കാറിന്റെ ബോണറ്റിനുള്ളിൽ പതുങ്ങിയിരുന്നത് 10 അടിയോളം നീളമുള്ള കൂറ്റൻ പെരുമ്പാമ്പ്, വിഡിയോ!

10-Foot Python Found Under The Hood Of A Car
SHARE

കാറിന്റെ ബോണറ്റിനുള്ളിൽ പതുങ്ങിയിരുന്നത് 10 അടിയോളം നീളമുള്ള കൂറ്റൻ പെരുമ്പാമ്പ്. ഫ്ലോറിഡയിലാണ് കാറുടമയെ ഞെട്ടിച്ചുകൊണ്ട് കൂറ്റൻ പെരുമ്പാമ്പ് ബോണത്തിനുള്ളിൽ പതുങ്ങിയിരുന്നത്. ഡാനിയ ബീച്ചിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. എൻജിൻ ലൈറ്റ് കത്താത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് പതുങ്ങിയിരിക്കുന്ന പാമ്പിനെ കണ്ടത്. ഉടൻ തന്നെ വന്യജീവി വിഭാഗത്തിനെ വിവരമറിയിച്ചു.

ഫ്ളോറിഡ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെത്തിയാണ് പാമ്പിനെ അവിടെ നിന്നും നീക്കം ചെയ്തത്. ബർമീസ് പൈതൺ വിഭാഗത്തിൽ പെട്ട പത്തടിയോളം നീളമുള്ള കൂറ്റൻ പെരുമ്പാമ്പാണ് ബോണറ്റിനുള്ളിൽ പതുങ്ങിയിരുന്നത്. കാറുടമയാണ് പാമ്പിനെ നീക്കം ചെയ്യുന്ന ദൃശ്യം പകർത്തിയത്.

ഫ്ളോറിഡ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് ആണ്  ഈ ദൃശ്യം അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവച്ചത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു. അധിനിവേശ ജീവികളാണ് ബർമീസ് പെരുമ്പാമ്പുകൾ. പ്രാദേശിക ജീവികൾക്ക് കടുത്ത ഭീഷണിയാണ് ഇവ ഉയർത്തുന്നത്. ഏഷ്യയാണ് ബർമീസ് പെരുമ്പാമ്പുകളുടെ സ്വദേശം. അവിടെയുള്ള പെരുമ്പാമ്പുകൾക്ക് 18 മുതൽ 20 അടിവരെ നീളം വയ്ക്കാറുണ്ട്.

1980 ലാണ് എവർഗ്ലേഡിൽ ആദ്യമായി ബർമീസ് പൈതണെ കണ്ടെത്തിയത്. വളർത്താനായി കൊണ്ടുവന്ന പെരുമ്പാമ്പുകളെ ഉടമസ്ഥർ ആരുമറിയാതെ വനത്തിലുപേക്ഷിച്ചതാണ് ഇവ വനത്തിലെത്താൻ കാരണം. 1992 ആയപ്പോഴേക്കും ഇവ ക്രമാതീതമായി പെറ്റുപെരുകിയിരുന്നു. പ്രാദേശികമായി കാണപ്പെട്ടിരുന്ന ചെറു ജീവികളികളെയെല്ലാം കൊന്നൊടുക്കിയായിരുന്നു ഇവയുടെ മുന്നേറ്റം.

1997 നടത്തിയ പഠനങ്ങളനുസരിച്ച് പ്രാദേശിക ജീവിയായ റക്കൂണുകളുടെ എണ്ണം 99.3 ശതമാനമായി കുറഞ്ഞിരുന്നു. ഒപ്പോസത്തിന്റെ അംഗസംഖ്യയും 98.9 ശതമാനമായി. ബോബ് ക്യാറ്റുകളുടെ എണ്ണത്തിലും കുത്തനെ കുറവുണ്ടായതായി പഠനങ്ങൾ വ്യക്തമാക്കി. മാർഷ്, കോട്ടൺ ടെയ്ൽ, കുറുക്കൻമാർ തുടങ്ങി പല ജീവികളെയും പ്രദേശത്തു നിന്നും തുടച്ചുമാറ്റിയായിരുന്നു ബർമീസ് പെരുമ്പാമ്പുകളുടെ ജൈത്രയാത്ര.

English Summary: 10-Foot Python Found Under The Hood Of A Car

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA