ADVERTISEMENT

കർണാടകയിലെ മാപിൾ തുറമുഖത്തിനു സമീപത്തു നിന്നു മത്സ്യബന്ധത്തൊഴിലാളിക്ക് കഴിഞ്ഞദിവസം ലഭിച്ച രണ്ട് കൂറ്റൻ തിരണ്ടി മത്സ്യങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. 750 കിലോഗ്രാമും 250 കിലോഗ്രാമും വീതം ഭാരമുള്ള രണ്ടു തിരണ്ടി മത്സ്യങ്ങളെയാണ് സുഭാഷ് ശൈലൻ എന്ന മത്സ്യത്തൊഴിലാളിക്ക് ഉൾക്കടലിൽ നിന്നും ലഭിച്ചത്.  മീനുകളെ  തുറമുഖത്തേക്കിറക്കാൻ  ക്രയിനിന്റെ സഹായം വേണ്ടിവന്നു.

ഈ പ്രദേശങ്ങളിൽ തിരണ്ടി മത്സ്യങ്ങൾ സാധാരണയായി വലയിൽ കുടുങ്ങാറുണ്ടെങ്കിലും ഇത്രയധികം വലുപ്പമുള്ളവയെ ലഭിക്കുന്നത് അപൂർവമാണ്. മീനുകളെ കരയിലേക്കെത്തിച്ചതോടെ അവയെ കാണാനായി  ജനങ്ങൾ തടിച്ചുകൂടി. കൂറ്റൻ മത്സ്യങ്ങളെ ക്രെയിൻ ഉപയോഗിച്ച് തുറമുഖത്തേക്കിറക്കുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്നതിനുള്ള നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ച ശേഷം ഇതാദ്യമായാണ് ഇത്രയും വലിയ  മത്സ്യങ്ങളെ പിടികൂടുന്നത് എന്ന് ഫിഷർമെൻ അസോസിയേഷൻ പ്രസിഡണ്ടായ യതീഷ്  ബൈകമ്പാടി പറയുന്നു.

കരയിലെത്തിച്ചശേഷം തിരണ്ടി മത്സ്യങ്ങളെ ലേലത്തിന് വച്ചിരുന്നു. കിലോയ്ക്ക് 40 രൂപ നിരക്കിലാണ് മത്സ്യങ്ങൾ ലേലത്തിൽ പോയത്. ജൂലൈ മാസത്തിൽ ഒഡിഷ ബംഗാൾ അതിർത്തി പ്രദേശത്തുള്ള ഡീഗ തീരത്തും 800 കിലോഗ്രാമോളം ഭാരം വരുന്ന കൂറ്റൻ തിരണ്ടി മത്സ്യത്തെ പിടികൂടിയിരുന്നു.

ഇൻറർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ കണക്കുകൾ പ്രകാരം വംശനാശഭീഷണി നേരിടുന്ന സമുദ്രജീവികളുടെ കൂട്ടത്തിലാണ് വമ്പൻ തിരണ്ടികളും ഉൾപ്പെടുന്നത്. സാധാരണയായി ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഇവയെ കൂടുതലായി കണ്ടുവരുന്നത്. വശങ്ങളിലേക്ക് 29 അടി നീളത്തിൽ  വരെ വളരുന്നവയാണ് ഈ ഇനത്തിൽപ്പെട്ട മത്സ്യങ്ങൾ.

English Summary: Karnataka: Two Giant Manta Rays Weighing 750 kg And 250 kg Caught By Fisherman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com