ADVERTISEMENT

ആഗോള താപനവും കാലാവസ്‌ഥാ വ്യതിയാനങ്ങളും മനുഷ്യന്റെ വിവേചനരഹിതമായ പ്രവർത്തനങ്ങളുമൊക്കെ തുടരുമ്പോൾ പർവതങ്ങൾക്കും രക്ഷയില്ല. വിണ്ണിനെ തൊടുന്ന ഗാംഭീര്യവുമായി തലയുയർത്തി നിൽക്കുന്ന പർവതങ്ങളെ നോക്കി അത്ഭുതം കൂറാത്തവരില്ല. അക്ഷരാർഥത്തിൽ പ്രകൃതി കെട്ടിയ കോട്ടകൾ തന്നെയാണ് പർവതങ്ങൾ. പർവതങ്ങൾ നാശത്തിലേക്ക് അടുക്കുമ്പോൾ കഷ്‌ടത്തിലാവുന്നതു അവിടുത്തെ അത്യപൂർവമായ ജൈവസമ്പത്താണ്. ലോകമെങ്ങുമുള്ള പർവതങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ ലോകശ്രദ്ധയിൽ കൊണ്ടുവരിക, പർവതങ്ങളുടെ സുസ്‌ഥിര വികസനവും സംരക്ഷണവും സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഡിസംബർ 11 രാജ്യാന്തര പർവത ദിനമായി ആചരിക്കുന്നത്. 2003 മുതലാണ് ദിനാചരണം ആരംഭിച്ചത്. 

ഭൗമോപരിതലത്തിന്റെ 24% പർവതങ്ങളാണെന്നു കണക്കുകൾ കാണിക്കുന്നു. മാനവജീവിതവും സംസ്‌കൃതിയും രൂപപ്പെടുത്തുന്നതിലും ലോകചരിത്രംതന്നെ വഴിതിരിച്ചുവിടുന്നതിലും പർവതങ്ങൾ പ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്. അജയ്യമായി തലയുയർത്തി നിൽക്കുന്ന പർവതങ്ങൾ എന്നും മനുഷ്യനത്ഭുതമായിരുന്നു! പല രാജ്യത്തും ഇവയ്‌ക്ക് ദൈവികപരിവേഷം നൽകി ആരാധിച്ചിരുന്നതായും കാണാം. മനുഷ്യമനസ്സിൽ ഭയവും ഭക്‌തിയും ജിജ്‌ഞാസയും സാഹസികതയുമുണർത്താൻ പർവതങ്ങളുടെ ഔന്നത്യവും അപ്രാപ്യതയും ഗാംഭീര്യവും കാരണമായിട്ടുണ്ട്.

എന്താണു പർവതം? ലോകവ്യാപകമായി അംഗീകരിച്ച കൃത്യമായ നിർവചനം പർവതങ്ങൾക്കില്ല. സമീപ പ്രദേശങ്ങളെക്കാൾ വളരെ ഉയരത്തിൽ സ്‌ഥിതിചെയ്യുന്ന ഭൂവിഭാഗങ്ങളാണിവ എന്നു പറയാം. ഭൂനിരപ്പിൽനിന്ന് ആയിരത്തിലധികം മീറ്റർ ഉയരവും അഞ്ചു ഡിഗ്രിയിലധികം ചരിവുമുള്ള ഭൂപ്രദേശങ്ങളെ പർവതങ്ങളെന്നു നിർവചിക്കാം. എന്നാൽ, ഇത്രയും കൃത്യമല്ലാത്ത ഉയർന്ന സ്‌ഥലങ്ങളെയും ഈ പേരിട്ടു വിളിക്കാറുണ്ട്. പർവതങ്ങളെക്കുറിച്ചുള്ള ശാസ്‌ത്രീയ പഠനത്തിന് ഓറോഗ്രഫിയെന്നാണ് പേര് .

ലോകജനതയുടെ അഞ്ചുശതമാനം പർവതങ്ങളിൽ വസിക്കുന്നതായി കണക്കാക്കപ്പെടുന്നു. ഭൂമണ്ഡലത്തിലെ ശുദ്ധജലത്തിന്റെ 80% പർവതങ്ങളിലാണ് ഉത്ഭവിക്കുന്നത്. ഏറ്റവുമധികം പർവതങ്ങൾ ഏഷ്യാ വൻകരയിലാണ്; ആകെ വിസ്‌തീർണത്തിന്റെ 64%. തൊട്ടുപിറകിൽ യൂറോപ്പ് (25%), തെക്കേ അമേരിക്ക (22%), ഓസ്‌ട്രേലിയ (17%) എന്നിവയും.

എല്ലാ വർഷവും ഡിസംബർ 11, ലോക പർവത ദിനമായി ആചരിക്കാൻ ഐക്യരാഷ്‌ട്രസംഘടന ആഹ്വാനം ചെയ്യുന്നു. 2002 രാജ്യാന്തര പർവതവർഷമായിരുന്നു. 2003മുതൽ പർവത ദിനാചരണം നടന്നുവരുന്നു. ശുദ്ധജലസ്രോതസ്സായ നീർത്തടങ്ങൾ നിലനിർത്തുന്നതു വഴിയും ജൈവവൈവിധ്യം കാത്തു സൂക്ഷിക്കുന്നതു വഴിയും പർവതവനങ്ങൾ പരോക്ഷമായി മാനവസേവ നടത്തുന്നു.

Mount-Everest
എവറസ്റ്റ് കൊടുമുടി (ഫയൽ ചിത്രം)

വമ്പനിൽ വമ്പൻ!

ലോകത്തിലെ ഏറ്റവും വലിയ പർവതമെന്ന ഖ്യാതി ഹിമാലയത്തിനാണ്. ഇന്ത്യാ ഉപഭൂഖണ്ഡത്തെ തിബത്തൻ പീഠഭൂമിയിൽനിന്നു വേർതിരിക്കുന്നു ഈ പർവതനിരകൾ. വടക്കുപടിഞ്ഞാറ് സിന്ധുനദി മുതൽ കിഴക്ക് ബ്രഹ്‌മപുത്രാ നദിവരെ ഏകദേശം 2600 കിലോമീറ്റർ നീളത്തിൽ സ്‌ഥിതി ചെയ്യുന്ന ഇത്, ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ഏഴു കൊടുമുടികളുടെ ആസ്‌ഥാനമാണ്.

1. നേപ്പാൾടിബറ്റ് അതിർത്തിയിൽ സ്‌ഥിതി ചെയ്യുന്ന എവറസ്‌റ്റ് 

2. ജമ്മുകശ്‌മീരിനു സമീപമുള്ള കെ2 അഥവാ മൗണ്ട് ഗോഡ്വിൻ ഓസ്‌റ്റിൻ

3. ഇന്ത്യാനേപ്പാൾ അതിത്തിയിലെ കാഞ്ചൻജംഗ 

4. നേപ്പാൾതിബത്ത് അതിർത്തിയിലെ മകാലു

5. നേപ്പാളിലെ ധവളഗിരി

6.പാക് അധിനിവേശ കശ്‌മീരിലെ നംഗപർവതം 

7.നേപ്പാളിലെ അന്നപൂർണ

യൂറോപ്പിന്റെ സ്വന്തം ആൽപ്‌സ്

യൂറോപ്പിലെ ഏറ്റവും ദൈർഘ്യമേറിയ ആൽപ്‌സ് പർവതനിരകൾ കിഴക്ക് ഓസ്‌ട്രിയ മുതൽ യൂഗോസ്ലേവിയവരെയും പടിഞ്ഞാറ് ജർമനി മുതൽ ഫ്രാൻസ് വരെയും നീണ്ടുകിടക്കുന്നു. മെഡിറ്ററേനിയൻ കടലിനു വടക്കായി, അർധചന്ദ്രാകാരത്തിൽ കാണുന്ന ഇത് ഇറ്റലി, ജർമനി, സ്വിറ്റ്‌സർലൻഡ്, * ക്രൊയേഷ്യ, ബോസ്‌നിയ, ഹെർസെഗോവിന, സെർബിയ, മോണ്ടിനെഗ്രോ, അൽബേനിയ, യുഗൊസ്‌ലാവ്യ, സ്ലൊവേനിയ, മൊണാക്കോ എന്നീ രാജ്യങ്ങളുടെയെല്ലാം ഭാഗമാണെങ്കിലും സ്വിറ്റ്‌സർലൻഡ്, ഓസ്‌ട്രിയ എന്നിവയെയാണ് യഥാർഥ ആൽപ്‌സ് രാജ്യങ്ങളെന്നു വിളിക്കുന്നത്. 1200 കിലോമീറ്ററോളം നീളവും പരമാവധി 200 കിലോമീറ്ററോളം വീതിയുമുള്ള ഈ പർവതനിരകൾക്ക് 2,07,000 ചതുരശ്ര കിലോമീറ്ററിലധികം വിസ്‌തീർണം കണക്കാക്കുന്നു.

യൂറോപ്പ് ഏഷ്യ അതിരായി യൂറാൾ

യൂറോപ്പിനെ ഏഷ്യാ വൻകരയിൽനിന്നു വേർതിരിക്കുന്ന യൂറാൾ പർവതനിരകൾ ആർട്ടിക് മഹാസമുദ്രം മുതൽ യൂറാൾ നദിവരെ, വടക്കുകിഴക്കായി പശ്‌ചിമ റഷ്യയിലും കസാക്കിസ്‌ഥാനിലുമായി കാണപ്പെടുന്നു. 2500 കി.മീ. നീളവും 40150 കി.മീ. വീതിയും ഇതിനുണ്ട്.

International Mountain Day 2020

പർവതങ്ങൾ ഉണ്ടാകുന്നത്

ഒരു ജിഗ്‌സോ പസിലിലെ കഷണങ്ങളെന്നപോലെ ഒരുകൂട്ടം വൻഫലകങ്ങൾ ചേർന്നുണ്ടായിരിക്കുന്നതാണ് ഭൂമിയുടെ പുറന്തോട്. ഈ ഫലകങ്ങളെ ടെക്‌റ്റോണിക് പ്ലേറ്റുകളെന്ന് വിളിക്കുന്നു. ഏഴു പ്രധാന ഫലകങ്ങളും മറ്റനേകം ഉപഫലകങ്ങളും ഇവയിലുൾപ്പെടുന്നു. ഇവ നിതാന്തമായി ചലിച്ചുകൊണ്ടിരിക്കുന്നു. വർഷത്തിൽ ചില സെന്റീമീറ്റർമാത്രം ദൂരത്തിലേക്ക് സാവധാനം ചലിച്ചുകൊണ്ടിരിക്കുന്ന ഇവ തമ്മിൽ കൂട്ടിയിടിക്കാനിടയാകുന്നതാണ് പർവതങ്ങളുണ്ടാകാൻ കാരണം.

ആഴിക്കടിയിലും...

പർവതഭീമൻമാർ സമുദ്രത്തിനടിയിലും സ്‌ഥിതി ചെയ്യുന്നുണ്ട്. ഭൂമിക്ക് മുകളിൽ കാണപ്പെടുന്നവയെക്കാൾ വരും ഇവയുടെ എണ്ണം. ഭൂഗോളത്തെ മുഴുവൻ ചുറ്റി, എല്ലാ സമുദ്രത്തിലെയും പർവതങ്ങളെ ബന്ധിപ്പിച്ച് നെടുനീളത്തിൽ സ്‌ഥിതിചെയ്യുന്ന സമുദ്രാന്തർഭാഗ പർവതനിരകൾക്ക് മിഡ് ഓഷൻ റിഡ്‌ജസ് അഥവാ സമുദ്രമധ്യപർവത ശൃംഖലകൾ എന്നാണ് പേര്. 65,000 കിലോമീറ്റർ നീളത്തിൽ തുടർച്ചയായുള്ള പർവതനിരകളും ഒറ്റപ്പെട്ട പർവത ഖണ്ഡങ്ങളും ചേർന്ന് ഇതിന്റെ ആകെ നീളം 80,000 കിലോമീറ്റർ കവിയും.

ഭൂമണ്ഡലത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഗിരിനിരയെന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നത് മധ്യ അറ്റ്‌ലാന്റിക് റിഡ്‌ജിനെയാണ്. തെക്കേ അമേരിക്കയ്‌ക്കും ആഫ്രിക്കയ്‌ക്കും മധ്യേയായി അറ്റ്‌ലാന്റിക് മഹാസമുദ്രത്തിന് നടുവിൽ ഇംഗ്ലീഷ് അക്ഷരമാലയിലെ ‘സി’ ആകൃതിയിൽ സ്‌ഥിതിചെയ്യുന്ന ഇതിന് പതിനായിരത്തോളം കിലോമീറ്റർ നീളമുള്ളതായി കണക്കാക്കുന്നു.

മടങ്ങിയും വളഞ്ഞും തെളിഞ്ഞും തീ തുപ്പിയും

1. മടക്ക് പർവതങ്ങൾ

സാധാരണയായിക്കാണുന്ന വിഭാഗമാണിത്. ലോകത്തിലെ ഭീമൻ പർവതമെല്ലാംതന്നെ ഇതിൽപ്പെടും. ടെക്‌റ്റോണിക് ഫലകങ്ങൾ രണ്ടെണ്ണം മുഖാമുഖം കൂട്ടിയിടിക്കുമ്പോൾ അവയുടെ പാർശ്വങ്ങൾ മടങ്ങിയുയർത്തപ്പെട്ടാണ് പർവതങ്ങൾ രൂപംകൊള്ളുന്നത്. ഏഷ്യയിലെ ഹിമാലയം, യൂറോപ്പിലെ ആൽപ്‌സ്, ദക്ഷിണ അമേരിക്കയിലെ ആൻഡീസ്, ഉത്തര അമേരിക്കയിലെ റോക്കീസ്, റഷ്യയിലെ യൂറാൾ എന്നീ പർവതനിരകളെല്ലാം ഈ വിഭാഗത്തിൽപ്പെട്ടവയാണ്. ഇന്ത്യാ ഉപഭൂഖണ്ഡം യൂറേഷ്യൻ ഫലകവുമായി കൂട്ടിമുട്ടിയുണ്ടായതാണ് ഹിമാലയൻ പർവതനിരകൾ. പരസ്‌പരാഭിമുഖമായി സാവധാനം ചലിച്ചുകൊണ്ടിരിക്കുന്ന രണ്ടു ഫലകങ്ങളുടെ സമ്മർദം മൂലം ഹിമാലയം ഇപ്പോഴും വളർന്നുകൊണ്ടിരിക്കുന്നു.

International Mountain Day 2020

2. ഫോൾട്ട് ബ്ലോക്ക് പർവതങ്ങൾ / ബ്ലോക്ക് പർവതങ്ങൾ

ഭൂവൽക്കത്തിൽ വിള്ളലുകളുണ്ടാകുമ്പോൾ അന്തർഭാഗത്തുള്ള വൻ ശിലാ ഖണ്ഡങ്ങൾ അവയിലൂടെ പുറത്തേയ്‌ക്ക് തള്ളപ്പെട്ടുണ്ടാകുന്നവയാണിവ. ഉപരിതലം മടക്കുകളായിട്ടല്ലാതെ ഒറ്റപ്പെട്ട ഖണ്ഡങ്ങളായി കാണപ്പെടുന്നു ഇത്തരം പർവതങ്ങൾ. കലിഫോർണിയ (ഉത്തര അമേരിക്ക) യിലെ സിയറാ നെവേദ പർവതങ്ങൾ, ജർമനിയിലെ ഹാർസ് പർവതങ്ങൾ എന്നിവ ഉദാഹരണങ്ങൾ.

3. അർധവൃത്താകാര പർവതങ്ങൾ

ഭൗമാന്തർഭാഗത്തെ ഉരുകിത്തിളയ്‌ക്കുന്ന പാറകൾ (അഥവാ മാഗ്മ) വൻതോതിൽ കുതിച്ചുയർന്ന് മുകളിലുള്ള ഭൗമപാളിയെ ഉയർത്തുന്നതുവഴിയാണ് ഇത്തരം പർവതങ്ങൾ ജന്മമെടുക്കുന്നത്. പാറക്കഷണങ്ങൾ ഉപരിതലത്തോടടുത്തു നിക്ഷേപിക്കുന്ന മാഗ്മ, അന്തർഭാഗത്ത് തണുത്തുറഞ്ഞ് കാഠിന്യമുള്ള പാറയാകും. കാലക്രമത്തിൽ മണ്ണൊലിപ്പുവഴി മൺപാളി നഷ്‌ടപ്പെട്ട് പാറ മാത്രം ഉന്തിനിൽക്കും. ഇവയ്‌ക്ക് ദ്രവീകരണം നടക്കുന്നതുമൂലം , അർധഗോളാകാരത്തിൽ ഉന്തിനിൽക്കുന്ന പാറക്കെട്ടുകൾ ഇവിടങ്ങളിൽകാണാം. അമേരിക്കയിലെ നവാജോ പർവതം ഉദാഹരണം.

4. അഗ്നിപർവതങ്ങൾ

ഭൗമോപരിതലത്തിലെ ദുർബലഭാഗങ്ങളിലുണ്ടാകുന്ന വിള്ളലുകളിലൂടെ ഭൂഗർഭത്തിലെ മാഗ്മ പ്രവഹിച്ച് ഉപരിതലത്തിൽ പരന്ന് ഉറഞ്ഞുണ്ടാകുന്നവയാണിത്തരം പർവതങ്ങൾ. ഇവയിൽ പാറയും ചാരവും ലാവയും മറ്റും അട്ടികളായി ഉറഞ്ഞു കാണപ്പെടും. വടക്കേ അമേരിക്കയിലെ സെന്റ് ഹെലൻസ് പർവതം, ഫിലിപ്പീൻസിലെ പിനാറ്റുബോ ഹവായ് ദ്വീപുകളിലെ മോണാകിയ, മോണാലോവ; ജപ്പാനിലെ ഫ്യൂജിയാമ, ഇക്വഡോറിലെ കോട്ടോപാക്‌സി എന്നിവ ഈ വിഭാഗത്തിൽപ്പെടുന്നു.

5. പീഠഭൂമി പർവതങ്ങൾ

സമുദ്രനിരപ്പിൽനിന്ന് 600 മീറ്ററിലധികം ഉയരത്തിലായി നിരപ്പായിക്കാണുന്ന ഭൂപ്രദേശങ്ങളായ പീഠഭൂമികളിൽ ലക്ഷക്കണക്കിന് വർഷങ്ങളായി നിരന്തരം സംഭവിക്കുന്ന ജലപ്രവാഹവും മണ്ണൊലിപ്പും ദ്രവീകരണവും നിമിത്തം രൂപംകൊള്ളുന്നവയാണ് പീഠഭൂമിപർവതങ്ങൾ. മടക്കുപർവതങ്ങൾക്കിടയിലാണ് സാധാരണ ഇവ കാണപ്പെടുന്നത്. ന്യൂയോർക്കിലെ കാറ്റ്‌സ്‌കിൽ, അഡിരോൻടാക്ക് എന്നീ പർവതങ്ങൾ ഈ ഇനമാണ്.

റെക്കോർഡ് ബുക്കിൽ

*ഭൂമണ്ഡലത്തിലെ ഏറ്റവും വലിയ പർവതത്തിന്റെ മൂന്നിൽ രണ്ടുഭാഗം സമുദ്രത്തിനടിയിലാണുള്ളത്. ഹവായ് ദ്വീപുകളിൽ 5998 മീറ്റർ പസഫിക് സമുദ്രത്തിനടിയിലും 4205 മീറ്റർ ജലനിരപ്പിനുമുകളിലുമായി ഉയരമുള്ള മോണാ കിയ(പ്പന്റഗ്മ*ന്റ ന്ന൹ന്റ).

* എവറസ്‌റ്റ് കരയിലെ ഏറ്റവും ഉയരമുള്ള പർവതം. സമുദ്രനിരപ്പിൽനിന്നുള്ള ഉയരത്തിൽ ഒന്നാമത്

* ചിമ്പൊരാസോ ഭൗമകേന്ദ്രത്തിൽനിന്നു തലപ്പിലേക്കുള്ള ഉയരം കണക്കിലെടുത്താൽ ഒന്നാമത്.

*കാഞ്ചൻജംഗ ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടി (8598 മീറ്റർ ഉയരം).

* ആനമുടി കേരളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി (2695 മീറ്റർ ഉയരം).

ലോകത്തിലെ ശുദ്ധജലത്തിന്റെ വലിയൊരു ശതമാനം പർവതങ്ങളുടെ സംഭാവനയാണ്. പല വലിയ നദികളുടെയും ഉത്ഭവസ്‌ഥാനം പർവതങ്ങളാണെന്ന് അറിയാമല്ലോ. ന്യൂയോർക്ക്, റിയോ ഡി ജനീറോ, ടോക്കിയോ, നെയ്‌റോബി, മെൽബൺ തുടങ്ങിയ വൻ നഗരങ്ങൾ ശുദ്ധജലത്തിനായി പർവതങ്ങളെയാണ് ആ ശ്രയിക്കുന്നത്. കുടിവെള്ളത്തിനും ഇങ്ങു താഴെ കൃഷിഭൂമി നനയ്‌ക്കാനുമൊക്കെ പർവതങ്ങളുടെ സഹായം വേണമെന്നു സാരം. ജലവൈദ്യുതി, സരോർജം, പവനോർജം, ബയോഗ്യാസ് തുടങ്ങിയ പുനരുപയോഗ സാധ്യതയുള്ള ഊ ർജത്തിന്റെ മേഖലയിലും പർവതങ്ങൾക്ക് പ്രധാന പങ്കുണ്ട്. ലോകത്തിലെ പ്രധാന ഭക്ഷണവിഭവങ്ങളിൽപ്പെടുന്ന പല സസ്യയിനങ്ങളും ഉത്ഭവിച്ചത് പർവതങ്ങളിലാണ്. ചോളം, ബാർലി, ഉരുളക്കിഴങ്ങ്, തക്കാളി, ആപ്പിൾ എന്നിവയൊക്കെ ഉദാഹരണങ്ങൾ. തടി,വിറക്, തേൻ,കായ്‌കനികൾ, കൂണുകൾ, സുഗന്ധദ്രവ്യങ്ങൾ, ഔഷധങ്ങൾ തുടങ്ങി പർവതങ്ങളിൽനിന്നു ലഭ്യമാവുന്ന ഉൽപന്നങ്ങൾ നിരവധി.

English Summary: International Mountain Day 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com