ADVERTISEMENT

ചൈനയിലെ ഷാങ്ഹായ് വന്യജീവിസങ്കേതത്തിൽ വിനോദസഞ്ചാരികളുടെ കൺമുന്നിൽ വെച്ച് മൃഗശാല ജീവനക്കാരൻ കരടികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. വന്യജീവി സങ്കേതത്തിലെ വൈൽഡ് ബീസ്റ്റ് മേഖലയിൽ വച്ചാണ് സംഭവം. ജോലിക്കാരനെ ആക്രമിച്ച ശേഷം കരടികൾ കൂട്ടം കൂടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഭീതി പടർത്തുകയാണ്.

കരടികൾക്ക് സ്വൈര്യവിഹാരം നടത്തുന്നതിനുവേണ്ടിയുള്ള തുറസ്സായ സ്ഥലമാണ് വൈൽഡ് ബീസ്റ്റ് ഏരിയ. ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾ വാഹനങ്ങൾക്കുള്ളിലിരുന്നു കൊണ്ടാണ് മൃഗങ്ങളെ വീക്ഷിക്കുന്നത്. കരടികൾ കൂട്ടം ചേരുന്നതു കണ്ട് വാഹനത്തിനുള്ളിൽ നിന്ന് വിനോദസഞ്ചാരികൾ ഭയന്ന് നിലവിളിക്കുകയായിരുന്നു. എന്നാൽ മൃഗശാല ജീവനക്കാരനെ കരടി ആക്രമിക്കുന്നത് പുറത്തു വന്ന ദൃശ്യങ്ങളിലില്ല. അതേസമയം കരടികൾ ചേർന്ന്  ജോലിക്കാരനെ ആക്രമിച്ചതായും അയാൾ മരണപ്പെട്ട ശേഷം അവ ശരീരം ഭക്ഷിച്ചതായും സന്ദർശകർ വ്യക്തമാക്കി.

മൃഗങ്ങളുടെ ആക്രമണത്തിൽ ജീവനക്കാരിലൊരാൾ മരണമടഞ്ഞതായി വിനോദസഞ്ചാരകേന്ദ്രം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ മരണമടഞ്ഞ വ്യക്തിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായി വന്യജീവി സങ്കേതം വെബ്സൈറ്റിലൂടെ ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. വിനോദസഞ്ചാരികൾക്ക് അസൗകര്യം ഉണ്ടായതിൽ ഖേദവും പ്രകടിപ്പിച്ചിട്ടുണ്ട്.ദാരുണമായ സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചു വരികയാണെന്നും സുരക്ഷാസംവിധാനങ്ങൾ മെച്ചപ്പെടുത്താൻ വേണ്ട നടപടികൾ സ്വീകക്കുമെന്നും വിനോദസഞ്ചാരകേന്ദ്രം ഉറപ്പുനൽകുന്നു.

സംഭവത്തെതുടർന്ന് വൈൽഡ് ബീസ്റ്റ് ഏരിയ നിലവിൽ അടച്ചിട്ടിരിക്കുകയാണ്. 374 ഏക്കറുകളിലായി വ്യാപിച്ചു കിടക്കുന്ന ഷാങ്ഹായ് വന്യജീവിസങ്കേതത്തിൽ ഇരുന്നൂറിലധികം ഇനങ്ങളിലായി ഒരു ലക്ഷത്തിൽ പരം മൃഗങ്ങളുണ്ടെന്നാണ് കണക്ക്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ മൃഗങ്ങളെ മൃഗശാലകളിൽ പാർപ്പിക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ  സജീവമാണ്. മൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ സ്വതന്ത്ര ജീവിതത്തിന് അനുവദിക്കുക മാത്രമാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള പോംവഴിയെന്നാണ് പ്രതികരണങ്ങൾ.

English Summary: Shanghai Zoo worker mauled to death by bear in front of busy tourist bus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com