളത്തിൽ നിന്നും പുറത്തെടുത്താൽ 24 മണിക്കൂറിലധികം അന്തരീക്ഷവായു മാത്രം ശ്വസിച്ചു ജീവൻ നിലനിർത്താൻ കഴിയുന്ന ഒരു മത്സ്യമുണ്ട്. തെക്കേ അമേരിക്കയിലെ ആമസോൺ നദീതടങ്ങളിൽ ജീവിക്കുന്ന ആരപൈമ എന്ന ഭീമൻ മത്സ്യ വർഗത്തിനാണ് ഈ കഴിവുള്ളത്. ശുദ്ധജലത്തിൽ ജീവിക്കുന്ന മത്സ്യങ്ങളിൽ ഏറ്റവും വലുപ്പമുള്ളവയാണ് ആരപൈമ മത്സ്യങ്ങൾ. അതുകൊണ്ടുതന്നെ ചെകുത്താൻ മത്സ്യം എന്നാണ് ഇവ അറിയപ്പെടുന്നത്.

ജലത്തിൽ നിന്ന് ഓക്സിജൻ വേർതിരിച്ചെടുത്താണ് സാധാരണ മത്സ്യങ്ങൾ ജീവിക്കുന്നത്. എന്നാൽ ആരപൈമകളുടെ ചെകിളകൾക്ക് താരതമ്യേന വലുപ്പം കുറവാണ്. അതിനാൽ  ജലത്തിൽ നിന്നും വായു വേർതിരിച്ച് ശ്വസിക്കുവാൻ അവയ്ക്ക് സാധിക്കില്ല. ഓരോ 10 മിനിറ്റിലും ജലോപരിതലത്തിലെത്തി അന്തരീക്ഷവായു സ്വീകരിച്ചാണ് അവ കഴിയുന്നത്.

എന്നാൽ ഇതുകൊണ്ടൊന്നും തീരുന്നതല്ല ഇവയുടെ പ്രത്യേകതകൾ. ഭൂമിയിൽ ഇന്ന് ജീവിക്കുന്നതിൽ ഏറ്റവുമധികം അധികം പഴക്കം ചെന്ന വർഗങ്ങളിൽ ഒന്നാണ് ആരപൈമ  മത്സ്യം. 23 ദശലക്ഷം വർഷങ്ങളായി ഇവ ഭൂമിയിൽ ഉണ്ടെന്നാണ് കണക്ക്. ദിനോസറുകളുടെ യുഗത്തിൽ അവ ഉണ്ടായിരുന്നില്ലെങ്കിൽ കൂടി  കാലപ്പഴക്കത്തിന്റെ അടിസ്ഥാനത്തിൽ ദിനോസർ മത്സ്യങ്ങൾ എന്നും അവ അറിയപ്പെടുന്നു. ശുദ്ധജല മത്സ്യങ്ങൾക് താരതമ്യേന വലുപ്പം കുറവാണ്. എന്നാൽ ആരപൈമകൾക്ക്  ശരാശരി 10 അടി നീളവും 90 കിലോയോളം വരെ തൂക്കവും ഉണ്ടാവാറുണ്ട്. 

15 അടി നീളവും 199 കിലോ തൂക്കമുള്ള ആരപൈമ മത്സ്യമാണ് ഈ വർഗത്തിൽ കണ്ടെത്തിയിട്ടുള്ളവയിൽ വച്ച് ഏറ്റവും വലുത്.  ചെറുമത്സ്യങ്ങളാണ് ഇവയുടെ പ്രധാന ഭക്ഷണം എങ്കിലും ജലത്തിന് സമീപം എത്തുന്ന ചെറിയ ജീവികളേയും പക്ഷികളെയും പ്രാണികളെയും പഴങ്ങളുമെല്ലാം ഇവ ഭക്ഷിക്കാറുണ്ട്. ശരാശരി 20 വർഷം വരെയാണ് ആരപൈമകളുടെ ആയുർദൈർഘ്യം.

ദശലക്ഷക്കണക്കിനു വർഷങ്ങളായി നിലനിന്നുവരുന്ന മത്സ്യ വർഗമാണെങ്കിലും ഇപ്പോൾ  ആമസോൺ നദീതടങ്ങളിൽ  പലയിടത്തു നിന്നും ഇവ പൂർണമായി അപ്രത്യക്ഷമായിട്ടുണ്ട്. മത്സ്യബന്ധനമാണ് ഇതിനുള്ള പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അതിനാൽ  ഭരണകൂടങ്ങളുടെയും അതാത് പ്രദേശവാസികളുടെയും  നേതൃത്വത്തിൽ ആരപൈമകളുടെ സംരക്ഷണത്തിനായി പ്രത്യേക പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്.

English Summary: Meet The Arapaima, The Amazon ‘River Monster’ That Has Survived For 23 Million Years

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA