ADVERTISEMENT

നീണ്ട 12 വർഷക്കാലത്തിനു ശേഷം ഒരു അമ്മയും മകളും ആദ്യമായി കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ജർമനിയിലെ ഹല്ലി നഗരത്തിലുള്ള ഒരു മൃഗശാല. പോരി എന്ന ആനയും മകളായ ടാനയുമാണ് നീണ്ട നാളത്തെ വേർപിരിയലിന് ശേഷം കൂടിചേർന്നത്. കണ്ടമാത്രയിൽ മകളെ തിരിച്ചറിഞ്ഞ പോരി തന്റെ കൂടിന്റെ വേലിക്കെട്ടിനുള്ളിലൂടെ തുമ്പിക്കൈ പുറത്തേയ്ക്കിട്ടു മകളുമായി സ്നേഹം പങ്കുവയ്ക്കുന്ന ചിത്രങ്ങളാണ് മൃഗശാല സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.

ടാനയ്ക്കൊപ്പം ടാമിക, ഇലാനി എന്നിങ്ങനെ രണ്ട് ആനക്കുട്ടികളും അമ്മൂമ്മയെ കാത്തിരിക്കുകയായിരുന്നു. ഇവരെയും ഏറെ സ്നേഹത്തോടെ  പോരി തന്റെ തുമ്പിക്കൈകൊണ്ട് സ്പർശിച്ചതായി മൃഗശാലയിലെ ഉദ്യോഗസ്ഥർ പറയുന്നു. 39 കാരിയായ പോരി 19 വർഷം മുൻപാണ് ടാനയ്ക്ക് ജന്മം നൽകിയത്. ഏഴു വർഷങ്ങൾക്കു ശേഷം പോരിയെ മറ്റൊരു സ്ഥലത്തേക്കു മാറ്റുകയായിരുന്നു.

പോരിയെ തിരികെ മകളുടെ അരികിലേക്കു തന്നെ കൊണ്ടുവന്നത് ആനകളുടെ സംരക്ഷണത്തിൽ ഒരു പ്രധാന ചുവടുവയ്പ്പാണെന്ന് മൃഗശാല ഡയറക്ടറായ ഡോക്ടർ ഡെന്നീസ് മുള്ളർ പറയുന്നു. യൂറോപ്പിലെ മൃഗശാലകളിൽ പാർപ്പിച്ചിരിക്കുന്ന ആനകളെ ആനക്കൂട്ടവുമായി ഒന്നിച്ചു ചേർക്കാനുള്ള തീരുമാനത്തിന്റെ ആദ്യപടിയായാണ് ബെർലിനിൽ നിന്നും പോരിയെ ഹല്ലി മൃഗശാലയിലേക്കെത്തിച്ചിരിക്കുന്നത്. ആനക്കൂട്ടത്തിൽ മുതിർന്ന പിടിയാനകളും കുട്ടികളുമാണുണ്ടാകുക. അതേ പോലെ മുതിർന്ന പിടിയാനളെയും അവയുടെ കുഞ്ഞുങ്ങളെയുമൊക്കെ അവ വനത്തിൽ കഴിയുന്നതുപോലെ തന്നെ മൃഗശാലയിലും ഒന്നിച്ചു ചേർക്കാനാണ് തീരുമാനം. 

പോരിയും ടാനയും കൊച്ചുമക്കളും തുറസ്സായ സ്ഥലത്ത് ഒന്നിച്ചു കൂടിച്ചേരുന്നതിന്റെ ദൃശ്യങ്ങളും മൃഗശാല പുറത്തുവിട്ടിട്ടുണ്ട്. ടാമികയും ഇലാനിയും വളരെപ്പെട്ടെന്നുതന്നെ പോരിയോട് അടുത്തിരുന്നു. ഈ അപൂർവമായ കൂടിച്ചേരലിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

English Summary: Elephant Touches Trunks With Daughter After 12 Years In Moving Reunion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com