ADVERTISEMENT

തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പൂച്ചയും  കുഞ്ഞുങ്ങളും കുടുങ്ങിയത് 4 ദിവസം. തുർക്കിയിലെ ഭൂകമ്പത്തിൽ തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിന്നും രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെടുക്കുന്ന പൂച്ചയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. തകർന്നു വീണ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ നിലയിലായിരുന്നു പൂച്ച. രക്ഷയുടെ കരങ്ങൾ തേടിയെത്തിയതോടെ ആശ്വാസമായി. ശരീരത്തിന്റ പകുതി ഭാഗവും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതിനാൽ മണ്ണ് നീക്കിയ ശേഷം ഏറെ പണിപ്പെട്ടാണ് പൂച്ചയെ പുറത്തെടുത്തത്. ഭൂകമ്പം നടന്ന് നാലാമത്തെ ദിവസമാണ് പൂച്ചയേയും മൂന്ന് കുഞ്ഞുങ്ങളേയും രക്ഷപെടുത്താൻ കഴിഞ്ഞത്. ഭൂകമ്പം നാശം വിതച്ച ഇസ്മിറിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ.ഒരു മില്യണിലധികം ആളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

Animal survivors of the earthquake in Turkey’s Izmir

തകർന്നടിഞ്ഞ കോൺക്രീറ്റ് പാളികൾക്കിടയിൽ നിന്നും രക്ഷാപ്രവർത്തകർക്ക് ആദ്യ ദീവസം ലഭിച്ചത് ഒരു പൂച്ചക്കുട്ടിയെയായിരുന്നു ഭയന്നു വിറച്ചിരുന്ന പൂച്ചയെ ഏറെ കരുതലോടെ എടുത്ത് തലയിൽ തലോടുന്ന രക്ഷാപ്രവർത്തകരെ ദൃശ്യത്തിൽ കാണാം. മനുഷ്യരെപ്പോലെ തന്നെ മൃഗങ്ങളുടെ ജീവനും വിലയുണ്ടെന്ന് തെളിയിക്കുന്നതാണ് തുർക്കിയിൽ നിന്നും പുറത്തുവരുന്ന ദൃശ്യങ്ങൾ. 

ഭൂകമ്പം നടന്ന് 30, 32 മണിക്കൂറുകൾക്ക് ശേഷമാണ് മറ്റ് രണ്ട് പൂച്ചകളെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇതിൽ ഒരു പൂച്ചയുടെ കാലുകളിലെ നഖം നഷ്ടപ്പെട്ട നിലയിലായിരുന്നു. രക്ഷപെടാൻ ശ്രമിച്ചപ്പോൾ സംഭവിച്ചതാകാം ഇതെന്നാണ് നിഗമനം.കൂടു തകർന്ന നിലയിൽ കണ്ടെത്തിയ ലൗ ബേർഡാണ് രക്ഷപെട്ട പക്ഷി. മൃഗങ്ങൾക്കായി സംരക്ഷണ കേന്ദ്രം തുറന്നതായി വെറ്ററിനറി വിദഗ്ധർ വ്യക്തമാക്കി. രക്ഷപെടുത്തിയ മൃഗങ്ങളെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. തുർക്കിയിൽ ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന നിരവധി ആളുകളെയും കഴിഞ്ഞ ദിവസങ്ങളിൽ കണ്ടെത്തിയിരുന്നു.

ഇസ്മിറിലെ തകർന്നടിഞ്ഞ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ജീവനോടെ പുറത്തെടുക്കുന്ന മുയലിന്റെ ദൃശ്യം 2.9 മില്യൺ ആളുകളാണ് ഇതുവരെ കണ്ടത്. തുർക്കിയിലെ രക്ഷാപ്രവർത്തകർ നെഞ്ചോടു ചേർത്തു പിടിച്ചാണ് മുയലിനെ അവിടെ നിന്നും സുരക്ഷിതമായ സ്ഥലത്തേക്ക് കൊണ്ടുപോയത്. ഇത്തരത്തിലുള്ള ഹൃദയസ്പർശിയായ നിരവധി ദൃശ്യങ്ങളാണ് മേഖലയിൽ നിന്നും പുറത്തുവരുന്നത്.

ഭൂകമ്പം വൻനാശം വിതച്ച തുർക്കിയിലെ  ഇസ്മിറിൽ മരിച്ചവരുടെ എണ്ണം 111 ആയി. ഗ്രീക്ക് . ഇസ്മിറിൽ 940 പേർക്കു പരുക്കേറ്റതായി തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ വ്യക്തമാക്കി.നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ അകപ്പെട്ടതായി കരുതുന്നു. തുടർച്ചയായുണ്ടായ നൂറു കണക്കിനു തുടർചലനങ്ങൾ രക്ഷാപ്രവർത്തനങ്ങളെ ബാധിച്ചു.

ഭൂകമ്പം നടന്ന് ദിവസങ്ങൾക്ക് ശേഷവും സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ ജീവനോടെ പുറത്തെടുക്കാനായത് പ്രതീക്ഷ പകരുന്നു. സാമോസിലെ തുറമുഖ നഗരമായ വതി കടൽവെള്ളത്തിൽ മുങ്ങി. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് തുർക്കിയുടെ എയ്ജിയൻ തീരത്തിനും ഗ്രീക്ക് ദ്വീപായ സാമോസിനുമിടയിൽ ശക്തമായ ഭൂകമ്പമുണ്ടായത്. തുർക്കിയിലെ മൂന്നാമത്തെ വലിയ നഗരമായ ഇസ്മിറിലേക്ക് സൂനാമിക്കു സമാനമായി കടൽ ഇരച്ചുകയറുകയായിരുന്നു. 20ലേറെ ബഹുനില കെട്ടിടങ്ങൾ നിലംപൊത്തി. 5000ൽ പരം സേനാംഗങ്ങളാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. 

English Summary: Animal survivors of the earthquake in Turkey’s Izmir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com