തീരത്തടിഞ്ഞത് 15 അടിയോളം നീളമുള്ള കൂറ്റൻ ഓർ മത്സ്യം; ദുരന്ത സൂചനയെന്ന് പ്രദേശവാസികള്‍, ആശങ്ക

Oarfish Found Dead The Day After Earthquake
SHARE

ആഴക്കടലിൽ മാത്രം കാണപ്പെടുന്ന ഓർ മത്സ്യങ്ങൾ അപൂർവമായി മാത്രമേ തീരത്തെത്താറുള്ളൂ. എന്നാൽ കഴിഞ്ഞ മാസം ഫിലിപ്പീൻസിലെ ഹിനുൻദയാൻ തീരത്ത് ജീവനോടെ ഒരു ഓർ മത്സ്യം തീരത്തടിഞ്ഞു. സമീപവാസികളാണ്  തീരത്തടിഞ്ഞ 15 അടിയോളം നീളമുള്ള ഓർ മത്സ്യത്തെ കണ്ടത്. മേഖലയിൽ തലേന്നുണ്ടായ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിനു പിന്നാലെയാണ് പിറ്റേന്ന് ഓർ മത്സ്യം തീരത്തടിഞ്ഞത്. ആളുകള്‍ കണ്ടെത്തുമ്പോൾ മത്സ്യത്തിനു ജീവനുണ്ടായിരുന്നു. ആഴത്തിൽ മുറിവേറ്റ പാടും മത്സ്യത്തിന്റെ ശരീരത്തിലുണ്ടായിരുന്നു. പിന്നീടാണ് ഇതിന്റെ ജീവൻ നഷ്ടപ്പെട്ടത്. വരാനിരിക്കുന്ന പ്രകൃതി ദുരന്തങ്ങളുടെ സൂചനയായിട്ടാണ് ഇവിടുത്തുകാർ ഓർ മത്സ്യത്തിന്റെ വരവിനെ കാണുന്നത്.

കടലിൽ ഏകദേശം 1640 അടിയോളം തഴെയാണ് ഇവ വസിക്കുന്നത്.  എന്തുകൊണ്ടാണ് ഇവ തീരത്തെന്നുന്നതെന്ന കാര്യം ഇപ്പോഴും നിഗൂഢമാണ്. കടൽക്ഷോഭം രൂക്ഷമാകുമ്പോൾ പരുക്കേറ്റാകാം ഇവ തീരത്തെത്തുന്നതെന്നാണ് ഒരു നിഗമനം. ഇരതേടിയാകാം ഇവിടെയെത്തുന്നതെന്ന മറ്റൊരു വാദവുമുണ്ട്. എന്നാൽ ഏറ്റവും പ്രസക്തമായത് മറ്റൊരു വാദമാണ്. ഭൂകമ്പ മുന്നറിയിപ്പുമായാണ് ഇവ തീരത്തെത്തുന്നതെന്ന ജപ്പാൻകാരുടെ വിശ്വാസം. ജപ്പാൻകാരുടെ ഈ വിശ്വാസത്തെ ഏറെ ബലപ്പെടുത്തുന്ന കാര്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഫിലിപ്പീൻസിൽ സംഭവിച്ചതും. ഓർ മത്സ്യത്തെ കണ്ടെത്തുന്നതിന് മുൻപാണ് മേഖലയില്‍ ഭൂകമ്പമുണ്ടായത്. ഇവിടെ നിന്നും 200 കിലോമീറ്റർ മാറി തെക്കൻ പ്രവിശ്യയിലുള്ള ബുട്വാൻ നഗരമാണ്  ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. 

മീനുകളുടെ വരവ് ദുരന്ത സൂചന

സുനാമി പോലുള്ള പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി മനസ്സിലാക്കാൻ കഴിയുന്ന കൂറ്റൻ മത്സ്യങ്ങളാണ് ഓർ മത്സ്യങ്ങൾ.  വരാനിരിക്കുന്ന വൻ ഭൂകമ്പത്തിന്റെ സൂചനയാണിതെന്നാണ് ജപ്പാൻകാരുടെ നിഗമനം.ഉൾക്കടലിൽ കാണപ്പെടുന്ന മത്സ്യങ്ങളാണ് ഓർ മത്സ്യങ്ങൾ. പൊതുവെ ഭൂകമ്പ ഭീഷണിയുടെ നിഴലിൽ ജീവിക്കുന്ന ജപ്പാൻകാർക്ക് മീനുകളുടെ വരവ് ദുരന്തസൂചനയാണു നൽകുന്നത്.

ഭൂമിയിലെ നേരിയ ചലനങ്ങൾ പോലും മനസ്സിലാക്കാൻ കഴിവുള്ള ജീവികളാണ് ഓർ മത്സ്യങ്ങൾ. സാധാരണയായി ഭൂകമ്പവും സുനാമിയും പോലുള്ള ദുരന്തങ്ങൾക്കു മുന്നോടിയായി ഓർമത്സ്യങ്ങൾ തീരത്തടിയുമെന്നാണ് ജപ്പാൻകാരുടെ വിശ്വാസം. ഇവരുടെ വിശ്വാസത്തിന് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ലെങ്കിലും ഇതു ബലപ്പെടാൻ കാരണം 2011ൽ ഫുകുഷിമയിലുണ്ടായ ഭൂകമ്പമാണ്. അന്ന് പതിനയ്യായിരത്തിലധികം ആളുകൾക്കാണ് ദുരന്തത്തിൽ ജീവൻ നഷ്ടമായത്. ഈ ദുരന്തത്തിനു മുന്നോടിയായും ഒരു ഡസനോളം ഓർ മത്സ്യങ്ങൾ ജപ്പാൻ തീരത്തടിഞ്ഞിരുന്നു.

ഫെബ്രുവരി ആദ്യവാരമാണ് പത്തടിയോളം നീളമുള്ള ഓർ മത്സ്യം തൊയാമ ബീച്ചിലടിഞ്ഞത്. ഇമിസു തുറമുഖത്തും മീൻപിടിത്തക്കാരുടെ വലയിൽ കുരുങ്ങിയ നിലയിൽ ഓർ മത്സ്യത്തെ കണ്ടെത്തിയിരുന്നു. ഇതിന് ഏകദേശം പതിമൂന്നു അടിയോളം നീളമുണ്ടായിരുന്നു. പാമ്പിനോടു സാമ്യമുള്ള കൂറ്റൻ ഓർ മത്സ്യങ്ങൾക്ക് ഇരുപത് അടിയിലധികം നീളം വയ്ക്കാറുണ്ട്. ആഴക്കടലിലാണ് ഇവയുടെ വാസം. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 660 മുതൽ 3280 അടിവരെ ആഴത്തിലാണ് ഇവ കാണപ്പെടാറുള്ളത്.വെള്ളി നിറത്തിൽ തിളങ്ങുന്ന ശരീരവും ചുവപ്പു നിറത്തിലുള്ള ചിറകുമാണ് ഇവയ്ക്കുള്ളത്.

ജപ്പാനിൽ നമാസു എന്നാണ് ഓർ മത്സ്യങ്ങൾ അറിയപ്പെടുന്നത്. കടൽ രാജാവിന്റെ കൊട്ടാരത്തിലെ ദൂതൻമാരാണ് ഈ മത്സ്യങ്ങളെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. സുനാമിയോ ഭൂകമ്പമോ പോലെയുള്ള ദുരന്ത സൂചനയുമായാണ് ഈ മത്സ്യങ്ങൾ കരയിലേക്കെത്തുന്നത്.സമാനമായ രീതിയിൽ ലോകത്തിന്റെ പല ഭാഗങ്ങളിലും ഓർ മത്സ്യങ്ങളെ കണ്ടെത്തിയിട്ടുണ്ട്. 2015ൽ കലിഫോർണിയയിലെ സാന്റാ കാറ്റലീന ദ്വീപിൽ ജീവനോടെ ഓർ മത്സ്യം തീരത്തടിഞ്ഞിരുന്നു.

ഓർ മത്സ്യങ്ങളിൽ തന്നെ മൂന്നു വിഭാഗമുണ്ട്. അതിൽ ഏറ്റവും വലുതാണ് ജപ്പാൻകാരുടെ മരണ ദൂതൻമാരായ ഓർ മത്സ്യങ്ങൾ. ചെറിയ മത്സ്യങ്ങളും കൊഞ്ചുകളും ജെല്ലി ഫിഷുകളുമൊക്കെയാണ് ഇവയുടെ ആഹാരം. ആഴക്കടലിൽ വസിക്കുന്ന ഇവ തീരത്തെത്തുന്നതും അപൂർവമാണ്. ആഗോളതാപനവുമായി ബന്ധപ്പെട്ടു കടലിലുണ്ടായ മാറ്റങ്ങളാവാം ആഴക്കടലിലുള്ള ഓർ മത്സ്യങ്ങൾ തീരത്തടിയാൻ കാരണമെന്നാണ് ഗവേഷകരുടെ നിഗമനം. എന്നാൽ ഫിലിപ്പീൻസ് തീരത്തുണ്ടായ ഭൂകമ്പവും ഓർ മത്സ്യത്തിന്റെ വരവും തമ്മിൽ ബന്ധിപ്പിച്ചാൽ എന്തൊക്കെയോ നിഗൂഢതകൾ ശാസ്ത്രത്തിനും അതീതമായി സംഭവിക്കുന്നില്ലേയെന്നാണ് ഉയരുന്ന ചോദ്യം.

English Summary: Oarfish Found Dead The Day After Earthquake

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA