ഇണ ചേരാതെ അറുപത്തിരണ്ടാം വയസ്സിൽ പെരുമ്പാമ്പ് മുട്ടയിട്ടു; അദ്ഭുതമെന്ന് മൃഗശാല ജീവനക്കാർ!

Ball Python Lays Eggs At Zoo. She Had Not Been Near A Male In 15 Years
SHARE

അമേരിക്കയിലെ മിസോറിയിലുള്ള സെന്റ് ലൂയിസ് മൃഗശാലയിലെ ജീവനക്കാരെ അദ്ഭുതപ്പെടുത്തിക്കൊണ്ട് അവിടെ പാർപ്പിച്ചിരുന്ന ബോൾ പൈതൺ വിഭാഗത്തിൽപ്പെട്ട പെരുമ്പാമ്പ് മുട്ടയിട്ടു. കഴിഞ്ഞ 15 വർഷങ്ങളായി ആൺ വർഗത്തിന്റെ സാമീപ്യം ഇല്ലാതിരുന്ന പെരുമ്പാമ്പാണ് മുട്ടയിട്ടത്. പാമ്പിന് 62 വയസ്സ് പ്രായം ഉണ്ട് എന്നതാണ് മറ്റൊരു കൗതുകകരമായ വസ്തുത.

മധ്യ ആഫ്രിക്കയിലും പശ്ചിമ ആഫ്രിക്കയിലുമായാണ് ബോൾ പൈതൺ വിഭാഗത്തിൽപ്പെട്ട പെരുമ്പാമ്പുകളെ സാധാരണയായി കാണാറുള്ളത്. ഇണയുടെ സാമീപ്യമില്ലാതെയും പ്രജനനം നടത്താനുള്ള കഴിവ് ഇവയ്ക്കുണ്ട്. ഫാക്കൽറ്റേറ്റീവ് പാർത്തനോജനിസിസ് എന്നാണ് ഇണ ചേരാതെ മുട്ടയിടുന്ന പ്രക്രിയയുടെ ശാസ്ത്രീയ നാമം. ബോൾ പൈതൺ ഇനത്തിൽ ഇത് സാധാരണമാണെങ്കിലും മിസോറി മൃഗശാലയിലെ പെരുമ്പാമ്പിന്റെ പ്രായമാണ് ഏവരേയും അദ്ഭുതപ്പെടുത്തുന്നത്.

നാലു വയസ്സു മുതൽ ബോൾ പൈതൺ പെരുമ്പാമ്പുകൾ മുട്ടയിട്ടു തുടങ്ങും. എന്നാൽ 60 വയസ്സ് കടക്കും മുൻപ് തന്നെ  മുട്ടയിടീൽ നിർത്തുകയും ചെയ്യും. അറിഞ്ഞിട്ടുള്ളതിൽ വച്ച് മുട്ടയിടുന്ന ഏറ്റവും പ്രായംചെന്ന ബോൾ പൈതണാണ് മിസോറി മൃഗശാലയിലുള്ളതെന്ന്  ഉരഗങ്ങളെക്കുറിച്ച് പഠിക്കുന്ന ജന്തു ശാസ്ത്ര ശാഖയുടെ മാനേജരായ മാർക്ക് വാനറെ പറയുന്നു. ഇണ ചേർന്നതിനുശേഷം ആൺ വർഗത്തിൽ നിന്നു സ്വീകരിക്കുന്ന ബീജം സൂക്ഷിച്ചുവച്ച് പിന്നീട് ബീജസങ്കലനം നടത്താനുള്ള കഴിവു ചിലയിനം പാമ്പുകൾക്കുണ്ട്.

ഇത്തരത്തിൽ മൃഗശാലയിലെ പെരുമ്പാമ്പും 15 വർഷക്കാലം ബീജം സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നോ എന്ന് തെളിയണമെങ്കിൽ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് അധികൃതർ വ്യക്തമാക്കി. ഏഴ് മുട്ടകളാണ് പെരുമ്പാമ്പിട്ടത്. ഇവയിൽ മൂന്നെണ്ണം ഇൻക്യുബേറ്ററിൽ സൂക്ഷിച്ചിരിക്കുകയാണ്. രണ്ടു മുട്ടകൾക്കുള്ളിലെ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടിരുന്നു.ശേഷിക്കുന്ന രണ്ട് കുഞ്ഞുങ്ങളെ ജനിതക പരിശോധനകൾക്ക് വിധേയമാക്കി കൊണ്ടിരിക്കുകയാണ്. പെരുമ്പാമ്പിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചതോടെ സംഭവം ജനശ്രദ്ധ നേടുകയായിരുന്നു.

English Summary: Ball Python Lays Eggs At Zoo. She Had Not Been Near A Male In 15 Years

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA