കളിപ്പാട്ടങ്ങൾ നിറച്ച കൂടയ്ക്കുള്ളിൽ പതുങ്ങിയിരുന്നത് ഉഗ്രവിഷമുള്ള കൂറ്റൻ പാമ്പ്; ഭയപ്പെടുത്തുന്ന ദൃശ്യം!

Huge red-bellied black snake found hiding inside a kids toy basket
SHARE

ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡിൽ മക്കൾക്കൊപ്പം അവരുടെ മുറിയിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഒരമ്മ. ഇടയ്ക്ക് കുട്ടികളുടെ കളിപ്പാട്ടങ്ങൾ സൂക്ഷിക്കുന്ന  ബാസ്ക്കറ്റിനുള്ളിൽ നിന്നും കളിപ്പാട്ടങ്ങൾ  പുറത്തെടുക്കുന്നതിനിടെ അവർ കണ്ടത് ഏറെ ഭയപ്പെടുത്തുന്ന ഒരു കാഴ്ചയാണ്. ബാസ്ക്കറ്റിനുള്ളിൽ കളിപ്പാട്ടങ്ങൾക്കടിയിലായി ഒരു കൂറ്റൻ പാമ്പ് ചുരുണ്ടു കിടക്കുന്നു.

കറുത്ത നിറത്തിലുള്ള ഉടലും അടിഭാഗം ചുവന്ന നിറത്തിലുമായി കാണപ്പെടുന്ന റെഡ് ബെല്ലീഡ് ബ്ലാക്ക് സ്നേക്ക് വിഭാഗത്തിൽപ്പെട്ട  ഉഗ്രവിഷമുള്ള പാമ്പാണ് ബാസ്കറ്റിനുള്ളിൽ കടന്നുകൂടിയത്. പാമ്പിനെ കണ്ട ഉടൻ  വീട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന്  സൺഷൈൻ കോസ്റ്റ് സ്നേക്ക് ക്യാച്ചേഴ്സിലെ വിദഗ്ധർ സ്ഥലത്തെത്തി. മുറിക്കുള്ളിൽ നിന്നും ഇവർ പാമ്പിനെ പിടികൂടുന്നതിന്റെ ദൃശ്യങ്ങളും പകർത്തിയിട്ടുണ്ട്. വലിയ ബാസ്ക്കറ്റിന്റെ ഏറ്റവും അടിയിലായി പെട്ടെന്ന് കാണാനാവാത്ത വിധമായിരുന്നു പാമ്പിന്റെ കിടപ്പ്. 

റെഡ് ബെല്ലീഡ് പാമ്പുകൾ പൊതുവേ മനുഷ്യന്റെ സാമിപ്യം തിരിച്ചറിഞ്ഞാൽ മാറിപ്പോകുന്നവയാണെങ്കിലും ആരെങ്കിലും ഉപദ്രവിക്കാൻ ശ്രമിച്ചാൽ അവ അക്രമകാരികളാകും. ബാസ്ക്കറ്റിൽനിന്നും പാവകളെ എടുക്കാനായി കുട്ടികൾ കൈ ഉള്ളിലേക്കിടാതിരുന്നതാണ് രക്ഷയായതെന്ന് പാമ്പ് പിടുത്ത വിദഗ്ധർ വ്യക്തമാക്കി. സാധാരണയായി രണ്ടര മീറ്റർ നീളത്തിൽ വരെ ഇവ വളരാറുണ്ട്. ക്വീൻസ്‌ലൻഡിലെ വീട്ടിനുള്ളിൽ നിന്നും പിടിച്ച പാമ്പ് പൂർണ്ണ ആരോഗ്യമുള്ളതായിരുന്നു.. മുറിക്കുള്ളിൽ കയറിക്കൂടിയ പാമ്പ് ആളനക്കം കേട്ട് ബാസ്ക്കറ്റിനുള്ളിൽ  ഒളിച്ചതാവാമെന്നാണ് നിഗമനം.

ഓസ്ട്രേലിയയിൽ ഏറ്റവുമധികം കാണപ്പെടുന്ന പാമ്പുകളിൽ ഒന്നാണ് റെഡ് ബെല്ലീഡ് ഇനത്തിൽ പെട്ടവ. സാധാരണയായി വനപ്രദേശങ്ങളിലും ചതുപ്പുനിലങ്ങളിലുമാണ് ഇവയെ കണ്ടുവരാറുള്ളത്.  വീടിനുള്ളിൽ നിന്നും പിടികൂടിയ പാമ്പിനെ പിന്നീട് കാട്ടിലേക്ക് തുറന്നു വിട്ടതായി സൺഷൈൻ കോസ്റ്റ് സ്നേക് ക്യാച്ചേഴ്സ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

English Summary: Huge red-bellied black snake found hiding inside a kids toy basket

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA