ADVERTISEMENT
njured Monitor Lizard Found In Muthanga Wildlife Sanctuary

മഞ്ഞണിഞ്ഞ, മരങ്ങള്‍ക്കിടയിലെ മണ്‍റോഡില്‍ അവിടവിടെയായി ആന പിണ്ഡം കിടക്കുന്നുണ്ട്. അതിരാവിലെ തുടങ്ങിയ യാത്രയാണ്. പതിവിന് വിപരീതമായി കിളിക്കളുടെ ശബ്ദം പോലും കുറഞ്ഞത് പോലെയുണ്ട്. രാവിലെയായിട്ടും സാധാരണയുള്ള മൃഗങ്ങളുടെ ചലനം പോലും അനുഭവിക്കാന്‍ ആവുന്നില്ല. പക്ഷെ കാട് എന്തെങ്കിലും കരുതിക്കാണും.

njured Monitor Lizard Found In Muthanga Wildlife Sanctuary

മുത്തങ്ങയില്‍ സാധാരണഗതിയില്‍ ആന, മാന്‍, കാട്ടുപോത്ത് , മയില്‍, കഴുകന്‍, പിന്നെ , കടുവ എന്നിങ്ങനെ മൃഗങ്ങളെ കാണാന്‍ സാധിക്കുന്നതാണ്. (ലിസ്റ്റ് അപൂര്‍ണമാണ്). ഏകദേശം  7 മണിയായി. റോഡില്‍ ആനപി‍ണ്ഡമാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ശ്രദ്ധിച്ചപ്പോള്‍ മനസിലായി , അത് ഒരു ഉടുമ്പ്  (monitor lizard )അനങ്ങാതെ കിടക്കുകയാണ്. വാഹനം നിര്‍ത്തി നോക്കുമ്പോള്‍ അത് ശരീരം അനക്കാതെ, തളര്‍ന്ന അവസ്ഥയില്‍ കിടക്കുകയാണെന്ന് മനസിലായി. ഞങ്ങള്‍ പതിയെ വാഹനത്തില്‍ നിന്നും ഇറങ്ങി ഉടുമ്പിന്റെ അടുത്തെത്തി.

njured Monitor Lizard Found In Muthanga Wildlife Sanctuary

വളരെ ദയനീയമായ കാഴ്ചയായിരുന്നുവത്. വായയുടെ മുകള്‍ഭാഗം, മൂക്കുള്‍പ്പടെ തകര്‍ന്ന്, ഇടതുവശത്തെ കണ്ണ് നഷ്ടപ്പെട്ട ഒരു യോദ്ധാവ്. ഞങ്ങളെ അടുത്ത് കണ്ടപ്പോള്‍ വലുതായി ശ്വാസം വിട്ടു. ഞങ്ങള്‍ ശത്രുക്കളാണ്, അതിനാല്‍ ഞാന്‍ വീണ്ടും യുദ്ധത്തിന് തയ്യാറെടുക്കകയാണ് എന്ന ശരീരഭാവത്തോടെ , വലുതായി ശ്വസമെടുത്ത് വീണ്ടും അത് പഴയ രീതിയില്‍ കിടന്നു. ഞങ്ങളുടെ വാഹനത്തിന് മുന്നോട്ട് പോവണമെങ്കില്‍ ഉടുമ്പിനെ റോഡില്‍ നിന്നും സൈഡിലേക്ക് മാറ്റണം. പതിയെ ഒരു മരകഷണം എടുത്ത് ഉടുമ്പിനെ തള്ളി മാറ്റി. സത്യത്തില്‍ ശരിയായി അനങ്ങാനാവാത്ത തരത്തില്‍ ആയിരുന്നു ഉടുമ്പിന്റെ അവസ്ഥ.

Vultures

പെട്ടന്നാണ് കൂടെയുള്ള ഡോ. വിജയലക്ഷമി, എന്തുകൊണ്ട് അല്‍പം വെള്ളം ഉടുമ്പിന് കൊടുത്തൂടാ എന്ന് ചോദിച്ചത്. കാരണം ആ ഉടുമ്പിന് വാ തകര്‍ന്നതുമൂലെം സ്വാഭവികമായും ഭക്ഷണം കഴിക്കാന്‍ സാധിക്കുകയില്ല. ആ ഭാഗത്ത് വെള്ളവുമില്ല. അങ്ങനെ കയ്യില്‍ ഉണ്ടായിരുന്ന കുപ്പിവെള്ളം പതിയെ ഉടുമ്പിന്റെ വായില്‍ ഒഴിച്ചുകൊടുത്തു. ആദ്യം പുള്ളിക്കാരന്‍ മടി കാണിച്ചെങ്കിലും, പിന്നീട് പതിയെ ഞങ്ങള്‍ കൊടുത്ത വെള്ളം മുഴുവന്‍, ഏകദേശം 500-600 മില്ലി , അത് കുടിച്ചു. ഒരുപക്ഷേ, ഉടുമ്പ് മറ്റൊരു ഉടുമ്പുമായി ഏറ്റുമുട്ടിയപ്പോള്‍ സംഭവിച്ച അപകടമാവാം, അല്ലെങ്കില്‍ പുള്ളിപുലി , കാട്ടുനായ എന്നിവ ആക്രമിച്ചതാവും. എന്തായാലും, ഞങ്ങള്‍ തിരികെ വരുമ്പോഴും, അനങ്ങാതെ കിടക്കുന്ന ഉടുമ്പിനെ ഒന്ന് കൂടെ തിരിഞ്ഞ് നോക്കി. പ്രകൃതി നിലനിൽക്കുന്നത് ചില കര്‍ശന വ്യവസ്ഥകളിലൂടെയാണെന്ന് ഉറക്കെ പറഞ്ഞു.

അത് മാത്രമായിരുന്നില്ല ഞങ്ങള്‍ക്ക് കാട് നൽകിയ സമ്മാനം. ഏകദേശം  30 കഴുകന്‍മാര്‍ (indian vulture) തിരികെ പോരുമ്പോള്‍ ഞങ്ങളെ കാത്തുനിൽക്കുന്നത് പോലെ അവിടെ ഉണ്ടായിരുന്നു. ഏകദേശം പത്ത് മിനിറ്റ് കഴുകന്‍മാരുടെ ചലനങ്ങള്‍ ശ്രദ്ധിച്ച് അവിടെ നിന്നു. മുത്തങ്ങയിലെ വൈല്‍ഡ് ലൈഫ് സാങ്ച്വറി ഞങ്ങള്‍ക്ക് നല്ല ഒരു പുതുവര്‍ഷമാണ് ആശംസിച്ചത് . കാട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ പതിവില്ലാത്ത സന്തോഷം, കാരണം സാധാരണഗതിയില്‍ ആനയെയും, കാട്ടുപ്പോത്തിനെയൊക്കെ കണ്ടില്ലെങ്കില്‍ വിഷമം വരാറുണ്ട് , എന്നാല്‍ ഇന്നങ്ങനെയല്ലായിരുന്നു.

English Summary: Injured Monitor Lizard Found In Muthanga Wildlife Sanctuary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com