അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ ‘ബബിയ’ മുതല ക്ഷേത്ര നടയിൽ; അപൂർവ ദൃശ്യം

Temple 'guard' Babiya crocodile comes to visit deity
SHARE

കാസര്‍കോട് അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ, മുതല, ക്ഷേത്ര നടയില്‍ എത്തിയത് ഭക്തര്‍ക്ക് കൗതുകകാഴ്ചയായി. ഇന്ത്യയിലെ ഏക തടാക ക്ഷേത്രമായ ഇവിടെയെത്തുന്ന ഭക്തര്‍ക്ക് അദ്ഭുതമാണ് ബബിയ എന്ന മുതല. അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബബിയ എന്ന മുതലയാണിത്. കഴിഞ്ഞ ദിവസം രാവിലെ നട തുറക്കാനെത്തിയ മേല്‍ശാന്തി കെ.സുബ്രഹ്മണ്യ ഭട്ടാണ് ശ്രീകോവിലിന് മുന്നിലെത്തിയ ബബിയയെ കണ്ടത്. ഭഗവാനായി സങ്കല്‍പ്പിക്കപ്പെടുന്ന ബബിയയ്ക്ക് മുന്നില്‍ മേല്‍ശാന്തി പുരുഷ സുക്തവും വിഷ്ണുസ്തുതിയും ചൊല്ലി പ്രാര്‍ഥന നടത്തി. കുറച്ചുനേരം നടയില്‍ തുടര്‍ന്നശേഷം ബബിയ തിരികെ ക്ഷേത്രക്കുളത്തിലെ ഗുഹയിലേക്ക് തന്നെ മടങ്ങി.

ബബിയ നടയിൽ കിടക്കുന്ന ദൃശ്യം കീഴ്ശാന്തി സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തതും ഒട്ടേറെപ്പേർ കണ്ടു. വിദേശങ്ങളിൽ നിന്ന് ഉൾപ്പെടെ  ക്ഷേത്ര ഭാരവാഹികളുടെ ഫോണിലേക്ക് ഒട്ടേറെ വിളികളെത്തി. മേൽശാന്തി രാത്രി നട അടച്ചു പോയാൽ ബബിയ ക്ഷേത്രസന്നിധിയിൽ എത്താറുണ്ടെങ്കിലും പുലർച്ചെ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടാൽ തിരികെ തടാകത്തിലേക്കു മടങ്ങുകയാണ് പതിവ്. ബബിയ ക്ഷേത്രനടയിൽ കിടക്കുന്ന ചിത്രങ്ങൾ അപൂർവമാണെന്നും ക്ഷേത്രവുമായി ബന്ധപ്പെട്ടവർ പറഞ്ഞു.

രാവിലെയും ഉച്ചയ്ക്കുമുള്ള പൂജകള്‍ക്കുശേഷം നല്‍കുന്ന നിവേദ്യമാണ് ബബിയയുടെ ആഹാരം. പൂര്‍ണമായും സസ്യാഹാരിയാണ് ബബിയ. തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ മൂലസ്ഥാനമാണ് കാസര്‍കോട്ടെ അനന്തപത്മനാഭ സ്വാമി ക്ഷേത്രമെന്നാണ് ഐതിഹ്യം. 1945 ല്‍ ക്ഷേത്രത്തിലുണ്ടായിരുന്ന ഒരു മുതലയെ ബ്രിട്ടിഷ് സൈനികന്‍ വെടിവച്ചുകൊന്നെന്നും ദിവസങ്ങള്‍ക്കുള്ളില്‍ ബബിയ ക്ഷേത്രക്കുളത്തില്‍ പ്രത്യക്ഷപ്പെട്ടെന്നുമാണ് വിശ്വാസം. 75 വയസ്സിലേറെയാണ് ബബിയ്ക്ക് കണക്കാക്കുന്ന പ്രായം.

English Summary: Temple 'guard' Babiya crocodile comes to visit deity

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA