ADVERTISEMENT

ആനയും നായയും അടക്കം വെള്ളത്തിലൂടെ നീന്താൻ കഴിയുന്ന ഒട്ടേറെ മൃഗങ്ങളുണ്ട്. എന്നാൽ  ശരീരഭാരത്തെ അവഗണിച്ചുകൊണ്ട്  വെള്ളത്തിന്റെ ഉപരിതലത്തിലൂടെ നീങ്ങാൻ മൃഗങ്ങൾക്ക് സാധിക്കുമോ? അതിശയോക്തിയാണെന്ന് കരുതിയെങ്കിൽ തെറ്റി. അലാസ്കയിലെ ഒരു നദിയിൽ വെള്ളത്തിന് മുകളിലൂടെ  ദീർഘദൂരം അനായാസം ഓടി നീങ്ങുന്ന ഒരു മ്ലാവിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

അലാസ്കയിലെ ഒരു നദിയിലൂടെ ബോട്ടിൽ സഞ്ചരിക്കുകയായിരുന്ന ക്രിസ്റ്റി പാനിപ്ഷുക് എന്ന വ്യക്തിയാണ്  വെള്ളത്തിനു മുകളിലൂടെ പായുന്ന മ്ലാവിന്റെ ദൃശ്യങ്ങൾ പകർത്തിയത്. ബോട്ടിന് സമീപത്തുകൂടി നീങ്ങിയ മ്ലാവിനെ കണ്ട് ക്രിസ്റ്റി ഉടൻ തന്നെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ബോട്ടിന്റെ ഒരു വശത്തുകൂടി വേഗത്തിൽ നീങ്ങിയ മ്ലാവ് വളരെ പെട്ടെന്ന് നദിയുടെ മറുവശത്തേക്കെത്തുന്നതായി ദൃശ്യത്തിൽ കാണാം.

നദിയിലെ താരതമ്യേന ആഴം കുറഞ്ഞ ഭാഗത്ത് കൂടിയാണ് ബോട്ടിൽ സഞ്ചരിച്ചതെന്ന് ക്രിസ്റ്റി പറയുന്നു. മ്ലാവിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലെത്തിയതോടെ വലിയ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആഴം കുറഞ്ഞ പ്രദേശത്തു കൂടിയാണ് മ്ലാവ് ഓടി നീങ്ങുന്നതെങ്കിലും ദൃശ്യത്തിൽ നദിയിൽ ഏറെ ആഴമുള്ള ഭാഗത്തുകൂടിയാണെന്ന് തോന്നുന്നതിനാലാവാം ഇതൊരു അവിശ്വസനീയമായ കാഴ്ചയായി മാറിയത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. അതേസമയം മോട്ടോർ ബോട്ടിന്റെ  ശബ്ദം കേട്ടു ഭയന്ന മ്ലാവ് കൂടുതൽ ആഴമുള്ള ഇടത്തേക്ക് ഓടിയിരുന്നെങ്കിൽ അതിന്റെ ജീവൻതന്നെ അപകടത്തിലാകുമായിരുന്നു എന്ന ആശങ്കയും പലരും പങ്കുവെക്കുന്നുണ്ട്.

വെള്ളത്തിന് ആഴം കുറവായതും  മ്ലാവ് ഓടി നീങ്ങുന്നതിന്റെ വേഗവും മൂലമാണ് വെള്ളത്തിന്റെ ഉപരിതലത്തിലൂടെ നീങ്ങുന്നതായി തോന്നുന്നതെന്നും അഭിപ്രായമുണ്ട്. എന്തായാലും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ദൃശ്യങ്ങൾ ഇതിനോടകം  ലക്ഷക്കണക്കിനാളുകൾ കണ്ടു കഴിഞ്ഞു.

English Summary: Moose Walk On Water Alongside Boat In Alaska

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com