ADVERTISEMENT

പാകിസ്ഥാനിലെ മൃഗശാലയില്‍ വര്‍ഷങ്ങളോളം ഒറ്റപ്പെട്ടു കഴിഞ്ഞ കാവന്റെ ഏകാന്തവാസം അവസാനിച്ചു. ഒരുകൂട്ടം മൃഗസ്നേഹികളുടെ നിരന്തരപ്രയത്നത്തിനൊടുവില്‍ കാവന് ഇനി കംബോഡിയയില്‍ സുഖവാസം. കോടതി ഉത്തരവുമായുള്ള കാവന്റെ യാത്രയും ലോകശ്രദ്ധ നേടി.

ലോകത്ത് ഏറ്റവും കൂടുതല്‍ക്കാലം ഏകാകിയായ് കഴിഞ്ഞ ദുഃഖിതനായ ആന. അവന്റെ പേരാണ് കാവന്‍. അമേരിക്കന്‍ ഗായിക ഷെര്‍ ഉള്‍പ്പടെ നിരവധി ആനപ്രേമികളുടേയും ഒപ്പം ആഗോള മ‍ൃഗസംരക്ഷണ സംഘടനയായ ഫോർ പോവ്സിന്റെയും വര്‍ഷങ്ങള്‍ നീണ്ട പ്രയത്നത്തിനൊടുവിലാണ് കാവന്റെ ഏകാന്തവാസത്തിന് വിരാമമായത്. അവന്റെ ജീവിതം പോലെ തന്നെ സംഭവബഹുലമായിരുന്നു ഇസ്ലമാബാദില്‍ നിന്നും കംബോഡിയയിലേക്കുള്ള യാത്രയും. 

കാവന്‍ പഴയ റഷ്യന്‍ യുദ്ധവിമാനത്തിലാണ് പുതിയ താമസസ്ഥലത്തേക്ക് യാത്രയായത്.  കുളിയൊക്കെ കഴിഞ്ഞ് കൊമ്പും നഖങ്ങളുമൊക്കെ വെട്ടിയൊതുക്കി, വേണ്ട പരിശോധനകളും നടത്തി അവനെ സുരക്ഷിതമായി ഒരു കൂട്ടിലേക്ക് കയറ്റി. ക്രെയ്ന്‍ ഉപയോഗിച്ച് കൂടുയര്‍ത്തി ട്രക്കില്‍ കയറ്റി. നേരെ വിമാനത്താവളത്തിലേക്ക്. 10 മണിക്കൂര്‍ നീണ്ട യാത്രയ്ക്കിടെ കഴിക്കാന്‍ വേണ്ടത്ര ഭക്ഷണവും വെള്ളവുമൊക്കെ കൂട്ടില്‍ തയ്യാറാക്കിയിരുന്നു. കംബോഡിയയിലെ സെയ്ം റീപ് വിമാനത്താവളത്തിലെത്തിയ കാവന് വന്‍ വരവേല്‍പ്പാണ് കംബോഡിയന്‍ സര്‍ക്കാരും വിമാനത്താവള അധികൃതരും നല്‍കിയത്. 

സന്യാസിമാരും സൈനികരുമുള്‍പ്പടെയുള്ളവർ പൂക്കളും പഴങ്ങളുമായി കാവനെ വരവേല്‍ക്കാന്‍ കാത്തുനിന്നിരുന്നു.  വടക്കുപടിഞ്ഞാറന്‍ കംബോഡിയയിലെ  വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയിരിക്കുകയാണ് ഇപ്പോൾ കാവനെ. വിമാനമൊക്കെ കയറി വന്നതല്ലേ. കുറച്ചു ദിവസം ക്വാറന്റീനാണ്. അതുകഴിഞ്ഞാല്‍ ഏകാന്തവാസമൊക്കെ മറന്ന് 600കൂട്ടുകാരുമൊത്ത് കാവന് സസുഖം ഇവിടെ കഴിയാം. സന്തോഷവാനായ കാവന്റെ നിരവധി ചിത്രങ്ങളാണ് ഓരോ ദിവസവും ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. 

English Summary: 'World's loneliest elephant' Kaavan starts a new life in Cambodia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com