ADVERTISEMENT

മനുഷ്യർക്ക് വിനോദത്തിനായി വേട്ടയാടുന്നതിനുവേണ്ടി കാലങ്ങളായി ഇരുട്ടുമുറിയിൽ തടവിൽ പാർപ്പിച്ചിരുന്ന സിംഹങ്ങളെ സന്നദ്ധസംഘടന രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങളാണ്  ഇപ്പോൾ ദക്ഷിണാഫ്രിക്കയിൽ നിന്നും പുറത്തുവരുന്നത്.  പരിസ്ഥിതിയുടെയും വന്യമൃഗങ്ങളുടെയും സംരക്ഷണത്തിനുവേണ്ടി ജർമൻ സഹകരണത്തോടെ ആഫ്രിക്കയിൽ പ്രവർത്തിക്കുന്ന വൈൽഡ് അറ്റ് ലൈഫ് എന്ന സന്നദ്ധസംഘടനയാണ് അതീവ ദയനീയാവസ്ഥയിൽ പാർപ്പിച്ചിരുന്ന പത്ത് സിംഹങ്ങളെ മോചിപ്പിച്ചത്.

തടവിൽ പാർപ്പിച്ചിരിക്കുന്ന സിംഹങ്ങളെ ചെറിയ വേലിക്കെട്ടുകൾക്കുള്ളിലേക്കു തുറന്നുവിട്ട് വെടിവച്ചു കൊല്ലാൻ അവസരമൊരുക്കുന്ന വിനോദമാണ് കാൻഡ് ഹണ്ടിങ്. മൃഗങ്ങളോടുള്ള ഈ ക്രൂരതയ്ക്കെതിരെ ഒട്ടേറെ പ്രതിഷേധങ്ങൾ നടക്കുന്നുണ്ടെങ്കിലും ലോകത്തിന്റെ പലഭാഗങ്ങളിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ നവംബർ മാസത്തിലാണ് സന്നദ്ധ സംഘടനയിലെ അംഗങ്ങൾ സിംഹങ്ങളെ പാർപ്പിച്ചിരുന്ന ഫാമിലെത്തി അവയുടെ ദയനീയ സ്ഥിതി നേരിട്ടുകണ്ടു മനസ്സിലാക്കിയത്.

വെളിച്ചമില്ലാത്ത മുറിയിൽ വേണ്ടത്ര ഭക്ഷണം പോലും നൽകാതെയാണ് ഇവയെ പാർപ്പിച്ചിരുന്നത്. വേട്ടയാടൽ എളുപ്പമാക്കുന്നതിനു വേണ്ടി ഭക്ഷണം നൽകാത്തതിനെ തുടർന്ന് ഇവയുടെ ആരോഗ്യസ്ഥിതി പരിതാപകരമായ നിലയിലായിരുന്നു. ഇതിനു പുറമേ ഇരുട്ടറയിൽ പാർപ്പിച്ചിരുന്നതിനാൽ സിംഹങ്ങൾ ഏറെ സമ്മർദത്തിലുമായിരുന്നു. അതിനാൽ ഏറെ പരിശ്രമങ്ങൾക്ക് ഒടുവിലാണ് സംഘടനയിലെ അംഗങ്ങൾക്ക് ഇവയെ പുറത്തിറക്കാനായത്. മയക്കുവെടി വെച്ചു വീഴ്ത്തിയ ശേഷമാണ് ട്രെയിലറിലേക്ക് നീക്കിയത്. ഈ ദൃശ്യങ്ങളെല്ലാം ക്യാമറയിൽ പകർത്തുകയും ചെയ്തിരുന്നു.

അയ്യായിരത്തിൽ പരം കിലോമീറ്ററുകൾ റോഡ് മാർഗം സഞ്ചരിച്ചാണ് സംഘടനാ പ്രവർത്തകർ സിംഹങ്ങൾക്കു സമീപമെത്തിയത്. ഇവയെ മയക്കി വാഹനത്തിലേക്ക് കയറ്റുന്നതിന് പത്ത് മണിക്കൂറോളം സമയവും വേണ്ടി വന്നു. അതിനുശേഷവും ഏറെ പരിശ്രമിച്ചാണ്  ഇവയെ സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റുന്നതിനു വേണ്ടിയുള്ള രേഖകൾ നേടിയെടുക്കാനായത്. ഫാമിൽ നിന്നും രക്ഷിച്ച ശേഷം അവയെ  സ്വാഭാവിക വാസസ്ഥലത്തിനു സമാനമായ അന്തരീക്ഷമുള്ള സംരക്ഷണ കേന്ദ്രത്തിലേക്കാണ് മാറ്റിയത്. ദക്ഷിണാഫ്രിക്കയിൽ മാത്രം 160 ൽ പരം ഫാമുകളിലായി ആയിരക്കണക്കിന് സിംഹങ്ങൾ ഇതേ രീതിയിൽ തടവിൽ കഴിയുന്നുണ്ടെന്നാണ്  വന്യമൃഗസംരക്ഷണ സംഘടനകളുടെ കണക്കുകൾ.

English Summary: Dramatic moment 10 lions bred to be shot by hunters were rescued from a squalid South African farm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com