ADVERTISEMENT

തടവു ചാടുന്നതിൽ വിദഗ്ധനായ ഒരു കരടിക്ക് പിന്നാലെയാണ് ഇപ്പോൾ യൂറോപ്പിലെ ഒരുകൂട്ടം ഉദ്യോഗസ്ഥരും  മൃഗസംരക്ഷണ പ്രവർത്തകരും. വനപാലകർ നൽകിയിരിക്കുന്ന കോഡ് നെയിം എം 49 എന്നാണെങ്കിലും പലതവണ പിടികൂടിയിട്ടും അതിവിദഗ്ധമായി ചാടി പോകാനുള്ള സാമർത്ഥ്യം മൂലം 'പാപ്പിയോൺ' എന്ന പേരിലാണ് ഇപ്പോൾ കരടി അറിയപ്പെടുന്നത്. ഏറ്റവുമൊടുവിൽ 42 ദിവസത്തിനു ശേഷം പാപ്പിയോൺ വീണ്ടും പിടിയിലായിരിക്കുകയാണ്.

2019ലാണ് ട്രന്റോ പ്രവിശ്യയിലെ ജനവാസകേന്ദ്രങ്ങളിൽ തവിട്ടു നിറത്തിലുള്ള കരടിയെ കണ്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. മനുഷ്യരെ ആക്രമിക്കാനുള്ള സാധ്യതയുള്ളതായി ചൂണ്ടിക്കാണിച്ച് അതേ വർഷം ജൂണിൽ കരടിയെ പിടിയിലാക്കാൻ ഉത്തരവിറക്കിയിരുന്നു. പക്ഷേ  പിടിയിലായി ഒരു മാസത്തിനുള്ളിൽ തന്നെ വൈദ്യുതീകരിച്ച മൂന്ന് ഇലക്ട്രിക് വേലികളും നാലു മീറ്റർ ഉയരമുള്ള മതിലുമെല്ലാം ചാടിക്കടന്ന് കരടി രക്ഷപ്പെട്ടു. കാട്ടിലേക്കു പോയ കരടി വീണ്ടും ജനവാസകേന്ദ്രത്തിലെത്തുകയാണെങ്കിൽ വെടിവച്ചിടാനുള്ള ഉത്തരവും ആ സമയത്ത് പുറത്തിറക്കിയിരുന്നു. വൈദ്യുത വേലികൾ നിഷ്പ്രയാസം മറികടന്ന കരടി ഏറെ അപകടകാരിയാണെന്ന് ട്രന്റോ പ്രവിശ്യയുടെ പ്രസിഡന്റായ മൗരീസിയോ ഫുഗറ്റി പറയുന്നത്.

2020ൽ വീണ്ടും ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങിയ കരടി വളർത്തുമൃഗങ്ങളെ  ആക്രമിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. അങ്ങനെ ഏപ്രിൽ മാസത്തിൽ രണ്ടാമതും പാപ്പിയോൺ പിടിയിലായി. ഇത്തവണ കരടിയുടെ നീക്കങ്ങൾ മനസ്സിലാക്കാൻ റേഡിയോ കോളർ കൂടി ഘടിപ്പിച്ചാണ് തടവിൽ പാർപ്പിച്ചത്. പക്ഷെ രണ്ടു മാസത്തിനു ശേഷം ജൂലൈയിൽ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കരടി വീണ്ടും തടവുചാടി. റേഡിയോ കോളർ ഒക്കെ സ്വയം നീക്കം ചെയ്ത ശേഷമായിരുന്നു ഇത്തവണത്തെ രക്ഷപ്പെടൽ. 42 ദിവസം ഉദ്യോഗസ്ഥർ പലഭാഗങ്ങളിലും  അന്വേഷിച്ചു നടന്ന് ഒടുവിൽ മൂന്നാമതും പാപ്പിലൺ പിടിയിലായി. ട്യൂബ് ട്രാപ്പ് ഒരുക്കിയാണ് ഇത്തവണ കരടിയെ പിടികൂടിയിരിക്കുന്നത്.

എന്നാൽ കരടിയെ തടവിൽ പാർപ്പിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി മൃഗസംരക്ഷണ പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. പാപ്പിയോണിനെ തുറന്നു വിടുംവരെ നിരാഹാര സമരം ചെയ്യാനൊരുങ്ങുകയാണെന്ന് രാജ്യാന്തര മൃഗസംരക്ഷണ സംഘടനയുടെ ട്രന്റോ പ്രതിനിധി പറയുന്നു. വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറിന്റെ അറിയിപ്പ് പ്രകാരം എം 49 അപകടകാരിയായ മൃഗമല്ല. തടവുചാടുന്നതിനിടെ കെട്ടിടങ്ങൾക്കു കേടുപാടുണ്ടാക്കി എന്നതൊഴിച്ചാൽ മനുഷ്യരെ കരടി ആക്രമിച്ചതായി റിപ്പോർട്ടുകളില്ല. അതിനാൽ കരടിയെ തടവിൽ പാർപ്പിക്കേണ്ട ആവശ്യമില്ലെന്നും നിരീക്ഷണം ഏർപ്പെടുത്തിയാൽ മാത്രം മതിയെന്നും ചൂണ്ടിക്കാട്ടിയാണ് മൃഗസംരക്ഷണ പ്രവർത്തകർ സമരത്തിനൊരുങ്ങുന്നത്.

English Summary: Papillon, Europe's most wanted bear, captured after 42 days on the run

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com