ADVERTISEMENT

പഫർ മത്സ്യത്തെ ഭക്ഷിക്കാൻ ശ്രമിച്ച ഈൽ മത്സ്യത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. പസിഫിക് സമുദ്രത്തിലെ ടിറ്റികാവേക്ക ദ്വീപില്‍ നിന്ന് പകർത്തിയതാണ് ഈ ദൃശ്യം. ജർമൻ സ്കൂബാ ഡൈവറായ ടിം മയേൺ ആണ് പഫർ മത്സ്യത്തെ വിഴുങ്ങിയ നിലയിൽ ജീവനറ്റ ഈലിനെ കണ്ടെത്തിയത്. മൂന്നു വയസ്സുള്ള മകൾക്കൊപ്പം നടക്കുന്നതിനിടയിലാണ് കടൽത്തീരത്തടിഞ്ഞിരിക്കുന്ന മത്സ്യങ്ങളെ കണ്ടത്. ഉടൻ തന്നെ ടിം സമുദ്രജീവികളെക്കുറിച്ച് പഠനം നടത്തുന്ന ഗവേഷകരെ വിവരമറിയിച്ചു.

Humble Pufferfish Blows up in Mouth of Eel That was Trying to Eat it

ഗവേഷകനായ കിർബി മോർജോൺ ഇവിടയത്തി മത്സ്യങ്ങളെ നിരീക്ഷിച്ചു. സാധാരണയായി ഈലുകൾ പഫർ മത്സ്യത്തെ ഇരയാക്കാറില്ല. പഫർ മത്സ്യത്തെ വിഴുങ്ങാൻ ശ്രമിച്ചപ്പോൾ അത് രക്ഷപെടാനായി ശരീരം വീർപ്പിച്ചു. മത്സ്യം വിഴുങ്ങാനാവാതെ തൊണ്ടയിൽ കുടുങ്ങിയതാണ് ഈലിന്റെ മരണകാരണം. പഫർ മത്സ്യം വായിലിരുന്നു വീർത്തതു കാരണം പുറത്തേക്ക് തള്ളാനും കഴിഞ്ഞില്ല. 1.3 മീറ്ററോളം നീളമുണ്ടടായിരുന്നു ഈൽ മത്സ്യത്തിന്. ശരീരത്തിൽ മുള്ളുകളുള്ള പഫർ മത്സ്യത്തെയാണ് ഈൽ വിഴുങ്ങാൻ ശ്രമിച്ചത്. പോരാട്ടത്തിനിടയിൽ രണ്ട് മത്സ്യങ്ങൾക്കും ജീവൻ നഷ്ടപ്പെടുകയും ചെയ്തും. ഇന്നേവരെ ഇത്തരമൊരു ദൃശ്യം കണ്ടിട്ടില്ലെന്ന് കിർബി മോർജോൺ വ്യക്തമാക്കി

പ്രത്യേകതകൾ ഏറെയുള്ള മത്സ്യമാണ് പഫർഫിഷ്. വേഗം തീരെ കുറവാണ് ഈ മത്സ്യത്തിന്, പയ്യെ നീന്തുന്ന ഈ പാവത്താനെ കണ്ടാൽ വായിൽ വെള്ളമൂറുന്ന ശത്രുക്കൾ കടലിൽ ധാരാളമുണ്ടുതാനും. അപ്പോൾ അവരിൽ നിന്നും രക്ഷപ്പെടാനെന്താണൊരു വഴി മാക്സിമം എയറു പിടിച്ചങ്ങ് വീർക്കുക. വീർത്തുവീർത്ത് വലിയൊരു പന്തുപോലാവുക വായിലൊതുങ്ങുന്നൊരു കുഞ്ഞുമീൻ പെട്ടെന്ന് പല മടങ്ങ് വലിപ്പമുള്ള പന്തുപോലായാൽ ഏതു ശത്രുവും ഒന്നു പേടിക്കും.

പരമാവധി ശ്വാസം പിടിച്ച് ഇങ്ങനെ ശരീരം വീർപ്പിക്കുന്നതിന് ഇംഗ്ലീഷിൽ പഫ് എന്നാണ് പറയുക. അതേ പേരുതന്നെയാണ് സ്വയം വീർക്കുന്ന ഈ മീനിനും. പഫർഫിഷ് ടെട്രാഡോന്റിഡേ എന്നാണ് കുടുംബനാമം. ബ്ലോഫിഷ്, ബലൂൺ ഫിഷ്, ബബിൾ ഫിഷ്, ഗ്ലോബ് ഫിഷ് സ്വെൽ ഫിഷ് തുടങ്ങിയ പേരുകളിലും ഇവ അറിയപ്പെടുന്നു. ഭൂമധ്യരേഖയ്ക്കു സമീപമുള്ള ലോകത്തിലെ എല്ലാ സമുദ്രഭാഗങ്ങളിലും പഫർഫിഷുകളുണ്ട്. 120 ലധികം വ്യത്യസ്ത വിഭാഗങ്ങളുണ്ട് ഇവയുടെ കൂട്ടത്തിൽ. ഇവയിൽ ചിലരെ ശുദ്ധജലത്തിലും കണ്ടുവരുന്നു. വെറും ഒരിഞ്ചു നീളമുള്ള പിഗ്മി പഫർ മുതൽ രണ്ടടിവരെ നീളം വയ്ക്കുന്ന ജയന്റ് പഫർ വരെ പഫർ ഫിഷുകളുടെ കൂട്ടത്തിലുണ്ട്.

ഇലാസ്റ്റിക് പോലെ വലിയുന്ന വയറും പരമാവധി വെള്ളവും ആവശ്യമെങ്കിൽ വായുവും വലിച്ചെടുക്കാനുള്ള കഴിവുമാണ് പഫർഫിഷിനെ വീർക്കാൻ സഹായിക്കുന്നത്. ചിലയിനങ്ങൾക്ക് ശരീരത്തിനുചുറ്റും മുള്ളുകളുമുണ്ട്. ഞൊടിയിടെ വീർത്ത് പന്തുപോലാവുന്ന മീനിനുചുറ്റും എഴുന്നുനിൽക്കുന്ന മുള്ളുകൂടിയുണ്ടെങ്കിൽ ശത്രുവിന്റെ കാര്യം പറയാനില്ല. ഇനി ശരീരം വീർപ്പിക്കുന്നതിനുമുമ്പേ പഫർഫിഷിനെ ആരെങ്കിലും അകത്താക്കിയെന്നിരിക്കട്ടെ, അപ്പോഴും ശത്രുവിന്റെ കാര്യം കട്ടപ്പൊക! സ്രാവുകൾ ഒഴികെയുള്ള ഏതു ശത്രുവിനെയും കൊല്ലാൻ പോന്ന ടെട്രാഡോടോക്സിൻ എന്ന വിഷം ഒട്ടുമിക്ക പഫർഫിഷുകളുടെയും ശരീരത്തിലുണ്ട്. സയനൈഡിനേക്കാൾ 1200 മടങ്ങ് വീര്യമുള്ളതാണ് ഈ വിഷമെന്നും ഒരു പഫർ ഫിഷിന്റെ ശരീരത്തിൽ 30 മനുഷ്യരെ കൊല്ലാൻ പോന്നത്രയും വിഷമുണ്ടെന്നും കരുതപ്പെടുന്നു. ഈ വിഷത്തിനുള്ള പ്രതിവിധിയും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. നട്ടെല്ലുള്ള ജീവികളിൽ ഏറ്റവും വിഷമുള്ളവയുടെ കൂട്ടത്തിലാണ് ശാസ്ത്രജ്ഞർ പഫർഫിഷിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.

ആൽഗകളും കക്കകൾപോലുള്ള നട്ടെല്ലില്ലാജീവികളും ചെറുമത്സ്യങ്ങളുമൊക്കെയാണ് പഫർഫിഷുകളുടെ ഇഷ്ടഭക്ഷണം. അകത്താക്കുന്ന ജീവികളുടെ ശരീരത്തിലടങ്ങിയ ബാക്ടീരിയകളിൽ നിന്നാണ് പഫർഫിഷുകൾ വിഷം ഉൽപാദിപ്പിക്കുന്നതെന്ന് കരുതുന്നു. വിഷമുണ്ടെങ്കിലും ജപ്പാൻ, കൊറിയ, ചൈന പോലുള്ള രാജ്യങ്ങളിൽ ചിലയിനം പഫർഫിഷുകൾ മനുഷ്യരുടെ ഇഷ്ടവിഭവമാണ്. വമ്പൻവിലയുള്ള ഈ വിഭവം പാകം ചെയ്യുന്നത് പ്രത്യേക പരിശീലനവും ലൈസൻസും നേടിയ വിദഗ്ധരായ പാചകക്കാരാണ്. പാചകം പിഴച്ചാൽ മരണം ഉറപ്പ്. അത്തരം നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും പഫർഫിഷുകൾ ഇന്നും മനുഷ്യന്റെ തീൻമേശകളിലെത്തുന്നുണ്ട്.

English Summary: Humble Pufferfish Blows up in Mouth of Eel That was Trying to Eat it

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com