ഓസ്ട്രേലിയയിലെ വിക്ടോറിയ നദിയിൽ മീൻ പിടിക്കാനിറങ്ങിയതാണ് ഒരു കൂട്ടം ആളുകൾ. നിരവധി വമ്പൻ മത്സ്യങ്ങളെ അവർ ചൂണ്ടയിൽ കുരുക്കുകയും ചെയ്തു. എന്നാൽ ഇതിനിടെ മീൻ പിടുത്ത സംഘത്തിൽ ഒരാളായ ട്രന്റ് ഡേയുടെ ചൂണ്ടയിൽ അസാധാരണമായ എന്തോ ഒന്നു കുടുങ്ങി. വലിയ മീനാണെന്നു കരുതി വലിച്ചു പുറത്തെടുക്കാനായി നോക്കിയെങ്കിലും ചൂണ്ടയിൽ കുടുങ്ങിയ ജീവിയുടെ ഭാരം കാരണം ട്രന്റിന് ചൂണ്ട മുകളിലേക്ക് വലിച്ചടുപ്പിക്കാൻ സാധിച്ചില്ല.
ഇടയ്ക്കുവച്ച് ചൂണ്ടയിൽ കുടുങ്ങിയ ജീവി വെള്ളത്തിന് മുകളിലേക്കുയർന്നു വന്നപ്പോഴാണ് അതൊരു ഭീമൻ മുതലയായിരുന്നു എന്ന് അവർ തിരിച്ചറിഞ്ഞത്. അതോടെ എങ്ങനെയെങ്കിലും മുതലയുടെ വായിൽനിന്നും ചൂണ്ട തിരികെ എടുക്കാനായി ശ്രമം. എന്നാൽ ചൂണ്ടയിൽ നിന്നും പിടിവിടാൻ ഭീമൻ മുതല ഒരുക്കമായിരുന്നില്ല. ചൂണ്ട തിരികെ എടുക്കാൻ ട്രന്റ് ശ്രമിക്കുന്തോറും മുതല ചൂണ്ട വിട്ടുകൊടുക്കാതെ കൂടുതൽ ശക്തിയായി താഴേക്ക് വലിച്ചു കൊണ്ടിരുന്നു.
സംഘത്തിലുണ്ടായിരുന്ന മറ്റൊരാൾ ഈ സമയം ട്രന്റും മുതലയും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ദൃശ്യവും പകർത്തി. മത്സ്യങ്ങല്ലാതെ മറ്റേതെങ്കിലും ജലജീവികൾ ചൂണ്ടയിൽ കുരുങ്ങിയാൽ സാധാരണ അവ സ്വയം വിടുവിക്കാൻ ശ്രമിക്കുകയാണ് പതിവ്. ഇങ്ങനെ കുരുങ്ങിയ ജീവികളിൽ നിന്നും ചൂണ്ട തിരികെയെടുക്കാൻ സാധിക്കാതെ വന്നാൽ നൂലു പൊട്ടിച്ച് അവയെ സ്വതന്ത്രരാക്കുകയാണ് പതതിവ്. എന്നാൽ ഏറെ ഗുണമേന്മയുള്ള ചൂണ്ടയും നൂലുമായിരുന്നു തന്റെ പക്കലുണ്ടായിരുന്നതെന്നും അതിനാൽ അത് വിട്ടുകളയാൻ മനസ്സുു വന്നില്ലെന്നും ട്രന്റ് വ്യക്തമാക്കി.
ചൂണ്ടയുമായി കടന്നുകളയാൻ മുതല ആവുന്നത്ര ശ്രമിച്ചെങ്കിലും ഒടുവിൽ ചൂണ്ടയിലെ പിടിവിട്ട് പിൻവാങ്ങുകയാണ് ചെയ്തത്.ചൂണ്ടയുടെ കമ്പ് ബലപ്രയോഗത്തിനിടെ വളഞ്ഞു പോയെങ്കിലും വീണ്ടും ഉപയോഗിക്കാൻ പാകത്തിൽ തന്നെ തിരികെ കിട്ടിയ സന്തോഷത്തിലാണ് ട്രന്റ് . ചൂണ്ട കൊണ്ടുള്ള 'മുതല പിടുത്തത്തിന്റെ' വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ സംഭവം പുറംലോകമമറിഞ്ഞു. മീൻപിടിക്കാൻ പോകുമ്പോൾ ഇത്തരം അനുഭവമാണ് നേരിടുന്നതെങ്കിൽ മറ്റൊരു ശാരീരിക വ്യായാമത്തിന്റെ ആവശ്യം വരില്ലെന്നാണു ദൃശ്യം കണ്ടിട്ട് പലരും പ്രതികരിച്ചത്.
English Summary: What Happened When A Fisherman Accidentally Hooked A Crocodile