നൂറോളം വരുന്ന കാട്ടുപോത്തിൻകൂട്ടം സിംഹത്തെ ആക്രമിച്ചു; ജഡം ചുഴറ്റി എറിഞ്ഞു , ഒടുവിൽ?

Herd of 100+ Buffalo Kill a Lioness
SHARE

കാട്ടുപോത്തുകളുടെ സംഘം ചേർന്നുള്ള ആക്രമണത്തിൽ സിംഹത്തിന് ദാരുണാന്ത്യം. സൗത്ത് ആഫ്രിക്കയിലെ ക്രൂഗർ ദേശീയ പാർക്കിലുള്ള മെസ്റ്റൽ ഡാമിനു സമീപമാണ് സംഭവം നടന്നത്. 26 കാരനായ കൈൽ മിൽസ് ആണ് അപൂർവമായ ദൃശ്യം കണ്ടതും ക്യാമറയിൽ പകർത്തിയതും. ഡിസംബർ 12ന് ഉച്ചതിരിഞ്ഞ് 3 മണിയോടെ സഫാരിക്കിറങ്ങിയതായിരുന്നു ഇവരുടെ സംഘം. സൂര്യാസ്തമനം കാണുകയെന്ന ലക്ഷ്യത്തോടെയാണ് ഇവർ യാത്ര തിരിച്ചത്.

യാത്രയ്ക്കിടയിലാണ് ഇവർ മെസ്റ്റൽ ഡാമിനു സമീപത്തേക്ക് പോകാൻ തീരുമാനിച്ചത്. മുപ്പത് മിനിട്ടോളം അവർ ഡാമിനു സമീപത്ത് ചെലവഴിച്ചു. വെള്ളം കുടിക്കാനായി ധാരാളം മൃഗങ്ങൾ ഇതിന്റെ തീരത്തെത്താറുണ്ട്. സഫാരി വാഹനം അകലെയായി നിർത്തിയിട്ട ശേഷം ബൈനോക്കുലറിലൂടെ നോക്കിയപ്പോൾ സമീപത്തുള്ള മരച്ചുവട്ടിൽ ഒരു പുള്ളിപ്പുലി വിശ്രമിക്കുന്നത് ശ്രദ്ധയിൽപെട്ടു. മൂന്ന് ഇമ്പാലകൾ പുലിയുടെ സമീപത്തുകൂടി കടന്നുപോയതോടെ പുലി വിശ്രമം ഉപേക്ഷിച്ച് അവയ്ക്കു പിന്നാലെ പാഞ്ഞു. പുള്ളിപ്പുലിയുടെ വേട്ട നേരിട്ടു കാണാനായി അച്ഛനേയും മുത്തച്ഛനായും സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തിയപ്പോഴേക്കും ഇമ്പാലകൾ പുള്ളിപ്പുലിക്ക് പിടികൊടുക്കാതെ രക്ഷപെട്ടിരുന്നു. ഇര നഷ്ടപ്പെട്ട സങ്കടത്തിൽ പുലി പഴയ സ്ഥലത്തേക്ക് മടങ്ങിയെത്തുകയും ചെയ്തു.

Herd of 100+ Buffalo Kill a Lioness

ഇതിനു പിന്നാലെയാണ് നൂറോളം വരുന്ന കാട്ടുപോത്തുകളുടെ സംഘം വെള്ളം കുടിക്കാനായി ജലസംഭരണിയുടെ സമീപത്തേക്കെത്തിയത്. മരത്തിനു സമീപം ഇരിക്കുന്ന പുള്ളിപ്പുലിയെ കണ്ട കാത്തുപോത്തുകളിൽ ചിലത് ഉടൻ തന്നെ പുലിയെ ഓടിച്ച് മരത്തിനു മുകളിൽ കയറ്റി. പുള്ളിപ്പുലിയും കാട്ടുപോത്തുകളും തമ്മിൽ എന്തെങ്കിലും തരത്തിലുള്ള ഏറ്റുമുട്ടലുണ്ടാകുമെന്ന പ്രതീക്ഷയിൽ വിനോദസഞ്ചാരികളും അവിടെ തുടർന്നു.

പെട്ടെന്നാണ് അപ്രതീക്ഷിതമായ ചില സംഭവങ്ങൾ അരങ്ങേറിയത്. കാട്ടുപോത്തുകളെ ലക്ഷ്യമാക്കി രണ്ട് പെൺസിംഹങ്ങൾ കുറ്റിച്ചെടികൾക്കിടയിൽ മറഞ്ഞിരുന്നത് ആരുടെയും ശ്രദ്ധയിൽ പെട്ടിരുന്നില്ല. പൊടിപടലങ്ങൾ ഉയരുന്നതും കാട്ടുപോത്തുകൾ ബഹളംകൂട്ടുന്നതും കണ്ട് ശ്രദ്ധിച്ചപ്പോഴാണ് അവ കൂട്ടം ചേർന്ന് സിംഹത്തെ ആക്രമിക്കുയാണെന്ന് മനസ്സിലായത്. ചവിട്ടിക്കൂട്ടിയും കൊമ്പിൽ തൂക്കിയെടുത്തും നിമിഷങ്ങൾക്കകം തന്നെ അവ സിംഹത്തിന്റെ കഥ കഴിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു സിംഹം തലനാരിഴ്ക്കാണ് അവിടെ നിന്നും രക്ഷപെട്ടത്. പൊടിപടലങ്ങൾ ശമിച്ചപ്പോൾ ജീവനറ്റ സിംഹത്തിന്റെ ശരീരം പുറത്തേറ്റി നിൽക്കുന്ന കാട്ടുപോത്തുകളെയാണ് കണ്ടത്. ചവിട്ടിക്കൂട്ടിയ സിംഹത്തിന്റെ ശരീരം പലതവണ കാട്ടുപോത്തുകൾ കൊമ്പിൽ കോർത്ത് ചുഴറ്റിയെറിയുന്നുമുണ്ടായിരുന്നു. എന്നിട്ടും കലിയടങ്ങാത്ത കാട്ടുപോത്തുകൾ സിംഹത്തിന്റെ ശരീരം ഹിപ്പോകൾ നിറഞ്ഞ വെള്ളത്തിൽ ഉപേക്ഷിച്ചു.

Kill Lioness

കാട്ടുപോത്തുകളുടെ പിടിയിൽ നിന്നു രക്ഷപെട്ട സിംഹം അൽപം അകലെയായി മാറിയിരുന്ന് ഇതെല്ലാം കാണുന്നുണ്ടായിരുന്നു. കാട്ടുപോത്തുകൾ അവിടെ നിന്ന് മടങ്ങിയ ശേഷം ആ സിംഹമെത്തി ജീവനറ്റ സിംഹത്തിന്റെ ശരീരത്തിൽ മണത്തുനോക്കുന്നതും ഹിപ്പോകൾ അതിനെ തുരത്തുന്നതും വിനോദസഞ്ചാരികൾ ശ്രദ്ധിച്ചു. സിംഹത്തെ ദാരുണമായി കൊലപ്പെടുത്തിയ സംഭവം വേദനിപ്പിച്ചുവെങ്കിലും ജീവിതത്തിലാദ്യമായാണ് ഇത്രയും വന്യമായ ഒരുകാഴ്ച നേരിൽ കണ്ടതെന്ന് ഇവർ വ്യക്തമാക്കി. ഇവരിൽ പലരും നേരത്തേയും പാർക്ക് സന്ദർശിച്ചിട്ടുള്ളവരാണ്. എന്നാൽ ഇത്രയും വലിയ കാട്ടുപോത്തുകൾ സംഘം ചേർന്ന് സിംഹത്തെ ആക്രമിച്ചു കൊല്ലുന്നത് കണ്ടത് ആദ്യമായിട്ടാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA