പുകയുന്ന സിഗരറ്റ് കുറ്റിയുമായി നീങ്ങുന്ന ഞണ്ട്; ദൃശ്യം കൗതുകമാകുന്നു!

 Crab walking around with a cigarette
SHARE

കടൽത്തീരത്തു കൂടി പുകയുന്ന സിഗരറ്റ് കുറ്റിയുമായി നീങ്ങുന്ന ഞണ്ടിന്റെ ദൃശ്യം കൗതുകമാകുന്നു. അലക്ഷ്യമായി വലിച്ചെറിയുന്ന സാധനങ്ങൾ മൃഗങ്ങൾക്കെങ്ങനെ ഹാനികരമാകുന്നു എന്നതിന് ഉദാഹരണമാണ് ഈ ദൃശ്യം. പുകയുന്ന സിഗരറ്റ് കുറ്റിയുമായാണ് ഞണ്ട് നീങ്ങുന്നത്. ഇടയ്ക്ക് വായിവച്ച് നോക്കുന്നതും കാണാം. സിഗരറ്റ് കുറ്റി വായിൽ വച്ചു നീങ്ങുന്നതിനിടയിൽ അതിലൂടെ പുകച്ചുരുൾ ഉയരുന്നതും വ്യക്തമാണ്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞ‍ു.

സമുദ്ര മലിനീകരണത്തിൽ മുന്നിൽ സിഗരറ്റ് കുറ്റികള്‍

സമുദ്ര മലിനീകരണത്തിന് മനുഷ്യനിര്‍മിത വസ്തുക്കളില്‍ ഏറ്റവുമധികം കാരണമാകുന്നത് സിഗരറ്റ് കുറ്റികളാണ്. കണക്കുകള്‍ നിരത്തിയാണ് മലിനീകരണത്തില്‍ മറ്റു പ്ലാസ്റ്റിക് വസ്തുക്കളേക്കാള്‍ മുന്നില്‍ സിഗരറ്റു കുറ്റികളാണെന്ന് അമേരിക്കയിലെ പുകയില വിരുദ്ധ സംഘങ്ങളുടെ കൂട്ടായ്മ തെളിയിക്കുന്നത്. അഞ്ചരലക്ഷം കോടി സിഗരറ്റുകളാണ് ലോകത്ത് ആകെ ഉൽപാദിപ്പിക്കുന്നത്. ലോകത്ത് ഉൽപാദിപ്പിക്കപ്പെടുന്ന സിഗരറ്റിന്റെ മൂന്നില്‍ രണ്ട് ഭാഗവും അലക്ഷ്യമായി വലിച്ചെറിയപ്പെടുന്നതിനെ തുടര്‍ന്ന് സമുദ്രത്തിലേക്കെത്തുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ഏതാണ്ട് 680 ദശലക്ഷം കിലോ പുകയില മാലിന്യമാണ് കടലിലേക്കെത്തുന്നത്.

സെല്ലുലോസ് അസിറ്റേറ്റ് എന്ന പ്ലാസ്റ്റിക് നിര്‍മിത വസ്തുവാണ് ഈ സിഗരറ്റ് കുറ്റികളില്‍ ഫില്‍ട്ടറായി ഉപയോഗിക്കുന്നത്. നിക്കോട്ടിന്‍, ആര്‍സനിക് എന്നിവയും ഇവയൊടൊപ്പം പലവിധം രാസവസ്തുക്കളും സിഗററ്റ് കുറ്റിയില്‍ നിന്നു സമുദ്രത്തിലേക്കെത്തുന്നു. മനുഷ്യരില്‍ കാന്‍സര്‍ ഉണ്ടാക്കുന്നതുള്‍പ്പടെ ഏകദേശം 7000 തരത്തിലുള്ള കെമിക്കലുകള്‍ സിഗരറ്റില്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്.

സിഗരറ്റ് പൊല്യൂഷന്‍ പ്രൊജക്റ്റ് എന്ന പേരിലുള്ള സംഘമാണ് ഈ കണക്കുകള്‍ പുറത്തു വിട്ടത്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ പ്ലാസ്റ്റിക് സ്ട്രോകളേക്കാള്‍ മലിനീകരണമാണ് സിഗററ്റ് ഫില്‍ട്ടറുകള്‍ ഉണ്ടാക്കുന്നത്. ഉപേക്ഷിക്കപ്പെടുന്ന സിഗരറ്റ് കുറ്റികൾ ദ്രവിക്കാന്‍ പതിറ്റാണ്ടുകളെടുക്കും. മറ്റ് പ്ലാസ്റ്റിക്കുകളില്‍ നിന്ന് വ്യത്യസ്തമായി സിഗരറ്റ് കുറ്റികളിലെ പ്ലാസ്റ്റിക് ദ്രവിച്ചു പോകുമെങ്കിലും അവയിലെ രാസവസ്തുക്കള്‍ സമുദ്ര ജീവികളുടെയുള്ളിലെത്തും. എഴുപതു ശതമാനത്തോളം കടല്‍ പക്ഷികളിലും 30 ശതമാനത്തോളം കടലാമകളിലും പത്തു ശതമാനത്തിലധികം കടല്‍ ജീവികളിലും ഈ സിഗരറ്റ് കുറ്റികളില്‍ നിന്ന് പുറന്തള്ളപ്പെടുന്ന രാസവ്തുക്കളുടെ അംശം ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. 

English Summary: Crab walking around with a cigarette

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA