ADVERTISEMENT

പാമ്പെന്ന് കേൾക്കുന്നതേ പേടിയാണ്. അപ്പോൾ എട്ടടിയിലധികം നീളമുള്ള ഒരു പെരുമ്പാമ്പിനെ അപ്രതീക്ഷിതമായി വീടിനുള്ളിൽ കണ്ടെത്തിയാലോ? അത്തരമൊരു സംഭവത്തിന്റെ ദൃശ്യമാണ് ഇപ്പോൾ തായ്‌ലൻഡിൽ നിന്നു പുറത്തു വരുന്നത്. വീട്ടുടമസ്ഥനായ ലബ്സനിത് പുറത്തുപോയി മടങ്ങി വന്നപ്പോൾ വീട് ആകെ അലങ്കോലമായി കിടക്കുന്നതാണ് കണ്ടത്. തുടർന്ന് നടത്തിയ തിരച്ചിലിൽ വമ്പൻ പെരുമ്പാമ്പിനെ മുറിക്കുള്ളിൽ കണ്ടെത്തുകയായിരുന്നു.

വീട്ടുടമസ്ഥൻ തന്നെയാണ് പെരുമ്പാമ്പിന്റെ ദൃശ്യങ്ങൾ പകർത്തിയത്. ഡിസംബർ 10 നായിരുന്നു സംഭവം. വീടിനു മുകളിൽ എങ്ങനെയോ എത്തിയ പാമ്പ് സീലിങ് തകർത്ത് മുറിക്കുള്ളിലേക്ക് പതിക്കുകയായിരുന്നു. മുറിക്കുള്ളിലെ കസേരകളും മേശകളും എല്ലാം തട്ടിത്തെറിപ്പിച്ച നിലയിലാണ്. മേശയുടെ മുകളിൽ വച്ചിരുന്ന പ്ലേറ്റുകൾ അടക്കമുള്ള വസ്തുക്കൾ പാമ്പ് ഇഴഞ്ഞു നീങ്ങുന്നതിനിടെ താഴെ വീണു തകർന്നിരുന്നു. ആൾ പെരുമാറ്റം ശ്രദ്ധയിൽപെട്ടതോടെ പാമ്പ് ഭിത്തിയിലൂടെ ഇഴഞ്ഞ് പുറത്തേക്ക് പോകാൻ ശ്രമിക്കുന്നതും ദൃശ്യത്തിൽ  കാണാം. ഇത്രയധികം വലുപ്പമുള്ള പാമ്പിനെ കണ്ടു ഭയന്ന വീട്ടുകാർ  ഉടൻതന്നെ രക്ഷാപ്രവർത്തകരെ വിളിച്ചു വരുത്തി.

സുരക്ഷാ ജീവനക്കാർ സ്ഥലത്തെത്തി പാമ്പിനെ പിടിക്കാൻ ശ്രമിക്കുന്ന രംഗങ്ങളും വിഡിയോയിൽ പകർത്തിയിട്ടുണ്ട്. അലമാരയ്ക്ക് പിന്നിൽ മറഞ്ഞ പെരുമ്പാമ്പിന്റെ വലുപ്പം കണ്ട് അക്ഷരാർത്ഥത്തിൽ സുരക്ഷാജീവനക്കാരും ഭയപ്പെട്ടു. നാല് പേർ ചേർന്ന് ഏറെ നേരത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് പാമ്പിനെ പിടിക്കാൻ സാധിച്ചത്.എന്നാൽ ജീവനക്കാർ കരുതിയിരുന്ന ബാഗിനുള്ളിൽ കൊള്ളാവുന്നതിലുമധികം വലുപ്പമാണ് പാമ്പിനുണ്ടായിരുന്നത്. പിന്നീട് ബലമേറിയ കമ്പി ഉപയോഗിച്ച് അതിൽ  പാമ്പിനെ ചുറ്റിയ ശേഷം ബാഗിലേക്ക് കടത്തുകയായിരുന്നു.

സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ദൃശ്യങ്ങൾ പതിനായിരക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു. ഏറെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ എന്നാണ് പ്രതികരണങ്ങൾ .വിഡിയോ കണ്ട ശേഷം വീടിനുള്ളിൽ കിടന്നുറങ്ങാൻ തന്നെ ഭയമാകുന്നുവെന്നും പലരും പ്രതികരിക്കുന്നുണ്ട്.

English Summary: Man returns home to find a broken ceiling, and huge python that caused it

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com