അടിച്ചു മോനേ, ഒരുവർഷം ആശുപത്രിയിൽ കറക്കം; ഒടുവിൽ പൂച്ച സെക്യൂരിറ്റി ടീമിൽ!

Cat Hangs Around Hospital Until They Give Him A Job In Security
SHARE

കഠിനാധ്വാനവും സ്ഥിരോത്സാഹവും കൊണ്ട് മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും എന്തും സാധ്യമാകുമെന്ന് തെളിയിച്ചിരിക്കുകയാണ് ഓസ്ട്രേലിയയിലെ ഒരു പൂച്ച. തന്റെ പ്രയത്നംകൊണ്ട് എൽവുഡ് എന്ന പൂച്ച നേടിയെടുത്തത് മെൽബണിലുള്ള എപ്വർത് ആശുപത്രിയിലെ സെക്യൂരിറ്റി ടീമിലുള്ള ഉദ്യോഗമാണ്.

കഴിഞ്ഞ ഒരു വർഷക്കാലമായി എപ്വർത് ആശുപത്രിയുടെ മുൻവാതിലിൽ സ്ഥിര സാന്നിധ്യമാണ് എൽവുഡ്. ദിവസവും രാവിലെ കൃത്യമായി അവൻ ആശുപത്രിയിലെത്തും. ആശുപത്രിയിലേക്ക് വരികയും പോവുകയും ചെയ്യുന്ന രോഗികളെയും ജോലിക്കാരെയുമെല്ലാം നോക്കിയിരിക്കുകയെന്നത് തന്നെയാണ് പ്രധാന ജോലി. ആരെങ്കിലും തലോടുകയോ സ്നേഹത്തോടെ നോക്കുകയോ ചെയ്താൽ അതുതന്നെ എൽവുഡിന് ധാരാളം. പകൽ സമയത്തെ തന്റെ ജോലി കഴിഞ്ഞാൽ  വൈകുന്നേരത്തോടെ പുറത്തിറങ്ങി റോഡ് മുറിച്ചു കടന്നു പോവുകയും ചെയ്യും.

എന്നും കണ്ടുപരിചയിച്ചതിനാൽ ജോലിക്കാർക്കും എൽവുഡ് തങ്ങളുടെ കൂട്ടത്തിൽ ഒരാൾ തന്നെയായിരുന്നു. ഇത്രയും മാസങ്ങളായിട്ടും പൂച്ച മാറ്റമില്ലാതെ സ്ഥിരമായി ജോലി തുടരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഒടുവിൽ സെക്യൂരിറ്റി ടീമിൽ ഔദ്യോഗിക നിയമനം നൽകാൻ ആശുപത്രി അധികൃതർ തീരുമാനിക്കുകയായിരുന്നു. സ്വന്തം പേരിൽ സെക്യൂരിറ്റി ടീമംഗങ്ങളുടേത് പോലെ തന്നെയുള്ള  ഒരു ഐഡി കാർഡും എൽവുഡിനു നൽകിയിട്ടുണ്ട്. 

ആശുപത്രിയിൽ സ്ഥിര നിയമനം കിട്ടിയതൊന്നും അറിഞ്ഞില്ലെങ്കിലും എൽവുഡ് ഇപ്പോഴും തൻറെ ജോലി കൃത്യമായി തുടരുന്നുണ്ട്. പൂച്ചയ്ക്ക്  സുരക്ഷാ ഉദ്യോഗസ്ഥനായി നിയമനം നൽകിയതറിയിച്ചുകൊണ്ട് എപ്വർത് ആശുപത്രി പ്രസ്താവനയും ഇറക്കിയിരുന്നു. ടാബി ഇനത്തിൽപ്പെട്ട എൽവുഡ്  ആശുപത്രിയിലെത്തുന്നവരോട് ഏറെ ഇണക്കത്തോടെയാണ് പെരുമാറുന്നത്. എന്തായാലും എൽവുഡ് തങ്ങളുടെ കൂട്ടത്തിൽ ഒരുവനായി ഔദ്യോഗികമായി നിയമിതനായതിന്റെ സന്തോഷത്തിലാണ് ആശുപത്രിയിലെ ജീവനക്കാർ.

English Summary: Cat Hangs Around Hospital Until They Give Him A Job In Security

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA