തളർന്നുവീണ കിളിയെ രക്ഷിക്കാൻ ശ്രമിക്കുന്ന ഗൊറില്ല; ഹൃദയസ്പർശിയായ ദൃശ്യം

Gorilla tries to help stricken bird in Australian zoo enclosure
SHARE

സഹജീവികളോടുള്ള സ്നേഹത്തിൻറെ കാര്യത്തിൽ മൃഗങ്ങൾ മനുഷ്യരേക്കാൾ ഒരുപടി മുന്നിലാണ്. പ്രത്യേകിച്ച് മനുഷ്യരുടെ തടവിൽ കഴിയുന്ന ഒരു മൃഗത്തിന് മറ്റൊന്നിന്റെ വേദന വേഗം തിരിച്ചറിയാൻ സാധിക്കുന്നുണ്ട് എന്നവേണം കരുതാൻ. മൃഗശാലയിൽ പാർപ്പിച്ചിരിക്കുന്ന ഗോറില്ല വേലിക്കെട്ടിനുള്ളിൽ  തളർന്നുവീണ കുഞ്ഞ് കിളിയെ സഹായിക്കാൻ ശ്രമിക്കുന്ന ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ൽസിലെ ഒരു മൃഗശാലയിൽ നിന്നുള്ളതാണ് ദൃശ്യം. പറക്കുന്നതിനിടയിൽ വേലിയിലോ മരത്തിലോ തട്ടി അപകടത്തിൽ പെട്ടതാണ് കിളിക്കുഞ്ഞ്. അത് വന്നുവീണതാകട്ടെ ഗൊറില്ലയെ പാർപ്പിച്ചിരിക്കുന്ന വേലിക്കെട്ടിനുള്ളിലെ പുൽത്തകിടിയിലും. ദൂരെനിന്നു തന്നെ ഇതുകണ്ട ഗൊറില്ല ഉടനെ അരികിലെത്തി. ഒറ്റനോട്ടത്തിൽ കാര്യം മനസ്സിലാകതെ വന്നതോടെ കിളിയുടെ അരികിലേക്ക് ചേർന്നു കിടന്നുകൊണ്ട് ഗോറില്ല അതിനെ സസൂക്ഷ്മം വീക്ഷിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം.

 കിളി പറക്കാൻ സാധിക്കാതെ കിടക്കുകയാണ് എന്ന് മനസ്സിലായതോടെ എങ്ങനെയും അതിനെ രക്ഷിക്കാനുള്ള ശ്രമമായി. കിളിക്ക് അപകടം പറ്റാത്ത വിധത്തിൽ വളരെ പതുക്കെ അതിനെ കൈ കൊണ്ട് തട്ടി പറക്കാൻ സഹായിക്കുകയാണ് ഗൊറില്ല ചെയ്തത്. ഗൊറില്ലയുടെ സഹായത്തോടെ ഇടയ്ക്ക് കിളി ചിറകുകൾ അനക്കുകയും ചെയ്തു  എന്നാൽ മുറിവുകൾ സാരമായതിനാൽ പുൽത്തകിടിയിൽ നിന്നും പറന്നു നീങ്ങാൻ കിളിക്ക് സാധിച്ചില്ല. ഒടുവിൽ തന്റെ സഹായം കൊണ്ട് പരിഹരിക്കാവുന്നതല്ല കിളിയുടെ പ്രശ്നമെന്ന് മനസ്സിലാക്കിയിട്ടെന്നോണം ഗോറില്ല നടന്നു നീങ്ങുകയും ചെയ്തു.

മൃഗശാല സന്ദർശിക്കാനെത്തിയ സഞ്ചാരികളിൽ ഒരാൾ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. വളരെ എളുപ്പത്തിൽ ആക്രമിക്കാവുന്ന അത്ര അടുത്ത് കിളിയെ കിട്ടിയിട്ടും അതിനെ അപായപ്പെടുത്താതെ ഗൊറില്ല രക്ഷിക്കാൻ ശ്രമിക്കുന്നത് ഏറെ അതിശയകരമാണെന്നാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്ന പ്രതികരണങ്ങൾ. അപകടത്തിൽപ്പെട്ടവരോട് മനുഷ്യരേക്കാൾ അധികം സഹാനുഭൂതിയും കരുണയും മൃഗങ്ങൾക്കുണ്ടെന്നതിന് തെളിവാണിതെന്നാണ് പലരുടെയും പ്രതികരണം.

English Summary: Gorilla tries to help stricken bird in Australian zoo enclosure

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA