എയർപോർട്ട് ഉദ്യോഗസ്ഥരെ നട്ടം തിരിച്ച് പൂച്ച; യാത്ര റദ്ദാക്കി ഉടമസ്ഥ കാത്തിരുന്നത് നാലുദിവസം

cat returns home
SHARE

നാല എന്ന എട്ടുമാസം പ്രായമുള്ള ഒരു കുഞ്ഞു പൂച്ചയാണ്  കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹി എയർപോർട്ടിലെ ഉദ്യോഗസ്ഥരെ വട്ടം ചുറ്റിച്ചത് .ബംഗളൂരുവിൽ നിന്നും ഡൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനത്തിലെ  കാർഗോയിൽ നിന്നും  പുറത്തു ചാടിയ പൂച്ചയെ തിരക്കി  ഉദ്യോഗസ്ഥർ അലഞ്ഞത് നാല് ദിവസമാണ്. ഏറെ ശ്രമങ്ങൾക്കൊടുവിൽ കഴിഞ്ഞ വെള്ളിയാഴ്ച വിശാലമായ എയർപോർട്ടിൽ നിന്നും നാലയെ കണ്ടെത്തി.

ഉടമസ്ഥയായ അസ്ത ഷാ തന്റെ രണ്ട് വളർത്തു പൂച്ചകളെയും എയർ ഇന്ത്യ വിമാനത്തിൽ പ്രത്യേക പെട്ടിക്കുള്ളിലാക്കി കാർഗോ വിഭാഗത്തിൽ കയറ്റി ഡൽഹിയിലേക്ക് കൊണ്ടുവരികയായിരുന്നു. എന്നാൽ ഡൽഹിയിലെത്തിയ വിമാനത്തിൽ നിന്നും പെട്ടികൾ പുറത്തിറക്കുന്നതിനിടെയാണ് നാല എങ്ങനെയോ തന്റെ കൂടിനുള്ളിൽ നിന്നും പുറത്തു ചാടിയത്. പൂച്ചകളിൽ ഒന്നുമാത്രമേ  പെട്ടിക്കുള്ളിൽ ഉള്ളൂ എന്നു മനസ്സിലായ ഉടനെ ഉടമസ്ഥയെ അധികൃതർ വിവരം അറിയിച്ചു. ഇതോടെ അഹമ്മദാബാദിലേക്കുള്ള തന്റെ യാത്ര പോലും റദ്ദാക്കി അസ്തയും നാലയെ തേടിയിറങ്ങി.

സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി എയർപോർട്ട് അധികൃതർ ഉടൻ തന്നെ പൂച്ചയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു. മൃഗസംരക്ഷണ സംഘടനയിലെ അംഗങ്ങളും  ഉദ്യോഗസ്ഥർക്കൊപ്പം തിരച്ചിലിനിറങ്ങിയിരുന്നു. പൂച്ചയെ കണ്ടെത്തുന്നതിനായി എയർപോർട്ടിന്റെ പലഭാഗങ്ങളിലും ഭക്ഷണം ഒരുക്കിവച്ചു കൊണ്ടായിരുന്നു പരീക്ഷണം. ഭക്ഷണത്തിന്റെ മണംപിടിച്ച് നാല പുറത്തേക്കു വരുമെന്ന കണക്കുകൂട്ടലിലായിരുന്നു ഇത്.  എന്നാൽ ആദ്യ ദിവസങ്ങളിൽ അന്വേഷണമെല്ലാം വെറുതെയായി.

ഒടുവിൽ നാലാം ദിവസത്തെ തിരച്ചിലിലാണ് എയർക്രാഫ്റ്റുകളിൽ നിന്നുള്ള കാർഗോയെത്തിക്കുന്ന മേഖലയിൽനിന്ന് നാലയെ കണ്ടെത്തിയത്. വിശന്നുവലഞ്ഞ് ഭയന്ന അവസ്ഥയിലായിരുന്നു പൂച്ചക്കുട്ടി. കണ്ടെത്തിയ ഉടൻതന്നെ നാലയേ  ഉടമസ്ഥയെ ഏൽപ്പിച്ചതായി എയർപോർട്ടിലെ വക്താവ് വ്യക്തമാക്കി.

വളർത്തു പൂച്ചകൾ തനിക്ക് കുടുംബാംഗങ്ങളെ പോലെയാണെന്നും അതിനാൽ നാലയെ നഷ്ടപ്പെട്ടത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു എന്നുമാണ് അസ്ത പ്രതികരിച്ചത്. വീടുകളിൽ അരുമയായി വളർത്തുന്ന പൂച്ചകൾക്ക് പുറത്ത് ഒറ്റപ്പെട്ട് അധികനാൾ ജീവിക്കാൻ സാധിക്കില്ല. അത് മനസ്സിലാക്കിയതുകൊണ്ടാണ് ഏതുവിധേനയും നാലയെ കണ്ടെത്തണമെന്ന് തീരുമാനിച്ചതെന്നും അസ്ത പറഞ്ഞു. അപരിചിത ആയിരുന്നിട്ടുകൂടി തന്റെ വളർത്തു മൃഗത്തെ കണ്ടെത്താൻ എയർപോർട്ട് ഉദ്യോഗസ്ഥരും മൃഗസംരക്ഷണ സംഘടനയിലെ അംഗങ്ങളും നടത്തിയ ശ്രമങ്ങൾ കരുണ ഇനിയും വറ്റിയിട്ടില്ല എന്നതിനു തെളിവാണെന്നും അവർ കൂട്ടിച്ചേർക്കുന്നു. എന്തായാലും അൽപം വലച്ചെങ്കിലും നാല തന്റെ  ഉടമസ്ഥയുടെ അരികിൽ തന്നെ സുരക്ഷിതയായി തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് എയർപോർട്ടിലെ ഉദ്യോഗസ്ഥർ.

English Summary: After a 4-day adventure inside Delhi airport, cat returns home

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA