ADVERTISEMENT

ഫ്ലോറിഡ സ്വദേശിയായ കേ റോഗേഴ്സിന്റെ വീട്ടിലെ വളർത്തു പൂച്ചയാണ് ഒലിവ്. പുറത്തു കറങ്ങാനിറങ്ങിയാൽ എന്തെങ്കിലുമൊക്കെ വീട്ടിലേക്ക് എടുത്തുകൊണ്ടു വരുന്നത്  ഒലിവിന്റെ പതിവാണ്. എന്നാൽ ഏതാനും ദിവസം മുൻപ് പുറത്തു പോയ ഒലിവ് കൊണ്ടുവന്ന സാധനം കണ്ട് അദ്ഭുതപ്പെട്ടിരിക്കുകയാണ് വീട്ടുകാർ.  അപൂർവമായ ഇരട്ട തലയുള്ള പാമ്പുമായെത്തിയാണ് ഒലിവ് വീട്ടുകാരെ ഞെട്ടിച്ചത്.

വളർത്തു മൃഗങ്ങൾക്ക് കയറാനുള്ള ചെറിയ വാതിലിലൂടെയാണ് പൂച്ച പാമ്പിനെ വീടിനുള്ളിലേക്ക് വലിച്ചു കൊണ്ട് വന്നത്. ലിവിങ് റൂമിൽ തന്നെ   പാമ്പിനെ കൊണ്ടുവയ്ക്കുകയും ചെയ്തു. കേയുടെ മകളാണ് പാമ്പിനെ ആദ്യം കണ്ടത്. പാമ്പാണെന്ന്  തിരിച്ചറിഞ്ഞപ്പോൾ ഭയന്നെങ്കിലും  ഒന്നുകൂടി ശ്രദ്ധിച്ചപ്പോഴാണ് അത് വെറും പാമ്പല്ല ഇരട്ടത്തലയുള്ള പാമ്പാണെന്ന് മനസ്സിലായത്. പുറത്തു പോയിരുന്ന അമ്മയെ വിളിച്ച് അപ്പോൾ തന്നെ മകൾ വിവരം അറിയിക്കുകയും ചെയ്തു.എന്നാൽ മകൾ തന്നെ കബളിപ്പിക്കുകയാണെന്നാണ് കേ ആദ്യം കരുതിയത്. പിന്നീട് പാമ്പിനെ കണ്ടതോടെ താൻ അമ്പരന്നു പോയി എന്നും അവർ വ്യക്തമാക്കി.

ഡോസ് എന്നാണ് പാമ്പിന് കേയുടെ കുടുംബം നൽകിയ പേര്. രണ്ടു തലകളും രണ്ടു വശങ്ങളിലേക്ക് ആയതിനാൽ പാമ്പിന് കൃത്യമായി മുന്നോട്ടുനീങ്ങാൻ ബുദ്ധിമുട്ടുണ്ടായിരുന്നതായി കേ പറയുന്നു. സതേൺ ബ്ലാക്ക് റേസർ ഇനത്തിൽപ്പെട്ട പാമ്പാണിതെന്ന് ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ കമ്മീഷൻ തിരിച്ചറിഞ്ഞിട്ടുണ്ട്.  ഭ്രൂണവളർച്ചയ്ക്കിടെ അത്യപൂർവമായി രണ്ടു ഭ്രൂണങ്ങളുടെ തലകൾ ഒന്നായി ചേർന്ന് ഇത്തരം അവസ്ഥ ഉണ്ടാകാറുണ്ടെന്നും കമ്മീഷൻ വിശദീകരിച്ചു

രണ്ടു തലകൾ ഉള്ളതിനാൽ അവയ്ക്ക് രണ്ട് തലച്ചോറും ഉണ്ടാവും. അവ രണ്ടും വ്യത്യസ്തമായ രീതിയിൽ പ്രവർത്തിക്കുന്നതിനാൽ  സാധാരണ പാമ്പുകളെ പോലെ ചലിക്കുന്നതിനോ ജീവിക്കുന്നതിനോ അവയ്ക്ക് സാധിക്കാറില്ലെന്നും കൺസർവേഷൻ കമ്മീഷൻ കൂട്ടിച്ചേർക്കുന്നു. നിലവിൽ കൺസർവേഷൻ കമ്മീഷനിലെ ജോലിക്കാരുടെ സംരക്ഷണത്തിനാണ് പാമ്പ്. അപൂർവമായ പാമ്പിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലെത്തിയതോടെ വളരെ പെട്ടെന്ന് തന്നെ ജനശ്രദ്ധനേടി.

English Summary: Family Pet Cat Brings Two-Headed Snake Inside 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com