ADVERTISEMENT

കഴിഞ്ഞവർഷത്തെ ഏറ്റവും ചിരി പടർത്തിയ ജന്തുലോക വിശേഷങ്ങളിലൊന്നായിരുന്നു സഞ്ചാരികളെ ചീത്തവിളിക്കുന്ന തത്തകളുടെ കഥ. ബ്രിട്ടനിലെ ഫ്രിസ്ക്നിയിലുള്ള ലിങ്കൺഷയർ വന്യജീവി പാർക്കിലായിരുന്നു സംഭവം. ഓഗസ്റ്റിലാണ് ആഫ്രിക്കൻ ഗ്രേ വിഭാഗത്തിൽ പെട്ട അ‍ഞ്ച് ചാര തത്തകളെ പാർക്ക് അധികൃതർ ഏറ്റെടുത്തത്. എറിക്, ജേഡ്, എൽസി,ടൈസൻ, ബില്ലി എന്നിങ്ങനെയായിരുന്നു ഇവരുടെ പേരുകൾ. 5 വ്യത്യസ്ത ഉടമസ്ഥരുടെ അടുക്കൽ നിന്ന് എത്തിയവരായിരുന്നു ഇവർ.  കോവിഡ് കാലമായതിനാൽ പാർക്കിലെത്തിച്ച് കുറച്ചുദിവസം ക്വാറന്റീനിലിരുത്തി. ആ കാലഘട്ടത്തിൽ എല്ലാവരും കൂട്ടിൽ നല്ല സംസാരവും പെരുമാറ്റവുമൊക്കെയായിരുന്നു. ‘ആഹാ,എത്ര നല്ല ഭംഗിയുള്ള തത്തകൾ’ അടക്കവും ഒതുക്കവും പ്രകടിപ്പിച്ച് ചിറകുമൊതിക്കിയിരുന്ന തത്തകളെ നോക്കി പാർക്ക് അധികൃതർ പറഞ്ഞു.

തുടർന്ന് ഇവയെ നല്ലൊരു സമയം നോക്കി പ്രധാന പക്ഷി കേന്ദ്രത്തിലേക്കു മാറ്റി. അതോടെയാണു പണി പാളിയത്. വരുന്നവരെയും പോകുന്നവരെയുമൊക്കെ തത്തകൾ ചറപറാ ചീത്ത വിളിക്കാൻ തുടങ്ങി. പലരും കേട്ടാലറയ്ക്കുന്ന നല്ല ഒന്നാന്തരം ഇംഗ്ലിഷ് പച്ചത്തെറി. അരുമയായി കൊണ്ടുവന്ന തത്തകളുടെ തനി സ്വഭാവം കണ്ട് പാർക്ക് അധികൃതർ മിണ്ടാട്ടം മുട്ടി നിന്നു. എന്തു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് അന്വേഷണം നടത്തിയ അവർക്ക് ഒന്നും മനസ്സിലായില്ല. തത്തകളിൽ ഏതെങ്കിലും ഒന്നിന്റെ ഉടമസ്ഥൻ പക്ഷിയെ ചീത്ത വാക്കുകൾ പഠിപ്പിച്ചിരിക്കാമെന്നും കൂട്ടിൽ ഒരുമിച്ചുണ്ടായിരുന്ന സമയത്ത് തത്തകൾ ഇതെല്ലാം കേട്ടുപഠിച്ചിരിക്കാം എന്നുമായിരുന്നു പാർക്ക് അധികൃതരുടെ നിഗമനം.

അഞ്ചു തത്തകളില്‍ ആരെങ്കിലും ഒരാളാണ് തെറിവിളിക്കുക. വിനോദ സഞ്ചാരികളും മറ്റുള്ളവരും പക്ഷിക്കൂടുകൾക്കരികിലേക്ക് എത്തുമ്പോഴാണ് ഇവ തുടങ്ങുക. ചിറകുകൾ ഒക്കെ വീശി ഗുണ്ടകളെ പോലെയുള്ള ആംഗ്യവിക്ഷേപത്തോടെ ഒരു പക്ഷി തെറിവിളിക്കുമ്പോൾ മറ്റുള്ളവർ ആർത്താർത്ത് ചിരിക്കും. പാർക്കിലെത്തിയവർ പൊടുന്നനെയുള്ള ഈ തെറിവിളി കേട്ട് ഞെട്ടിത്തരിച്ച് നിൽക്കും. ഇതു കാണുമ്പോൾ തത്തകൾക്ക് കൂടുതൽ രസം കയറുമെന്നും ഇവ കൂടുതൽ താൽപര്യത്തോടെ തെറിവിളി തുടരുമെന്നും പാർക്ക് അധികൃതർ പറയുന്നു. തത്തകളുടെ ഈ വികൃതി പലരും കുസൃതിയായിട്ടെടുത്തെങ്കിലും മറ്റു ചിലർ ശക്തമായ ഭാഷയിൽ പ്രതികരിച്ചു. കുട്ടികളും മറ്റും വരുന്ന പാർക്കിൽ തത്തകളുടെ ഇമ്മാതിരി തോന്ന്യാസം അനുവദിക്കരുതെന്ന് അവർ ആവശ്യപ്പെട്ടു. ഇതോടെ പാർക്ക് അധികൃതർ സമർദത്തിലായി.

വേറൊരു പ്രശ്നം കൂടിയുണ്ടായിരുന്നു. ഈ തെറിവിളി ടീമിനൊപ്പം 250 വേറെ തത്തകളുമുണ്ടായിരുന്നു.ഇവരുടെ സംഭാഷണം മറ്റു തത്തകൾ കേട്ടുപഠിച്ചാൽ? തെറിയോടു തെറിയായിരിക്കും പിന്നെ. ഇതു ചിന്തിച്ച പാർക്കിന്റെ ചീഫ് എക്സ്ക്യൂട്ടീവ് സ്റ്റീവ് നിക്കോൾസിനു വട്ടു പിടിച്ചു. അഞ്ചെണ്ണത്തിനെയും ഉടനടി ആളുകൾ വരുന്നിടത്തു നിന്നു മാറ്റാൻ അദ്ദേഹം ഓർഡർ നൽ‌കി.സെപ്റ്റംബറിൽ ഇതു നടപ്പാക്കി. ‌എന്നാൽ ഇപ്പോൾ പക്ഷികളെ വീണ്ടും ആളുകൾക്ക് സന്ദർശിക്കാവുന്ന സ്ഥലത്ത് കൊണ്ടുവരാന‌ുള്ള തീരുമാനം ആയിട്ടുണ്ട്.

പാർക്കിലെ പക്ഷികളുടെ വാസസ്ഥലത്തിന് അടുത്ത് ഒരു പ്രത്യേക മേഖലയിലാകും ഇവയുടെ കൂടുകൾ സ്ഥാപിക്കുക.അങ്ങോട്ടേക്ക് പൊതുജനങ്ങൾക്കു പ്രവേശനമുണ്ടാകും. പക്ഷേ ഒരു മുന്നറിപ്പ് ബോർഡ് കൂടുകളുടെ മുന്നിലുണ്ടാകും.‘തെറി കേൾക്കാൻ സാധ്യതയുണ്ട്, സൂക്ഷിക്കുക’ എന്നാകും ബോർഡിലെ വരികൾ. ലിങ്കൺഷയറിലെ തത്തകൾ ഇടയ്ക്കിടെ വാർത്തകളിൽ നിറയാറുണ്ട്. കഴിഞ്ഞ വർഷം തുടക്കത്തിൽ ചിക്കോ എന്ന തത്ത പ്രശസ്ത പോപ്പ് താരം ബിയോൺസെയുടെ ‘ഇഫ് ഐ വേർ എ ബോയി’ എന്ന പാട്ടു പാടിയതിന്റെ വിഡിയോ വൈറലായിരുന്നു. ചിക്കോയ്ക്കിപ്പോൾ ഒരു ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജൊക്കെയുണ്ട്.

English Summary: Five naughty parrots temporarily removed from Lincolnshire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com