തുമ്പിക്കൈ വിസ്തരിച്ചു കഴുകിയിട്ട് മാത്രം ജലപാനം; ജയശ്രീയുടെ വൃത്തി ശീലങ്ങള്‍ കൗതുകമാകുന്നു!

Meet the elephant Jayasree in Kottur Elephant Rehabilitation Centre
കോട്ടൂർ അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് ആന പുനരധിവാസ കേന്ദ്രത്തിലെ ജയശ്രീ ആന വെള്ളം കുടിക്കുന്നതിനു മുൻപു തുമ്പിക്കൈയുടെ ഉൾഭാഗം കഴുകുന്നു.
SHARE

വനം വകുപ്പിലെ ജയശ്രീ എന്ന ആന നൽകുന്ന വൃത്തിയുടെ പാഠം കോവിഡ് കാലത്തു സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയാണ്. വനം–വന്യജീവി വകുപ്പിന്റെ കോട്ടൂർ അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് റേഞ്ചിലെ ആന പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസിയാണു ജയശ്രീ. ഇവിടത്തെ 15 ആനകളിൽ ഏറ്റവും പ്രായം കൂടിയ പിടിയാന. വയസ്സ് 46. കോവിഡിനെ പ്രതിരോധിക്കാൻ കൈകൾ ശുചിയായി സൂക്ഷിക്കണമെന്നതുൾപ്പെടെ ശുചിത്വ ശീലങ്ങൾ മനുഷ്യരെക്കൊണ്ട് അനുസരിപ്പിക്കാൻ ബുദ്ധിമുട്ടുമ്പോൾ ജയശ്രീ ഇതെല്ലാം പണ്ടേ ശീലമാക്കിയിരുന്നു. 

ആനക്കുളിയിലുൾപ്പെടെ കാണാം ഈ കരുതൽ. നെയ്യാർ ജലസംഭരണിയിൽ കുളിപ്പിക്കാനിറക്കുമ്പോൾ മറ്റെല്ലാ ആനകളും ഒന്നു രണ്ടു തുമ്പിക്കൈ വെള്ളം കുടിക്കും. എന്നാൽ ജയശ്രീ മാത്രം, തുമ്പിയുടെ തുമ്പത്തെ സ്വാഭാവിക ‘മാസ്ക്’ ആയ തുണിക്കൈ എന്നു വിളിക്കുന്ന ഫ്ലാപ് ചേർത്തു പിടിച്ചാണു കുളിക്കാൻ കിടക്കുക. മാലിന്യങ്ങളൊന്നും മൂക്കിൽ കയറരുതെന്ന ‘നിർബന്ധ ബുദ്ധി’. കുളി കഴിഞ്ഞാൽ ആനയൂട്ടിന്റെ സമയമാണ്. 

ചോറും പയറും മുതിരയും ചേർന്ന ഉരുള അകത്താക്കിയ ശേഷമേ വെള്ളം കുടിക്കൂ. ഇതിനായി നേരെ കിണറ്റിൻ കരയിലേക്കു പോകും. വെള്ളം കോരി പാപ്പാൻമാർ തുമ്പിയിൽ ഒഴിച്ചു കൊടുക്കണം. ആദ്യം ഒഴിക്കുന്ന വെള്ളം കൊണ്ടു തുമ്പിക്കൈ വിസ്തരിച്ചു കഴുകിയിട്ടേ ജലപാനം നടത്തൂ. ഈ തുമ്പിക്കൈ കഴുകൽ ഇവിടെയെത്തുന്ന സന്ദർശകരെയെല്ലാം ആകർഷിക്കുന്ന കാഴ്ചയാണ്. നിത്യവും 2 നേരം ഈ രീതിയിൽ കിണറ്റിൽ നിന്നുള്ള വെള്ളം മാത്രമേ കുടിക്കൂ.

ജയശ്രീയുടെ വൃത്തി ശീലങ്ങളെക്കുറിച്ചു വനം–വന്യ ജീവി വകുപ്പ് യുട്യൂബ് വിഡിയോ പുറത്തിറക്കിയതു വൈറൽ ആയി. ജയശ്രീയെ നേരിൽ കാണാൻ ഒട്ടേറെ പേരാണ് ഇപ്പോൾ കോട്ടൂരിലെത്തുന്നത്. 1975 ഏപ്രിൽ 12 ന് കോന്നി വനത്തിൽ നിന്നാണു ജയശ്രീയെ വനം വകുപ്പിനു ലഭിച്ചത്. ഗണപതി പൂജ, അതിഥികളെ ഹാരമണിയിക്കൽ, മൗത്ത് ഓർഗൻ വായന, ഡാൻസ്, കാൽപ്പന്തുകളി എന്നിവയെല്ലാം വശമുണ്ട്. ആന സവാരിക്കാർക്കും ജയശ്രീ പ്രിയപ്പെട്ടവൾ. ബത്തേരി, കൂത്തുപറമ്പ്, മുത്തങ്ങ, തേക്കടി എന്നിവിടങ്ങളിൽ ജോലി ചെയ്തു. തേക്കടിയിൽ വച്ച് പ്രസവിച്ചെങ്കിലും കുട്ടി  ചെരിഞ്ഞു.. 15 വർഷമായി കോട്ടൂരിലുണ്ട്.

English Summary: Meet Jayasree the elephant in Kottur Elephant Rehabilitation Centre

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA