ജന്തുലോകത്തിലെ ഏറ്റവും വലിയ മിമിക്രിക്കാർ; വിഷ അണലിയായി ‘മാറുന്ന’ ഭീമന്‍ തവളകൾ!

hese clever toads pretend to be deadly snakes to avoid being attacked
SHARE

ലോകത്തിലെ ഏറ്റവും നീളമുളള വിഷപ്പല്ലുള്ള പാമ്പ് കാണപ്പെടുന്നത് സബ്-സഹാറന്‍ ആഫ്രിക്കയിലെ മഴക്കാടുകളിലാണ്. ഗബൂണ്‍ വൈപ്പര്‍ എന്നറിയപ്പെടുന്ന ഇവയുടെ പല്ലുകളുടെ നീളക്കൂടുതല്‍ കാരണം ലോകത്തിലെ മറ്റേതൊരു പാമ്പിനെക്കാളും കൂടുതല്‍ വിഷം ഉല്‍പാദിപ്പിക്കാനുള്ള ശേഷിയുമുണ്ട്. മനുഷ്യനു കടിയേറ്റാല്‍ കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മരണം ഉറപ്പ്. ഇരകളായ ജീവികളും ഇവയുടെ കടിയേറ്റാല്‍ നിമിഷനേരം കൊണ്ടു ചത്തുവീഴും. എന്നാല്‍ കോംഗോയിലെ മഴക്കാടുകളില്‍ മാത്രം കാണപ്പെടുന്ന കോംഗലീസ് ജയന്റ് ടോഡ് എന്നറിയപ്പെടുന്ന ഭീമന്‍ തവളകള്‍ക്ക് ഈ പാമ്പിനെ ഒട്ടും പേടിയില്ല. വേണമെങ്കില്‍ അവയുടെ സമീപത്തു വരെ ഇവ പോയി നില്‍ക്കും. 

ഈ തവളകളെ കണ്ടു പേടിച്ചൊന്നുമല്ല ഗബൂണ്‍ വൈപ്പറുകള്‍ ആക്രമിക്കാത്തത്. കണ്ടാല്‍ തവളയാണെന്നു മനസ്സിലാകാത്തതു കൊണ്ടാണ്. ജന്തുലോകത്തിലെ ഏറ്റവും വലിയ മിമിക്രിക്കാരിലൊരാളായി മാറിയിരിക്കുകയാണിപ്പോള്‍ കോംഗലീസ് തവളകള്‍. അവ അനുകരിക്കുന്നതാകട്ടെ ഗബൂണ്‍ വൈപ്പറുകളെയും. ലോകത്ത് ആദ്യമായാണ് പാമ്പുകളെ അനുകരിച്ച് ശത്രുക്കളില്‍ നിന്നു രക്ഷപ്പെടുന്ന ഒരു തവളയെ കണ്ടെത്തുന്നത്. എലൈ ഗ്രീന്‍ബോം എന്നറിയപ്പെടുന്ന ഗവേഷകനാണ് തവളയ്ക്ക് ഈ ക്രെഡിറ്റ് ചാര്‍ത്തിക്കൊടുത്തത്. അദ്ദേഹം നടത്തിയ പഠനത്തിലൂടെയാണ് ഈ തവളയുടെ അസാധാരണമായ കഴിവ് ലോകത്തിനു മുന്നിലെത്തുന്നതും. 

കരിയിലകള്‍ക്കിടയില്‍ ഒളിച്ചിരുന്നാണു ഗബൂണ്‍ വൈപ്പറുകള്‍ ഇരപിടിക്കുക. തവിട്ടും കറുപ്പും നിറത്തിലാണ് പാമ്പുകളുടെ തല ഭാഗം. കോംഗലീസ് തവളകളുടെയും നിറം ഏകദേശം അതുപോലെത്തന്നെയാണ്. ശത്രുക്കള്‍ അടുത്തെത്തിയാല്‍ ഇവയുടെ ദേഹം ഗബൂണ്‍ വൈപ്പറുകളുടെ തലയുടെ ആകൃതിയിലാക്കി മാറ്റും. കണ്ണുതാഴ്ത്തി തല ഒതുക്കിയുള്ള ഇരിപ്പു കണ്ടാല്‍ കരിയിലകള്‍ക്കുള്ളില്‍ പതുങ്ങിയിരിക്കുന്ന അണലിയാണെന്നേ തോന്നുകയുള്ളൂ. അവയുടെ തലയിലെ കറുത്ത പുള്ളിക്കുത്തുകള്‍ വരെ അതേപടി തവളയുടെ ദേഹത്തുണ്ട്. കാഴ്ചയില്‍ മാത്രമല്ല ശബ്ദത്തിലും ഇവന്‍ പാമ്പായി മാറും. ഗബൂണ്‍ അണലി ചീറ്റുന്നതു പോലുള്ള ശബ്ദമുണ്ടാക്കാനുള്ള കഴിവുമുണ്ട് കോംഗലീസ് തവളയ്ക്ക്. ആരെങ്കിലും ധൈര്യം സംഭരിച്ച് ഇതിനടുത്തേക്കു വന്നാലും സ്..സ്...സ് ശബ്ദം കേട്ടാല്‍ കണ്ടം വഴി ഓടുമെന്നു ചുരുക്കം. 

പൂര്‍ണമായും പാമ്പിനെപ്പോലെ തോന്നിപ്പിക്കില്ലെങ്കിലും നിലനില്‍പിനു വേണ്ടി കോംഗലീസ് തവള നടത്തുന്ന ശ്രമങ്ങള്‍ ജന്തുശാസ്ത്രകാരന്മാരെ അമ്പരപ്പിച്ചു കളഞ്ഞിരിക്കുകയാണ്. ഗബൂണ്‍ വൈപ്പറല്ലെന്നു തോന്നിയാലും പലപ്പോഴും ശത്രുക്കള്‍ കോംഗലീസ് തവളയോട് അടുക്കാന്‍ അല്‍പം അറയ്ക്കും. ഗബൂണിന്റെ വിഭാഗത്തില്‍പ്പെട്ട മറ്റെന്തെങ്കിലും ആയിരിക്കുമെന്ന ഭയത്താലാണത്. രണ്ടാണെങ്കിലും ഗുണം തവളയ്ക്കു തന്നെയാണ്. Sclerophrys channingi എന്നറിയപ്പെടുന്ന ഇവ നടത്തുന്ന ഈ അനുകരണത്തിന് ബേറ്റ്‌സിയൻ മിമിക്രി എന്നാണു ശാസ്ത്രലോകം നല്‍കിയിരിക്കുന്ന പേര്. വിഷമില്ലാത്ത ഒരു ജീവി വിഷമുണ്ടെന്ന് അനുകരിക്കുന്നതാണിത്. പക്ഷികളും ഉരഗങ്ങളും ഷഡ്പദങ്ങളും ശലഭങ്ങളും പ്രാണികളുമെല്ലാം ഈ തന്ത്രം പയറ്റാറുണ്ട്. എന്നാല്‍ ഒരു തവള വിഷജീവിയായി അഭിനയിക്കുന്നത് ഇതാദ്യമായാണു രേഖപ്പെടുത്തുന്നത്. ഇതിനെപ്പറ്റിയുള്ള വിശദപഠനം നാച്വറല്‍ ഹിസ്റ്ററി ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

English Summary: These clever toads pretend to be deadly snakes to avoid being attacked

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA